“ഉവ്വ് സർ, വരാം.”
ഫോൺ കട്ട് ചെയ്ത് മേശപ്പുറത്തുവച്ച നീനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പലതവണ അയാൾ വായിച്ചുനോക്കി. അവസാനം ഒരുചോദ്യം മാത്രം അവശേഷിച്ചു. ‘എന്തിനുവേണ്ടി അവൾ ആത്മഹത്യ ചെയ്‌തു.’
ഫയൽമടക്കി ഹാൻഡ്ബാഗിൽ വച്ചിട്ട് ജയശങ്കർ ജീപ്പെടുത്ത് ഹാൻഡ്ബാഗുമായി വീട്ടിലേക്കുപോയി.
ശേഷം അയാൾ അവിടെനിന്ന് ഇടപ്പള്ളിയിലുള്ള പോളച്ചന്റെ ഗസ്റ്റ്ഹൗസ് ലക്ഷ്യമാക്കി ജീപ്പ് ഓടിച്ചു.
ഐയ്ഞ്ചൽ എന്നപേരുള്ള വീടിന്റെ മുൻപിൽ ജീപ്പ് നിറുത്തി ജയശങ്കർ ഗേറ്റ്തുറന്നു അകത്തേക്കുകയറി.
മുറ്റത്ത് ചെറിയ പുൽത്തകിടുകൾ വച്ചുപ്പിടിപ്പിച്ച് അതിനുചുറ്റുഭാഗവും ചെടിച്ചട്ടികൾ വച്ചിരിക്കുന്നു.
പലനിരത്തിലുള്ള പനിനീർപൂക്കൾ നിലാവെളിച്ചത്തിൽ പുഞ്ചിരിപൊഴിച്ചു നിൽക്കുന്നുണ്ടയിരുന്നു.
ഉമ്മറത്തേക്ക് കയറിച്ചെന്നപ്പോൾ അകത്തേക്കുള്ള വാതിൽ തുറന്നുകിടക്കുന്നുകണ്ട ജയശങ്കർ ആ വാതിലിലൂടെ അകത്തേക്കു പ്രവേശിച്ചു.
ഹാളിൽ മിനിസ്റ്റർ പോളച്ചനും ഐജി ചെറിയാൻ പോത്തനും. പിന്നെ കുറച്ചു രാഷ്‌ട്രീയ പ്രവർത്തകരും നീനയുടെ അപ്പച്ചനും ഉണ്ടായിരുന്നു.
“ആ, താനോ, വാടോ ”
ഐജി ചെറിയാൻ പോത്തൻ അയാളെ കൈനീട്ടി മാടിവിളിച്ചു.
ജയശങ്കർ സല്യൂട്ടടിച്ച് അവർക്ക് സമാന്തരമായി നിന്നു.
“എടോ ജയശങ്കറെ തന്നെ വിളിപ്പിച്ചത് മറ്റൊന്നിനുമല്ല. എന്റെ കൊച്ച് ഞങ്ങളെവിട്ടുപോയിട്ട് നാൽപ്പത്തെട്ടുമണിക്കൂർ ആകുന്നു. എന്തായി അന്വേഷണം. അതറിയാൻ വേണ്ടിയാണ് ഞാൻ തന്നെ വിളിപ്പിച്ചത്.”
“സർ”
ജയശങ്കർ കൈയിലുള്ള ഫയൽ തുറന്നു.
“താനിരിക്കടോ.”
ഐജി അടുത്തുള്ള സോഫയിലേക്ക് ഇരിക്കാൻ അയാളെ നിർബന്ധിച്ചു.
വിനയത്തോടെ ജയശങ്കർ സോഫയിലേക്ക് ഇരുന്നു.
സൂപ്പർ കഥ തുടക്കം കൊള്ളാം ?