“നൈസ് ടു മീറ്റ്‌യൂ..മിസ്റ്റർ ഓഫീസർ. എന്താണ് നിങ്ങൾക്ക് അറിയേണ്ടത്.”
കസേരയിലേക്ക് ചാരിയിരുന്നുകൊണ്ട് ലൂക്ക ചോദിച്ചു.
“ഈ ചെറുപ്പക്കരനെ അറിയാമോ.?”
6×4 സൈസിലുള്ള സുധിയുടെ ഒരു ഫോട്ടോ കാണിച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.
“നോ, ഓഫീസർ ഞാൻ കണ്ടതായി ഓർക്കുന്നില്ല.”
“മ്, ശരിക്കും ഒന്നോർത്തുനോക്കിക്കോളൂ, മറന്നിട്ടുണ്ടാകും.”
രഞ്ജൻ വീണ്ടും ആവർത്തിച്ചു.
“നോ, നെവർ. ”
“സീ മിസ്റ്റർ ലൂക്ക. KL-7-BM 696 നിങ്ങളുടെ വണ്ടിയല്ലേ?”
“യെസ്. ഇവിടെ കമ്പനി ആവശ്യത്തിനുപോകുന്ന മാരുതി ഏർട്ടിക്ക കാറാണ്.”
“15 – 11- 2018 ൻ പൈപ്പ്ലൈൻ ജംഗ്ഷനിൽവച്ച് രാത്രി പുലർച്ചെ ഒന്നരക്ക് ഒരാളെ ബലമായി കാറിൽ കയറ്റികൊണ്ടുപോയില്ലേ അയാൾ എവിടെ? അയാളെ തിരക്കിയാണ് ഞാൻ വന്നത്.”
ഇരുട്ടുമൂടിയ ഗഗനംപോലെ ലൂക്കയുടെ മുഖം മങ്ങുന്നത് രഞ്ജൻ ശ്രദ്ധിച്ചു.
“സോറി ഓഫീസർ എനിക്ക് അറിയില്ല. നിങ്ങളെ ആരോ തെറ്റുധരിപ്പിച്ചിരിക്കുന്നു.”
പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ തന്റെ ചോദ്യം ആവർത്തിച്ചു. ശേഷം ഓരോ തെളിവുകൾ നിരത്തി.
ഇടപ്പള്ളിയിൽനിന്നും പൈപ്പ് ലൈൻ ജംങ്‌ഷനിലേക്കുള്ള വഴിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ. അതിൽ വളരെ വേഗത്തിൽ പോകുന്ന ഒരു ബൈക്ക്. മിനിറ്റുകൾ ശേഷിക്കെ വെളുത്ത നിറത്തിലുള്ള ഒരു മരുതികാർ തൊട്ടുപിന്നിൽ.
രഞ്ജൻ പൈപ്പ് ലൈനിൽ സ്ഥാപിച്ച ട്രാഫിക് പോലീസിന്റെ സിസിടിവി ദൃശ്യങ്ങൾ അടുത്തതായി കാണിച്ചുകൊടുത്തു.