The Shadows – 8 37

“അങ്ങനെയാകാം. എന്തായാലും നാളെ രാവിലെ കാണാം.”

“സർ.”
രഞ്ജൻ ഫോൺ കട്ട് ചെയ്ത് കുളിക്കാൻ വേണ്ടി ബാത്റൂമിലേക്ക് കയറി.
ഷവറിന്റെ ചുവട്ടിൽ അല്പനേരം നിന്നുകൊണ്ട് നാളത്തെ കാര്യങ്ങൾ ക്രമപ്പെടുത്തിയെടുത്തു.

××××××××

രാവിലെ എട്ടുമണിക്കുതന്നെ രഞ്ജൻ പോലീസ് സ്റ്റേഷനിലെത്തി. കഴുകിവൃത്തിയാക്കിയ തന്റെ കാർ കണ്ട് അയാൾ ചെറുപുഞ്ചിരിതൂവി സ്റ്റേഷനിനുള്ളിലേക്ക് കയറിച്ചെന്നു.
ഓഫീസ് മുറിയിൽ അനസും ശ്രീജിത്തും ഇരിക്കുന്നുണ്ടായിരുന്നു. രഞ്ജനെ കണ്ടമാത്രയിൽ എഴുന്നേറ്റ് നിന്ന് സല്യൂട്ടടിച്ചു.

“ഇന്നലെ പറഞ്ഞപോലെ അനസ്, താൻ ഡോക്ടറെ ചെന്നുകാണണം. മാക്സിമം ഡീറ്റൈൽസ്. ആൻഡ് ശ്രീജിത്ത് താൻ നീനയുടെ വീട്ടിൽ പോയി അവളുടെ റൂമൊന്ന് പരിശോധിക്കണം.

“സർ.”

“നൗ യൂ ക്യാൻ ഗോ.”

“സർ. ”
അവർ വീണ്ടും രഞ്ജന് മുൻപിൽ സല്യൂട്ടടിച്ചു.
അനസും ശ്രീജിത്തും ഇറങ്ങിയതിനു ശേഷം രഞ്ജൻ ഓഫീസിൽ നിന്നും ഇറങ്ങി തന്റെ കാറിന്റെ അടുത്തേക്ക് നടന്നുവന്നു.

ആദ്യം എവിടെ തുടങ്ങണം എന്ന ചിന്തയിൽ മുഴുകിനിൽകുമ്പോഴായിരുന്നു ഐജി ചെറിയാൻപോത്താൻ വിളിച്ചത്. വൈകിട്ട് കാണണം എന്ന ആവശ്യം അദ്ദേഹം അറിയിച്ചു. വരാമെന്ന് മറുപടി പറഞ്ഞ് രഞ്ജൻ ഫോൺ കട്ട് ചെയ്ത് കാറിലേക്ക് കയറി.

പത്തുമണിയായപ്പോഴേക്കും രഞ്ജൻ ഹോമെക്സ് ബിൽഡേഴ്സിന്റെ പാർക്കിങ് ഏരിയയിൽ തന്റെ ബെലേനോ കാർ നിറുത്തിയിട്ട് റിസെപ്ഷനിലേക്ക് കടന്നുചെന്നു.

പുഞ്ചിരി പൊഴിച്ചുകൊണ്ട് റീസെപ്ഷനിലുള്ള പെണ്കുട്ടി രഞ്ജനെ സ്വാഗതം ചെയ്തു. ക്രൈംബ്രാഞ്ചിൽ നിന്നും ഡിവൈഎസ്പി രഞ്ജൻഫിലിപ്പ് ആണെന്നുള്ള ഐഡി കാർഡ് പെണ്കുട്ടിയെ കാണിച്ചപ്പോൾ അവൾ ഫോണിന്റെ റിസീവർ എടുത്ത് മാനേജറുടെ റൂമിലേക്ക് വിളിച്ചു വിവരങ്ങൾ പറഞ്ഞു. അകത്തേക്കുവാരാനുള്ള അനുമതികിട്ടിയപ്പോൾ രഞ്ജൻ സോഫയിൽനിന്നും എഴുന്നേറ്റ് ഗ്ലാസിന്റെ ഡോർ തുറന്ന് അകത്തേക്ക് കടന്നു.