The Shadows – 5 49

പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അതുല്യ ഗസ്റ്റ് റൂമിലേക്ക് വന്നു. ഇരുനിറത്തിൽ നല്ല ഭംഗിതോന്നിക്കുന്ന മുഖം. നല്ല മുടിയും അല്പം തടിയുമുള്ള ശരീരം.

“അതുല്യ അല്ലെ?”
അനസ് ചോദിച്ചു.

“അതെ സർ.”

“നീനയുടെ മരണവുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ ചോദിച്ചറിയാനുണ്ട് അതാണ് ഞങ്ങൾ വിളിപ്പിച്ചത്. അതുല്യ എന്തുചെയ്യുന്നു.?”
രഞ്ജൻ ചോദിച്ചു.

“സർ, ഞാനിവിടെ കൊച്ചിയിൽ സിവിൽ എൻജിനിയറായി ജോലിചെയ്യുന്നു.”

“നീനയെ എത്രനാളായി അറിയാം?.”

“ഒരു ഒൻപത് മാസം.”

” ഈ ചെരുപ്പ് നീനയുടെതല്ലേ?”

ശ്രീജിത്ത് ബാഗിൽനിന്നും നീനയുടെ ച
ചെരുപ്പ് അതുല്യ കാണതക്ക രീതിയിൽ പുറത്തേക്കെടുത്തുവച്ചുകൊണ്ട് ചോദിച്ചു.

“അതെ സർ, പക്ഷെ ഈ ചെരുപ്പ് അവൾ ഇടാറില്ല. എപ്പോഴും കട്ടിലിന്റെ അടിയിലുണ്ടാകും,”

“ഈ കീ നീനയുടെതാണ്. ഇത് ഏതിന്റെ കീ ആണെന്ന് അറിയാമോ?”

“ഇല്ല സർ, ചിലപ്പോൾ വീട്ടിലെമറ്റോ ആയിരിക്കും. ” അതുല്യ അല്പനേരം രഞ്ജന്റെ കൈയിലെ ചാവിയെതന്നെ നോക്കിനിന്നുകൊണ്ട് പറഞ്ഞു.

“സുധീഷ് കൃഷ്ണയെ നിങ്ങൾ എവിടെ വച്ചാണ് കാണുന്നത്.?”
ശ്രീജിത്ത് ആ ചോദ്യം ചോദിച്ചപ്പോൾ അതുല്യയുടെ മുഖഭാവത്തിന് എന്തെങ്കിലും മാറ്റമുണ്ടോയെന്ന് രഞ്ജൻ ശ്രദ്ധിച്ചു.

“ഏത് സുധീഷ് കൃഷ്ണ.”
അതുല്യ സംശയത്തോടെ ചോദിച്ചു.

“നീനയുടെ കാമുകൻ സുധീഷ്. അയാളാണ് പറഞ്ഞത് നിങ്ങളെ മൂന്നുപേരെയും ഒരു ദിവസം നീനയോടൊപ്പം കണ്ടിട്ടുണ്ടെന്ന്.”
ശ്രീജിത്ത് ഒരു ചൂണ്ടയിട്ടു.

“ഇല്ല സർ നുണയാണ് അയാൾ പറഞ്ഞത്.
സുധിയെന്നൊരു ഫ്രണ്ട് ഉണ്ടെന്നറിയാം ഞാൻ കേട്ടിട്ടുണ്ട് ഫോണിൽ സംസാരിക്കുന്നത്. കൂടുതലൊന്നും അറിയില്ല. നീന പേഴ്സണൽ കാര്യങ്ങൾ അങ്ങനെ തുറന്ന് പറയാറില്ല സർ.”

“മ്, ശരി.”