“സർ, പോലീസിലാണോ?”
അർജ്ജുൻ ആര്യ കാണിച്ചുകൊടുത്ത ഫയൽ കണ്ടമാത്രയിൽ ചോദിച്ചു.
“അതെ, ഞാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഞ്ജൻ. രഞ്ജൻഫിലിപ്പ് , ദിസ് ഈസ് സിഐ അനസ് മുഹമ്മദ്, ആൻഡ് ഹി ഈസ് സിഐ ശ്രീജിത്ത് നായർ.”
ഏസിയുടെ തണുപ്പ് കഠിനമായപ്പോൾ രഞ്ജൻ ഏസി ഓഫ് ചെയ്തുകൊണ്ട് പറഞ്ഞു.
“സർ കേട്ടിട്ടുണ്ട്. വെണ്മല കൂട്ടകൊലപാതകം സാറല്ലെ അന്വേഷിച്ചത്.
“അതെ, ”
രഞ്ജൻ മറുപടി ചുരുക്കി.
“സർ, സാറല്ലേ നീനയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.”
ആര്യയുടെ ചോദ്യം കേട്ടപ്പോഴായിരുന്നു അർജ്ജുൻ അക്കാര്യത്തെക്കുറിച്ചു ചിന്തിച്ചത്. പോകുന്ന വഴിക്ക് ആലിഞ്ചുവടെത്തിയപ്പോൾ തങ്ങളുടെ കാർ വേറേയേതോ വാഹനംകൊണ്ട് ഇടിച്ചു താറുമാറാക്കിയ കാഴ്ചകണ്ട് അർജ്ജുൻ നെടുവീർപ്പിട്ടു. ചുറ്റും കൂടിനിന്ന വാഹനങ്ങളെല്ലാം അപ്രത്യക്ഷമായിരുന്നു.
നാളെ ജോലിക്ക് ചെല്ലുമ്പോൾ ഡിസ്മിസ് ലെറ്റർ ഉണ്ടാകുമോയെന്ന ഭയം ആര്യയുടെ മനസിൽ നിറഞ്ഞുനിന്നു.
നീനയുടെ മരണവുമായി ബന്ധപ്പെട്ടു തനിക്ക് കിട്ടിയ തെളിവുകൾ ക്രൈംബ്രാഞ്ചിന് നൽകണോ വേണ്ടയോയെന്ന് അർജ്ജുൻ പലയാവർത്തി ചിന്തിച്ചു.
“സർ, നീനയുടെ മരണവുമായി ബന്ധപ്പെട്ട് എനിക്ക് ചിലകാര്യങ്ങൾ പറയാനുണ്ട്. ”
കാക്കനാട് എത്താറായപ്പോൾ രണ്ടും കല്പിച്ചുകൊണ്ട് അർജ്ജുൻ പറഞ്ഞു.
റോഡിന്റെ ഇടതുവശം ചേർന്ന് അനസ് കാർ ചവിട്ടിനിറുത്തി. ശേഷം അനസും, രഞ്ജനും പിൻസീറ്റിലേക്ക് തിരിഞ്ഞുനോക്കി.
“നിനക്ക് എങ്ങനെ അറിയാം?”
രഞ്ജൻ ആകാംഷയോടെ ചോദിച്ചു.
“സർ എനിക്ക് സംസാരിക്കണം.”
അർജ്ജുൻ ശിരസ് താഴ്ത്തി പറഞ്ഞു.
രഞ്ജൻ അനസിന്റെ മുഖത്തേക്കുനോക്കികൊണ്ട് കാർ മുന്നോട്ട് ചലിപ്പിക്കാൻ നിർദ്ദേശം കൊടുത്തു.