The Shadows Part 8 by Vinu Vineesh
Previous Parts
പെട്ടന്ന് വളവുതിരിഞ്ഞുവന്ന ഒരു ചുവന്ന ബെലേനോ കാർ അർജ്ജുവിന്റെയും ആര്യയുടെയും പിന്നിൽ പതിയെ വന്നുനിന്നു.
വയനാട്ടിൽനിന്നും മടങ്ങിവരികയായിരുന്ന ഡിവൈഎസ്പി രഞ്ജൻഫിലിപ്പിന്റെ കാറിന് മുൻപിൽ നിന്നുകൊണ്ട് ആര്യ അർജ്ജുവിന്റെ പിന്നിലേക്ക് ഒതുങ്ങിനിന്നു.
കാറിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ഒരാൾ തോക്കുപിടിച്ചുനിൽക്കുന്നതു കണ്ട അനസ് രഞ്ജന്റെ മുഖത്തേക്ക് നോക്കി.
മുന്നിലെ ഡോർ തുറന്ന് രഞ്ജൻ പുറത്തേക്കിറങ്ങി. ഹാൻഡ്ബ്രേക്ക് വലിച്ച് അനസും ബാക്ക് ഡോർ തുറന്ന് ശ്രീജിത്തും പിന്നാലെ ഇറങ്ങി.
മൂവർ സംഘത്തെ കണ്ടപ്പോൾ തോക്കുമായിയെത്തിയവർ പിൻവലിഞ്ഞു.
പതിയെ അവർ ഇരുട്ടിന്റെ മറവിലേക്ക് തിരിഞ്ഞോടി.
“താങ്ക് യൂ ചേട്ടാ നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ ഞങ്ങളുടെ കഥ തീർന്നേനെ.”
കിതച്ചുകൊണ്ട് അർജ്ജുൻ പറഞ്ഞു.
“അവരൊക്കെ ആരാ? എന്താ പ്രശ്നം.”
രഞ്ജൻ അടുത്തേക്കുചെന്നിട്ട് ചോദിച്ചു.
“ഞങ്ങൾ മാധ്യമപ്രവർത്തകരാണ്. ഒരു ഇൻഫോർമേഷൻ കിട്ടിയപ്പോൾ വെരിഫൈ ചെയ്യാൻവേണ്ടി പോയതാ. ചേട്ടാ ബുദ്ധിമുട്ടില്ലെങ്കിൽ ഞങ്ങളെ കാക്കനാട് വരെ ഒന്നാക്കിത്തരുവോ. ”
“ഓഹ്, അതിനെന്താ. അവർ വീണ്ടും വരുമോ?”
രഞ്ജൻ ചോദിച്ചു.
“അറിയില്ല ചേട്ടാ, തിരിച്ചറിഞ്ഞിട്ടുണ്ടാകും.”,
“ആവേശം നന്ന് പക്ഷെ കൂടെ സ്വയം രക്ഷയും നോക്കണം. കയറിക്കോളൂ, ഞങ്ങൾ കാക്കനാട്ടേക്ക് തന്നെയാണ് പോകുന്നത്.”
അനസ് ഇൻചെയ്ത പാന്റ് അല്പം മുകളിലേക്ക് വലിച്ചുകൊണ്ട് പറഞ്ഞു.
ശേഷം അർജ്ജുവും,ആര്യയും ശ്രീജിത്തിനൊപ്പം പിൻ സീറ്റിൽ കയറിയിരുന്നു. അപ്പോഴാണ് കേരളാപോലീസ് എന്നെഴുതിയ ഫയൽ കാറിനുള്ളിൽനിന്ന് ആര്യ കണ്ടത്. ഉടനെതന്നെ അർജ്ജുവിന്റെ ചെവിയിൽ താൻ കണ്ടകാര്യം പറഞ്ഞു.