തിരുവട്ടൂർ കോവിലകം 7 29

മുഖമുയർത്തി നോക്കിയ സുകുവിന്റെ ഉള്ളില്‍ നിന്നും വന്ന നിലവിളി തൊണ്ട കുഴിയിൽ കുടുങ്ങി നിന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.
മുന്നില്‍ തിളങ്ങുന്ന കണ്ണുകളും അഴിഞ്ഞു വീണ കേശഭാരവും ചോരയൊലിക്കുന്ന ദ്രംഷ്ടകളുമായി ഒരു സ്ത്രീ രൂപം .

ആ സ്ത്രീ രൂപം അവനെ ഒരു കയ്യില്‍ തൂക്കിയെടുത്ത് ദിഗന്ധങ്ങൾ പിളരുമാറുച്ചത്തിൽ അട്ടഹസിച്ചു. എന്നിട്ടവനെ അടുത്ത് കണ്ട മരച്ചുവട്ടിലേക്ക് വലിച്ചെറിഞ്ഞു.
എന്നിട്ടും അരിശം തീരാതെ തീ തുപ്പിക്കൊണ്ടവൾ അവന്റെ അടുത്ത് ചെന്ന് അവനെ നോക്കി ഭയാനകമായ ശബ്ദത്തില്‍ മുരണ്ടു.

തൊട്ടു മുന്നിലെ മരത്തിന്റെ ഏറ്റവും ഉയർന്ന കൊമ്പിലേക്കവൾ
തുറിച്ചു നോക്കിയപ്പോൾ
ആ കൊമ്പിൽ നിന്നും ഒരു കാട്ടുവള്ളി തനിയേ താഴോട്ടിറങ്ങി വന്ന് സുകുവിന്റെ കഴുത്തില്‍ കുരുങ്ങി . കുരുക്ക് ഊരിമാറ്റാൻ സുകു ഒരു വിഫല ശ്രമം നടത്തി . അവന്റെ പരവശം കണ്ടപ്പോള്‍ അവള്‍ കൂടുതല്‍ കൂടുതല്‍ ഉച്ചത്തില്‍ ചിരിച്ചു കൊണ്ടിരുന്നു .

പിന്നെ അവള്‍ മുരണ്ട് കൊണ്ട് വീണ്ടും മുകളിലേക്ക് നോക്കി, ആ നോട്ടത്തിൽ കാട്ടുവള്ളി സുകുവിനേയും കൊണ്ട് മേലോട്ട് ഉയര്‍ന്നു . ഉയരും തോറും സുകു കാലുകളിട്ടടിക്കാൻ തുടങ്ങി ഒരാള്‍ പൊക്കത്തിൽ ഉയർന്നപ്പോൾ കാട്ടു വള്ളി നിശ്ചലമായി . വായുവില്‍ തൂങ്ങി നിന്ന സുകു ജീവനു വേണ്ടി പിടഞ്ഞു കൊണ്ടിരുന്നു .

അവസാനം കണ്ണുകള്‍ പുറത്തേക്ക് തള്ളി നാവ് കടിച്ച്പിടിച്ച്
തുടകൾ മാന്തിപ്പൊളിച്ച് നിശ്ചലമായി .
നാവിലൂടെ ചോരയും ഉമിനീരും ഒലിച്ചിറങ്ങി. തൂങ്ങിക്കിടക്കുന്ന സുകുവിനേ നോക്കി പൊട്ടിച്ചിരിച്ച് കൊണ്ട് ഒടുങ്ങാത്ത പകയുമായി ആ രൂപം ഇരുളിന്റെ ഇടനാഴിയിലേക്ക്‌ ഊളിയിട്ടു.

ഈ സമയം ഇതൊന്നും അറിയാതെ കോവിലകം ശാന്തമായ ഉറക്കത്തിലായിരുന്നു.
പുലർക്കാലത്ത് എപ്പഴോ എയര്‍പോർട്ടിലേക്ക് കാർ അയച്ചില്ലേ എന്ന് ചോദിച്ചു കൊണ്ട് ശ്യാം വിളിച്ചപ്പോഴാണ് അവന്തിക ഉറക്കമുണർന്നത്.

“സുകു വന്നിട്ടുണ്ടല്ലോ ശ്യാമേട്ടാ “

“ഇവിടെ എത്തിയിട്ടില്ല വിളിച്ചിട്ട് കിട്ടുന്നില്ല”

“പിന്നെ എവിടെ പോയി”

“എനിക്ക് എങ്ങനെ അറിയാനാ, ഞാന്‍ ഏതായാലും ടാക്സി വിളിച്ചു വരാണ്”