അവിടെ ഒരുവശത്തായി മാനേജർ എന്ന ബോർഡഴുതിയ മുറിയെ ലക്ഷ്യമാക്കി രഞ്ജൻ നടന്നു.
കുറച്ചപ്പുറത്ത് എച്ചിങ് ചെയ്ത് ഗ്ലാസോടുകൂടിയ ഒരു മുറി അയാൾ ശ്രദ്ധിച്ചു. മുകളിൽ നീലബോർഡിൽ വെളുത്ത നിറത്തിലുള്ള അക്ഷരങ്ങൾകൊണ്ട് മാനേജർ എന്ന് ഇംഗ്ലീഷിൽ എഴുതിയ ആ ഒറ്റമുറി കണ്ടു. ഉടനെ ആ വാതിലിൽമുട്ടി അയാൾ അകത്തേക്ക് പ്രവേശിക്കാൻ അനുമതി തേടി.
“എസ് കമിങ്.” അകത്തുനിന്നും മറുപടികിട്ടിയപ്പോൾ
രഞ്ജൻ ഡോർ മുന്നിലേക്ക് തള്ളി അകത്തേക്ക് കടന്നു.
“ഡിവൈഎസ്പി രഞ്ജൻ, രഞ്ജൻഫിലിപ്പ് ഫ്രം ക്രൈംബ്രാഞ്ച്.”
രഞ്ജൻ തന്റെ ഐഡി കാർഡ് എടുത്ത് മാനേജരെ കാണിച്ചു.
“സർ, ടേക്ക് യൂവർ സീറ്റ്.”
മുന്നിലെ കസേര ചൂണ്ടികാണിച്ചുകൊണ്ട് മാനേജർ പറഞ്ഞു.
“ഒരു അന്വേഷണത്തിന്റെ ഭാഗമായി എനിക്ക് ചിലകാര്യങ്ങൾ ഇവിടെനിന്നും അറിയേണ്ടതുണ്ട്.”
കസേരയിൽ ഇരുന്നുകൊണ്ട് രഞ്ജൻ പറഞ്ഞു.
“എസ്ക്യൂസ്‌മീ ഓഫീസർ, വാട്ട് യൂ വാണ്ട്.”
ഡോർ തുറന്ന് കറുത്ത കൂളിംഗ് ഗ്ലാസ് വച്ച് ഒരാൾ അകത്തേക്കുവന്നുകൊണ്ട് ചോദിച്ചു.
“ഹു ആർ യൂ.?”
അയാളെ നോക്കിക്കൊണ്ട് രഞ്ജൻ ചോദിച്ചു.
“സർ,ഹി ഈസ് അവർ ചെയർമാൻ ലൂക്ക ഫ്രാൻസിസ്.”
കസേരയിൽ നിന്ന് എഴുന്നേറ്റ് മാനേജർ അയാളെ രഞ്ജന് പരിചയപ്പെടുത്തി. ശേഷം മാനേജർ തന്റെ കസേര ചെയർമാനുവേണ്ടി ഒഴിഞ്ഞുകൊടുത്തു.
കസേരയിൽ ഇരുന്നുകൊണ്ട് അയാൾ രഞ്ജൻ ഹസ്തദാനം ചെയ്തു.