“ജിനു, ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. ഞങ്ങളീ പോലീസുകാർക്ക് സെന്റിമെൻസ് ഒന്നുമില്ല. എല്ലാവരെയും കുറ്റവാളികളായി കാണുക, ചോദ്യം ചെയ്യുക. അത്രേയുള്ളൂ. ഞങ്ങൾക്ക് ആവശ്യമുള്ളത് കിട്ടിയാൽപിന്നെ ജോലി എളുപ്പമാകും. ജിനു കുറച്ചുകാര്യങ്ങൾ ഞങ്ങളിൽനിന്നും മറച്ചുവച്ചു. പിന്നീട് അത് മനസിലായി എന്നുണ്ടെങ്കിലും അന്ന് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ..”
“സോറി സർ, ”
ഇടയിൽകയറി അവൾ പറഞ്ഞു.
“ആദ്യം ഒരു നുണ പറയും, പിന്നെ അതിനെ മറച്ചുപിടിക്കാൻ മറ്റൊരു നുണപറയുമ്പോൾ നമ്മളത് വിശ്വസിച്ചുപോകുന്നു. അതിൽ നഷ്ടമല്ലാതെ ലാഭമൊന്നുമില്ല.!
ആലോചിച്ചു നോക്കൂ..”
ശിരസ് താഴ്ത്തിനിൽക്കുന്ന അവളോട് കേസുമായി ഇനി ബുദ്ധിമുട്ടിക്കില്ലാ എന്നു പറഞ്ഞ് രഞ്ജൻ അനസിനൊപ്പം ഹോട്ടലിൽ നിന്നും തിരിച്ചു.
ശാലിനിക്കുള്ള അല്പം സാധനങ്ങൾ വാങ്ങി, നാളെ കോടതിയിൽ ഹാജരാക്കുന്നതുവരെയുള്ള ചുമതല അനസിനെ ഏല്പിച്ചു രഞ്ജൻ മടങ്ങുമ്പോൾ വൈകുന്നേരം 7 മണി കഴിഞ്ഞിരുന്നു.
മണ്ണാർക്കാട്ടെ തന്റെ വീട്ടിൽ വന്നുകയറിയ രഞ്ജൻ കോളിങ് ബെല്ലടിച്ച് ഉമ്മറത്ത് നിന്നു. വാതിൽതുറന്ന ശാലിനി ദേഷ്യത്തോടെ മുഖം തിരിച്ചു നിൽക്കുന്നതുകണ്ട രഞ്ജൻ പിന്നിലൂടെവന്ന് അരക്കെട്ടിലൂടെ കൈകളിട്ട് തന്നിലേക്ക് ചേർത്തു നിറുത്തിചോദിച്ചു.
“എന്താണ് മാഷേ പിണക്കം,മ്.?”
“ഇന്ന് ഉച്ചക്ക് വരുംമെന്നു പറഞ്ഞിട്ട് ഞാൻ കുറെ കാത്തിരുന്നു.”
ശാലിനി പരിഭവം പറഞ്ഞു.
“ജോലിത്തിരക്കല്ലേ..”
“ഓഹ്, ജോലിക്ക് കയറിയാൽ പിന്നെ നമ്മളെയൊന്നും പിടിക്കില്ലല്ലോ.”
മുറുകെ പിടിച്ച അയാളുടെ ബന്ധനം വേർപെടുത്തി അവൾ അടുക്കളയിലേക്കു നടന്നു. പരിഭവങ്ങളും പരാതികളും അന്നത്തെ രാത്രികൊണ്ട് അവസാനിപ്പിച്ച രഞ്ജൻ രാവിലെ ചായയുമായി വന്ന ശാലിനി വന്നുവിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. ചായക്കപ്പ് അടുത്തുള്ള മേശപ്പുറത്ത് വച്ചിട്ട് രഞ്ജൻ അവളെ കട്ടിലിലേക്ക് വലിച്ചിട്ടു.
“എന്റെ കർത്താവേ, പുതിയ കേസുകളുമായിവന്ന് ഈ നായരുട്ടീടെ അടുത്തുനിന്നും എന്നെ നീ അകറ്റല്ലേ..”
അത്രയും പറഞ്ഞ് രഞ്ജൻ പുതപ്പെടുത്തത് തലവഴി മൂടി.
അവസാനിച്ചു…
സൂപ്പർ കഥ കൊള്ളാം ഇനിയും ഇത് പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു ❤
കൊള്ളാം;
വായിച്ചിരിക്കാം
ക്ലൈമാക്സ് സൂപ്പറായി വിനു.