വനിതാ കമ്മീഷന്‍ 2136

“നോ…” അറിയാതെ എന്റെ തൊണ്ടയിൽ നിന്നും അരുതേ എന്നൊരു സ്വരം പുറത്തുവന്നു.. എൻ്റെ മുഖത്തെ ഭാവം കണ്ടിട്ടാവണം അവർ ആകെ പരിഭ്രമിച്ചു, നെറുകയുടെ വലത്ത് നിന്നൊരു കൊളുത്തിവലിയ്ക്കൽ. സ്‌കൂളിൽ പഠിച്ചിരുന്ന കാലത്തുണ്ടായിരുന്ന ചെന്നിക്കുത്തൽ പോലെ.

“മാഡം”, അവർ വിളിച്ചു. “അയാളെ പോലീസ് കൊണ്ട് പോയി. നീതി കിട്ടാനായി ഇങ്ങോട് വരാൻ മോളെ ചികിസിക്കുന്ന ഡോക്ടർമാരാണ് പറഞ്ഞത്”.

“നിങ്ങളുടെ കൂടെ ഞാനും ഹോസ്പിറ്റലിലേക് വരാം”. മേശവലിപ്പ് തുറന്ന് ഹാൻഡ് ബാഗെടുത്ത് തോളിലിട്ട് ധൃതിയിൽ ഞാൻ പുറത്തേയ്ക്കിറങ്ങി.

“വരൂ ശാരദ. നമുക്ക് എന്റെ കാറിൽ പോകാം”.

ഹോസ്പിറ്റലിലേക് ഉള്ള യാത്രയിൽ ഒരു അമ്മയുടെ മനസുപോലെ എന്റെ മാറുചുരന്നു. പുറത്ത് പതിയെ പെയ്തുതുടങ്ങിയ തുലാമഴ കനത്തുതുടങ്ങി. എന്റെ വിതുമ്പലുകൾ മഴയുടെ ഇരമ്പലിനൊപ്പം അലിഞ്ഞില്ലാതായി.  ഇങ്ങനെ ഒരു കൂടിക്കാഴ്ച എനിക്ക് എന്തിന് തന്നു. എന്റെ മോൾ അറിയാത്ത പ്രായത്തിൽ ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തമോ? അതോ ആ ചോരക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിക്കാതെ തള്ളിക്കളഞ്ഞതിനു തന്ന ശിക്ഷയോ? ഇല്ല,  ഇനി എന്റെ മോളെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. അവളെ ഞാൻ ചേർത്ത് പിടിക്കും, എന്റെ മോൾ ആയിട്ട്. അവളുടെ സ്വന്തം അമ്മയിപ്പോൾ ഭർത്താവും മക്കളുമൊത്ത് സ്വസ്ഥമായി ജീവിക്കുന്നുണ്ട്. അവൾക്ക് ഒരു ശല്യമാകാതെ എന്റെ കുഞ്ഞിനെ ഞാൻ ചേർത്ത് പിടിക്കും. ഇനി ഉള്ള കാലത്തേയ്ക്ക് എനിക്ക് കൂട്ടായി അവൾ ഉണ്ടാവും.  അവളുടെ ശരീരവും മനസും നേരിട്ട മുറിവുകൾ മായ്ക്കാനായാൽ ഞാൻ അവളോട് ചെയ്ത എല്ലാ തെറ്റുകൾക്കുമുള്ള പ്രായശ്ചിയത്തമാവും ഇനിയുള്ള എന്റെ ജീവിതം.

ഹോസ്പിറ്റലിൽ എത്തി വാർഡിലേക് നടക്കുമ്പോൾ എന്റെ കാലുകൾക്കു പതിവിലേറെ വേഗത കൂട്ടിയതുപോലെ എനിക്കു തോന്നി.

“ഇതാണ് മാഡം, എന്റെ മോൾ. മീനാക്ഷി എന്നാണ് അവളുടെ പേര്. മീനുട്ടി എന്ന് വിളിക്കും”.

എന്റെ മോൾടെ അതെ ചായയാണ് മീനുട്ടിക്കും, അവളുടെ കാലുകളിൽ കെട്ടിപ്പിടിച്ച് കിടക്കയുടെ ഓരം ചേർന്ന് ഞാനിരുന്നു. എന്റെ ഈ ഭാവമാറ്റം കണ്ടിടാക്കണം ശാരദയും കൂടെ ഉണ്ടായിരുന്ന ചെറിയ മോളും എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ട്.

“ശാരദ, മീനുട്ടിയെ ഞാൻ എടുത്തോട്ടെ? എന്റെ കുഞ്ഞായി ഞാൻ അവളെ വളർത്തിക്കോളാം, ഇന്നല്ലെങ്കിൽ നാളെ നിനക്കും കുടുംബത്തിനും ഇവൾ ഒരു ബാധ്യത ആകും, അതുണ്ടാകാതെ ഇരിക്കുന്നതല്ലേ നല്ലത്? നിയമവശങ്ങളെക്കുറിച്ച് നിങ്ങൾ ഭയക്കേണ്ട. വേണ്ടതൊക്കെ ഞാൻ ചെയ്തോളാം”.

ഒഴിഞ്ഞു പോകുന്ന സന്തോഷമാണോ, അതോ പിരിയുന്നതിന്റെ വിഷമം ആണോ അവൾക്കെന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചില്ല. അവൾ തലയാട്ടികൊണ്ടു ചെറിയ കുഞ്ഞിനേയും ചേർത്ത് പിടിച്ചു നടന്നു.