ഉപ്പയും ഉമ്മയും ഞാനും [ആയിഷ] 368

ഉപ്പയും ഉമ്മയും ഞാനും

Uppayum Ummayum Njaanum Author : Ayisha

Image may contain: night and text

വൈകുന്നേരം കൂട്ടുകാർക്ക് ഒപ്പം ക്ലബ്ബിലിരുന്ന് മദ്യപിക്കുമ്പോഴാണ് പരിചയം ഇല്ലാത്ത നമ്പറിൽ നിന്നൊരു കോൾ വന്നത്.. കോൾ അറ്റൻഡ് ചെയ്യ്തപ്പോൾ കുടിച്ച മദ്യത്തിന്റെ ലഹരി അത്രയും നഷ്ടപ്പെട്ടു.പോലീസ് സ്‌റ്റേഷനിൽ നിന്നായിരുന്നു കോൾ.. നടുക്കം വിട്ട് മാറാതെയാണ് നജ്മയെ വിളിച്ചത്..

നജ്മ നീ എവിടെയാണ് ?

ഞാൻ ഓഫീസിലാണ്.ഇറങ്ങാൻ താമസിക്കും..

മോള്… മോള് വീട്ടിൽ എത്തിയോന്ന് വിളിച്ച് നോക്കിയോ നീ..

ന്റെ മാത്രം മോളാണോ.ഇക്കാക്കും വിളിച്ച് നോക്കാമല്ലോ. അത് ചോദിക്കാനാണോ ഈ ജോലിക്കിടയിൽ എന്നെ ശല്യം ചെയ്യ്തത്..

നജൂ ഇപ്പോൾ പോലീസ് സ്റ്റേഷനിൽ നിന്ന് കോൾ വന്നു.. അത്യാവശ്യമായിട്ട് സ്‌റ്റേഷനിൽ എത്താൻ.. മോളുടെ എന്തോ കാര്യം പറയാനാണെന്ന്..

ആഹ്.. വേഗം പോ. അതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു.. ഇനി വിളിക്കരുത് ഞാൻ വന്നോളാം. ജോലിക്കിടയിൽ ഇങ്ങനെ ശല്യം ചെയ്യരുത്..

ആരോടും ഒന്നിനും പോവാത്ത കുട്ടിയാണ്.. ഫ്ലാറ്റിൽ അവളുണ്ടെന്ന് പോലും അറിയില്ല. അത്രയും അടക്കവും ഒതുക്കവും ഉണ്ട് അവൾക്ക്. നെജൂനെ പോലെയേ അല്ല അവൾ..
പോലിസ് സ്റ്റേഷനിൽ എത്തിയപ്പോൾ മോളെയാണ് ആദ്യം തിരഞ്ഞത്.. കാണാനില്ല..

സാർ.. ന്റെ മോൾ…

തന്റെ മോൾ തന്റെ വീട്ടിൽ അല്ലേ കാണേണ്ടത്.ഈ സമയം വരെ അവളെ കാണാതായിട്ടും നിങ്ങൾ അന്വേഷിച്ചോ?

ഞാൻ വീട്ടിൽ പോയില്ല. ഭാര്യ ഓഫീസിലും ആണ്.. മോള് വീട് സ്കൂൾ കഴിഞ്ഞ് വീട്ടിൽ എത്തിയാൽ പിന്നെ എവിടെയും പോകാറില്ല.. അങ്ങനെയാണ് എപ്പോഴും..

അത് പറഞ്ഞപ്പോൾ കുറ്റബോധം എന്നെ കീറി മുറിക്കുന്നുണ്ടായിരുന്നു.പലപ്പോഴും അവൾ ഉറങ്ങിയതിന് ശേഷമാവും ഞാനും നജ്മായും എത്തുക. അവൾ ആഹാരം കഴിച്ചോ, ഉറങ്ങിയോ എന്ന് പോലും ചോദിക്കാറില്ല. ആ മുറിയിൽ അങ്ങനെ ഒരാൾ ഉണ്ടെന്ന് പോലും പലപ്പോഴും മറന്നിട്ടുണ്ട്..

ന്റെ മോൾ എവിടെ?

സഹതാപം കലർന്ന പുച്ഛത്തോടെയുള്ള അയാളുടെ നോട്ടം സഹിക്കാവുന്നതിലും മേലെയാണ്..

അവള് പോയെടോ. തന്നെപ്പോലെയുള്ള മാതാപിതാക്കളുടെ മകൾ ആകുന്നതിനേക്കാൾ ഭേദം മരണമാണെന്ന തോന്നിയിട്ടുണ്ടാകാം.പക്ഷേ ആത്മഹത്യ അല്ല. ആരൊക്കയോ ചേർന്ന് മാനഭംഗപ്പെടുത്തി മരിച്ചെന്നറിഞ്ഞപ്പോൾ വഴിയിൽ ഉപേക്ഷിച്ചതാണ്.. സ്കൂൾ യൂണീഫോമിൽ ആയിരുന്നത് കൊണ്ടാണ് വിവരങ്ങൾ പെട്ടെന്ന് അറിയാനും താനുമായി ബന്ധപ്പെടാൻ സാധിച്ചതും.താൻ കൂടെ തിരിച്ചറിഞ്ഞാൽ ഞങ്ങൾക്ക് ബാക്കി കാര്യങ്ങളിലേക്ക് കടക്കാമായിരുന്നു..

മോർച്ചറിയിൽ എത്തി അവളാണ് അതെന്ന് തിരിച്ചറിയുമ്പോൾ ഞാൻ ചിന്തിച്ചു. ഈ അടുത്ത കാലത്ത് ഒന്നും ഇത്രയും അടുത്ത് ഞാൻ എന്റെ മകളെ ഇതുവരെ കണ്ടിട്ട് പോലുമില്ല. സ്നേഹിച്ചട്ടില്ല.. ഉപ്പയാണെന്ന് പറയാൻ പോലും യോഗ്യത ഇല്ലാത്ത ജന്മം ആയിപ്പോയല്ലോ റബ്ബേ ഞാൻ..

മൂന്ന് പ്രാവശ്യം വിളിച്ചിട്ടും നജ്മ ഫോൺ എടുത്തില്ല… ഒരിക്കൽ കൂടെ ശ്രമിച്ചപ്പോൾ എടുത്തു.

ഞാൻ പറഞ്ഞതല്ലേ ഞാൻ വന്നോളാമെന്ന്..

നജൂ നമ്മുടെ മോൾ… അവൾ പോയി..

പോവേ.. എവിടെ ? മോളെവിടെ?

ഹോസ്പിറ്റലിൽ എത്തിയ അവൾക്ക് മുൻപിൽ മോളെ കാണിച്ച് കൊടുക്കുമ്പോൾ ബോധം നശിച്ചവരെപോലെ അവൾ എന്തെക്കെയോ പറയുന്നുണ്ടായിരുന്നു..

എന്റെ മോൾക്ക് ഒരുരുള ആഹാരം പോലും സ്നേഹത്തോടെ ഞാൻ കൊടുത്തിട്ടില്ല. ചേർത്ത് പിടിച്ചൊന്ന് അടുത്ത് ഇരുത്തിയട്ട് പോലുമില്ല. ആർക്ക് വേണ്ടിയാണ് ഞങ്ങൾ സമ്പാദിച്ചത്. ഒന്നും കൊണ്ട് പോകാതെ ന്റെ മോൾ പോയല്ലോ. ഒന്നും വേണ്ട. ഒന്നും. എനിക്ക് എന്റെ മോളെ മതി.. താ.. എനിക്ക് എന്റെ മോളെ താ…

കരയരുതെന്ന് അവളോട് പറയാൻ എനിക്കാവില്ല. ആശ്വസിപ്പിക്കാനും കഴിയില്ല. അതിന് പോലുമുള്ള യോഗ്യത ഞങ്ങൾക്കില്ല.. കരയണം. നെഞ്ച് പൊട്ടി കരയണം. ന്റെ കുട്ടിയുടെ ഒറ്റപ്പെടലിനും അവൾ അനുഭവിച്ച മാനസിക വിഷമങ്ങൾക്കും ഇത് ഞങ്ങൾ അർഹിക്കുന്നു.

ഉപ്പയും ഉമ്മയും കുടുംബക്കാരും പറയുന്നത് പണത്തിന്റെ പിന്നാലെ പോയപ്പോൾ കുട്ടിയെ പോലും മറന്നെന്നാണ്.. അതാണ് സത്യവും. മോളുടെ കബറടക്കം കഴിഞ്ഞപ്പോഴെ ബന്ധുക്കൾ പിരിഞ്ഞു. ആരും നിന്നില്ല ഒരു ആശ്വാസവാക്ക് നൽകാൻ പോലും. എല്ലാരുടെയും മുഖത്ത് പുച്ഛം മാത്രമാണ്..

ന്റെ മോൾക്ക് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു.ചെറിയ പ്രായത്തിൽ ഞാനവളെ നെഞ്ചിലാണ് ഉറക്കിയിരുന്നത്.ജീവിത സാഹചര്യങ്ങൾക്കും ചുറ്റുപാടുകൾക്കും അനുസരിച്ച് ഞാനും മാറി. മോളില്ലാ എന്നത് ഉൾക്കൊള്ളാനാവാതെ ഞാനും നജുവും അവളുടെ മുറിയിൽ അന്നാദ്യമായ് ഒരുമിച്ച് ചെന്നു..

ഭിത്തിയിൽ മോള് വരച്ച കുറേ ചിത്രങ്ങൾ ഉണ്ട്. കൂടുതലും ഞങ്ങൾ മൂന്നാളെയും ഉദ്ധേശിച്ച് വരച്ചതാണ്. തലക്കെട്ട് ഉപ്പയും ഉമ്മയും ഞാനും എന്നാണ്.. ന്റെ മോൾ ഒരുപാട് ആഗ്രഹിച്ചട്ടുണ്ട് ഞങ്ങൾ ഒരുമിച്ചുള്ള നിമിഷങ്ങൾ.. ഇത്രക്കും പാപികളായ് പോയല്ലോ റബ്ബേ ഞങ്ങൾ.. തലയിണയുടെ അടിയിൽ മടക്കി വെച്ചിരുന്ന എന്റെയും നജൂന്റെയും മുഷിഞ്ഞ ഓരോ വസ്ത്രങ്ങൾ കണ്ടപ്പോഴാണ് ശരിക്കും ഹൃദയം തകർന്നത്.. ഉപ്പയും ഉമ്മയും ഉണ്ടായിരുന്നിട്ടും ആ ഗന്ധവും കൂടെ ഉണ്ടന്ന തോന്നലും ഉണ്ടാവാൻ അവൾക്ക് ഇങ്ങനെ ചേയ്യേണ്ടി വന്നല്ലോ…

മേശപ്പുറത്ത് ഒരു ഡയറിയുമുണ്ട്…

കൈ വിറച്ചിട്ട് അത് തുറക്കാൻ പോലും കഴിയുന്നില്ല…

എല്ലാ ദിവസത്തെയും അനുഭവങ്ങൾ ഒരേ പോലെയാണ് അവൾ എഴുതിയിരിക്കുന്നത്.. പുതിയതായൊന്നും എഴുതാൻ ഞങ്ങൾ അവൾക്ക് അവസരം നൽകിയിട്ടില്ല. മരണപ്പെടുന്നതിന്റെ തലേ ദിവസം മോൾ എഴുതിയിരിക്കുന്നു..

എനിക്കെന്റെ ഉപ്പയേയും ഉമ്മയേയും ഒത്തിരി ഇഷ്ടമാണ്.. എനിക്കറിയാം തിരക്ക് ആയത് കൊണ്ടാണ് എന്റെ ഒപ്പം നിൽക്കാൻ അവർക്ക് കഴിയാത്തത്. അടുത്ത ഫ്ലാറ്റിലെ ചേച്ചി അവരുടെ മോൾക്ക് ഇപ്പോഴും ആഹാരം വാരി കൊടുക്കാറുണ്ട്. എന്നേക്കാൾ വലുതാണ് അവരുടെ മകൾ.അപ്പോൾ ഞാനെന്റെ ഉമ്മയെ ഓർക്കും.ഉമ്മ എനിക്ക് ആഹാരം എടുത്ത് പോലും തരാറില്ല.കഴിച്ചോന്ന് പോലും ചോദിക്കാറില്ല.

ഉപ്പ പണ്ടെന്നെ നെഞ്ചിൽ കിടത്തി ഉറക്കിയിരുന്നു. ഇന്ന് ഞാൻ ഉണരുന്നതും ഉറങ്ങുന്നതും പോലും ഉപ്പ അറിയാറില്ല. പലപ്പോഴും ഉപ്പയെ കാണാൻ പോലും കിട്ടാറില്ല.

ഉപ്പാപ്പാ പറഞ്ഞ് തന്നിട്ടുണ്ട് മദ്യപാനം ഹറാമാണെന്ന്. ഉപ്പയത് സ്ഥിരമായി ചെയ്യുമ്പോൾ ഉപ്പായാണോ ഉപ്പുപ്പാ ആണോ ശരിയെന്ന് മോൾക്ക് അറിയില്ല.. എനിക്കെന്റെ ഉപ്പയോടാ കൂടുതൽ ഇഷ്ടം.. അപ്പോൾ ഉപ്പയാവാം ശരി..

സ്കൂളിൽ റ്റീച്ചർ പഠിപ്പിച്ചു ഓരോ വീടും സ്വർഗ്ഗമാണെന്ന്. ദൈവത്തിന്റെ വാസസ്ഥലം ആണെന്ന്. ഉപ്പയും ഉമ്മയും നിസ്കരിച്ച് ഞാൻ കണ്ടിട്ടില്ല.. അപ്പാൾ നമ്മുടെ വീട്ടിൽ ദൈവം ഉണ്ടാവില്ലാരിക്കാം അതല്ലേ ഉപ്പക്കും ഉമ്മിക്കും എന്നെ സ്നേഹിക്കാൻ പോലും സമയം കിട്ടാത്തത്. ഒരുമിച്ച് ഇരുന്ന് ആഹാരം കഴിക്കാനും ഉപ്പക്കും ഉമ്മക്കും ഒപ്പം ഉറങ്ങാൻ എനിക്കും ഒത്തിരി കൊതിയുണ്ട്. എല്ലാവരും അവരുടെ ഉപ്പയും ഉമ്മയും അവരെ സ്നേഹിക്കുന്ന കഥകൾ പറയുമ്പോൾ എനിക്കും പറയണം അത് പോലെ ഒത്തിരി കഥകൾ..

ഇന്നലെ ഒരു ഏട്ടൻ എന്നോട് എന്നെ ഒത്തിരി ഇഷ്ടമാണെന്ന് പറഞ്ഞു. എന്ത് വേണേലും വാങ്ങി തരാമെന്നും.. ഞാൻ ആ ഏട്ടനോട് പറഞ്ഞു എനിക്ക് സ്നേഹം മാത്രം മതിയെന്ന്.ന്റെ ഉപ്പയും ഉമ്മയും സ്നേഹിക്കുന്ന പോലെ എന്നെ സ്നേഹിക്കാമെന്ന് വാക്ക് തന്നിട്ടുണ്ട്.. നാളെ കാണണമെന്നും പറഞ്ഞിട്ടുണ്ട്…..

❤ആയിഷ❤