വിഷ കന്യക 31

അവൾ വിളക്കെടുക്കാൻ പോലും മറന്ന് പുറത്തേ കോടിയിറങ്ങി… മുറിയിൽ കയറി…. കിതപ്പോടെ കട്ടിലിലേക്കിരുന്നു.’.

ഈശ്വരാ…ന്താ.പ്പോ… ഈ ഒരു കാഴ്ച, ഇത്ര നാളായും ഒന്നിനെ പോലും പുറത്ത് കണ്ടിട്ടില്യ.. ഇനി എന്തേലും ദു:സൂചനയാകുമോ…..നാഗത്താരേ….. അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്തുവെങ്കിൽ പൊറുക്കണേ….. അവളുടെ മനമുരുകി…

തത്കാലം മുത്തശ്ശിയെ അറിയിക്കണ്ട പിന്നെ അത് മതിയാകും….. അവൾ കരുതി.
അന്നവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, കണ്ണടയുമ്പോൾ തെളിയുന്നത് നീലച്ച വിഷപ്പുക തെറിപ്പിച്ച് ഫണമുയർത്തി നിൽക്കുന്ന കരിനാഗം മാത്രം……

പിറ്റേന്ന് പതിവില്ലാതെ അവൾ കിഷോറിനെ വിളിച്ചു….. എന്താ ദേവൂട്ടീ… പതിവില്ലാതെ….

അവൾ നടന്ന സംഭവം അവനോട് പറഞ്ഞു….

എന്റെ ദേവു, വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട, കാടുപിടിച്ച് കിടക്കുന്നതല്ലേ പോരാത്തതിന് ചൂടും.. തണുപ്പ് തേടിയിറങ്ങിയതാവും…. നീയെന്തായാലും സൂക്ഷിച്ച് പോയാൽ മതി, കൈയ്യിലെന്തേലും കരുതിക്കോ….

ആ മറുപടിയിൽ അവൾ തൃപ്തയായില്ല…. എന്തോ സംഭവിക്കാൻ പോകുന്നുവെന്ന ചിന്ത അവളിൽ അസ്വസ്ഥത പടർത്തി..വിളക്ക് വയ്ക്കുമ്പോഴെല്ലാം ഭയത്തോടെ അവൾ ചുറ്റും നോക്കിയിരുന്നുവെങ്കിലും പിന്നീട് ആ നാഗത്തെ കണ്ടില്ല…

ന്താ… കുട്ട്യേ… കുറച്ചീസായീലോ മുഖത്തൊരു വാട്ടം..ന്താ… ണ്ടായേ…. ശങ്കരിയമ്മ ചോദിച്ചു.

ഒന്നൂല്യമുത്യേ….ഒക്കെ തോന്നണതാ അവൾ ചിരിയോടെ അവരെ ആശ്വസിപ്പിച്ചു കൊണ്ട് വിളക്കുമായി നാഗത്തറയിലേക്ക് നടന്നു…. വിളക്ക് കൊളുത്തി കൈകൂപ്പുമ്പോഴാണ് വീണ്ടും കാൽച്ചുവട്ടിൽ അനക്കം അറിഞ്ഞത്…. ഇത്തവണ അവൾ ഭയന്നില്ല പകരം തിരിഞ്ഞു നിന്നു… ആ നാഗം തന്നെ, കാൽച്ചു’വട്ടിൽ….

നാഗത്താരേ…. ന്തിനാ.. ഇങ്ങനെ പരീക്ഷിക്കണേ…. ന്ത് തെറ്റാ ഞാൻ ചെയ്തേ, നിത്യോം വിളക്ക് വച്ച് നിനക്ക് നൂറുംപാലും തരണ എന്നെ എന്തിനാ ഇങ്ങനെ പേടിപ്പിക്കുന്നേ… അവൾ തൊഴുകൈയോടെ ചോദിച്ചു..

അതിനു മറുപടിയെന്ന പോലെ ആ നാഗം ഫണമൊന്ന് താഴ്ത്തി… വീണ്ടും ഉയർത്തിപ്പിടിച്ചു.അവളെ ഉറ്റുനോക്കി… അത് എന്തോ തന്നോട് പറയുന്ന പോലെ ദേവു വിന് തോന്നി… നോക്കി നിൽക്കേ, തന്റെ ശരീരം ഒരു തൂവൽ പോലെ ഭാരമില്ലാതെയാവുന്നതും, കണ്ണുകളിൽ മയക്കം പടരുന്നതും അവളറിഞ്ഞു.

ദേവൂ…. ദേവൂ….. പരിചയമില്ലാത്ത ശബ്ദം.. ദേവു കണ്ണുകൾ തുറന്നു.. കരിനാഗ നിറമുള്ള ഒരു രൂപം….

പേടിക്കണ്ട, ഞാൻ ഉപദ്രവിക്കാൻ വന്നതല്ല… ഭയത്തോടെ എഴുന്നേൽക്കാൻ തുനിഞ്ഞദേവുവിന്റെ സമീപത്തേക്ക് ആ രൂപം നിന്നു…

ന്നെ, മനസ്സിലായില്ലേ…. നീ, നിത്യം വിളക്ക് വയ്ക്കണ നാഗത്താരെ.. നിനക്ക് മനസ്സിലാവണില്ലേ… പേടിക്കേണ്ട ദേവൂ… ഞാൻ എത്ര നാളായി നിന്റെ സമീപത്തെത്താൻ കാത്തിരിക്കണൂ… അതവളെ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു…. ദേവുവിന് ഒന്നും മനസ്സിലായില്ല….

വർഷങ്ങളായി കുട്ട്യേ….. ന്റെ വിളക്ക് മുടങ്ങി ഞാനിതിനുളളിൽ അറിയാത്ത അപരാധ മേറ്റ്, നിസ്സഹായനായി വാഴണൂ…. ദേവൂനറിയോ… എത്രയെത്ര കണ്ണീരാ ഈ തറയിൽ ന്റെ മേലെ വീണിരിക്കണേന്ന്…. ഒന്നിനും ഞാൻ കാരണല്ലാ കുട്ട്യേ…. ന്നിട്ടും, ഓരോ ദുർമരണോം ന്റ പേരിൽ എഴുതി വയ്ക്കപ്പെട്ടു… ആ രൂപത്തിൽ നിന്ന് കണ്ണുനീരൊഴുകുന്ന പോലെ ദേവു വിന് തോന്നി.

നാഗത്താരല്ല കാരണമെങ്കി പിന്നെ…ന്താ. കാരണം? എത്ര ജന്മങ്ങളാഈ കാവിൽ അങ്ങേയ്ക്ക് ഒരു നേരം തിരി തെളിച്ചതിന്റെ പേരിൽ ഒടുങ്ങിയത്… അവൾ ചോദിച്ചു..