“ലൂക്ക.’ ഹോംമെക്സ് ബിൽഡേഴ്സ്. നാളെ ഞാനൊന്നുപോയി കാണുന്നുണ്ട് അയാളെ. അതിനുമുന്പേ സുധീഷ് കൃഷ്ണയെ കണ്ടുപിടിക്കണം.”
രഞ്ജൻ നെറ്റിതടവികൊണ്ടു പറഞ്ഞു.
“സർ, സുധിയുടെ അഡ്രസ്സിൽ അന്വേഷിച്ചു. ബട്ട് നോട്ട് അവയ്ലബിൾ.
അനസ് പറഞ്ഞപ്പോൾ രഞ്ജൻ അയാളെയാന്ന് നോക്കി.
അപ്പോഴാണ് അർജ്ജുവിന് നീന മരണപ്പെടുന്ന അന്ന് രാത്രി കണ്ട ബൈക്ക് ആക്‌സിഡന്റിനെ കുറിച്ച് ഓർമ്മവന്നത്.
ഉടനെ അക്കാര്യം രഞ്ജൻഫിലിപ്പിനെ അറിയിച്ചു. കൂടെ തനിക്ക് അന്നുകിട്ടിയ കടലാസുകഷ്ണവും രഞ്ജനുനേരെ നീട്ടി.
പേനകൊണ്ട് എഴുതിയ, ഏതോ ബില്ലിന്റെ ബാക്കിപത്രം എന്നപോലെ അതിൽ ഇംഗ്ലീഷ് അക്ഷരങ്ങളായ കെ എ. എന്നുമാത്രം അവശേഷിക്കുന്നുണ്ടായിരുന്നു. രഞ്ജൻ തലങ്ങും വിലങ്ങും മറിച്ചുനോക്കി. ശേഷം അത് ഭദ്രമായി സൂക്ഷിച്ചുവച്ചു.
“ഓക്കെ, ഇനി നിങ്ങൾ എങ്ങനാ, വീട്ടിലേക്കോ അതോ?”
ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റുകൊണ്ട് രഞ്ജൻ അർജ്ജുവിനോടായി ചോദിച്ചു.
“ഞങ്ങളെ വീട്ടിൽവിട്ടാൽ മതി സർ.”
അർജ്ജുൻ പറഞ്ഞു.
ശേഷം രഞ്ജൻ അനസിനുനേരെ തിരിഞ്ഞു
“ഇവരെ വീട്ടിൽ കൊണ്ടുചെന്നാക്കണം, എന്നിട്ട് രാവിലെ ഞാൻപറഞ്ഞ കാര്യങ്ങൾ ഒന്നന്വേഷിക്കണം.”
“സർ.”
” കാർ സ്റ്റേഷനിൽ കൊടുത്താൽമതി രാവിലെ ഞാൻപോയി എടുത്തോളാം.”
“ശരി സർ.”
അത്രേയും പറഞ്ഞിട്ട് അനസും, ശ്രീജിത്തും അർജ്ജുവിനെയും ആര്യയെയും കൂട്ടി പുറത്തേക്കിറങ്ങി.
വാതിലടച്ച് ഷർട്ടിന്റെ ഓരോ കുടുക്കുകൾ അഴിക്കുമ്പോഴായിരുന്നു. ഭാര്യ ശാലിനിയുടെ കോൾ അയാളെ തേടിവരുന്നത്.
“ഒരു കേസ് കിട്ടിയാൽ പിന്നെ നമ്മളെയൊന്നും വേണ്ടേ മാഷേ..?”
ഫോണെടുത്ത രഞ്ജൻ അവളുടെ സംസാരംകേട്ട് പുഞ്ചിരിപൊഴിച്ചു.