കാക്കനാടുനിന്ന് ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് സീപോർട് എയർപോർട്ട് റോഡിലേക്ക് കാർ തിരിഞ്ഞു. വൈകാതെ അനസ് രഞ്ജന്റെ വാടക വീടിന്റെ മുറ്റത്തേക്ക് കാർ ഓടിച്ചുകയറ്റി.
കാറിന്റെ മുന്നിലെ ഡോർ തുറന്ന് രഞ്ജൻ ഇറങ്ങി വീടിന്റെ ഉമ്മറത്തെ ലൈറ്റ് ഇട്ടു. ശേഷം മുൻവാതിൽ തുറന്ന് അവരെ അകത്തേക്കുക്ഷണിച്ചു.
ഹാളിലെ സോഫയിലേക്ക് അവർ അഞ്ചുപേരും ഇരുന്നു. ചുമരിൽ തൂക്കിയ വലിയ ഘടികാരത്തിലെ രണ്ടുസൂചികളും ഒരേസമയം പന്ത്രണ്ടിലേക്ക് ചാടിയപ്പോൾ ഹാൾ മുഴുവനും മണിമുഴങ്ങി.
“എസ്, എന്താണ് നീനയുടെ മരണവുമായി നിങ്ങൾക്ക് പറയാനുള്ളത്.”
രഞ്ജൻ ചോദിച്ചു.
ഉടനെ അർജ്ജുൻ പാന്റിന്റെ പോക്കെറ്റിൽ കൈയിട്ട് തന്റെ മൊബൈൽ ഫോണെടുത്ത് ഹോമെക്സ് ബിൽഡേഴ്സിൽ വന്നുപോയ നീനയുടെയും ചെറുപ്പക്കാരന്റെയും വീഡിയോ ദ്യശ്യം കാണിച്ചുകൊടുത്തു. കൂടാതെ, വൈഗ ഓഫീസിൽ നിന്നെടുത്ത അക്കൗണ്ട് ഡീറ്റൈൽസും. പിന്നെ ഈ കാരണം കൊണ്ട് തന്നെ പിടിച്ചുകൊണ്ടുപോയതും അർജ്ജുൻ വിവരിച്ചു കൊടുത്തു.
“സർ, ഇത് അവനാണ് സുധീഷ് കൃഷ്ണ.”
വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച അനസ് ഉടൻതന്നെ പറഞ്ഞു.
ധനുമാസത്തിലെ ഇളങ്കാറ്റ് തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് ഒഴുകിയെത്തിയപ്പോൾ ദീർഘശ്വാസമെടുത്ത് രഞ്ജൻ കണ്ണുകളടച്ച് അല്പനേരം തുറന്നിട്ട ജലകത്തിനടുത്തുള്ള കസേരയിൽ ഇരുന്നു.
അനസും, ശ്രീജിത്തും മുഖത്തോട് മുഖം നോക്കി. ഇടക്കിടക്ക് അർജ്ജുവിന്റെ ഫോണിലേക്ക് വൈഗ വിളിച്ചുകൊണ്ടിരുന്നു. ഫോണെടുത്ത് താൻ വരാൻ അല്പം വൈകും എന്ന് പറഞ്ഞ് അയാൾ ഫോൺ ഓഫ് ചെയ്തുവച്ചു.
“ശ്രീജിത്ത്, താൻ നാളെ നീനയുടെ ബോഡി പോസ്റ്റ്മോർട്ടംചെയ്ത ഡോക്ടറെ ഒന്നുപോയി കാണണം. പറ്റുമെങ്കിൽ അയാളുടെ കുറച്ചു ഡീറ്റൈൽസ് ഐ മീൻ ഈയൊരു മാസത്തിൽ എന്തെങ്കിലും തരത്തിലുള്ള പണമിടപാട് നടന്നിട്ടുണ്ടോയെന്നുനോക്കണം”
“സർ, നോക്കാം.”
“അനസ്. താൻ നാളെ നീനയുടെ വീട്ടിൽ പോയി അവളുടെ റൂമൊന്നു സെർച്ച് ചെയ്യണം. മെയ് ബി വി വിൽ ഗെറ്റ് സംത്തിങ്..”
“യെസ് സർ”