ശിക്ഷ 1 23

അവസാനമായി ഞാനവളെ കാണുമ്പോ ആ കുഞ്ഞു ശരീരം ചേറുകൊണ്ട് നിറഞ്ഞിരുന്നു..
ആ കുഞ്ഞിക്കണ്ണുകളിലൊന്ന് മീന്‍ കൊത്തിയെടുത്തിരുന്നു…
നിനക്കറിയുമോ തമ്പാനേ നിന്നെ ഞാനെന്തിനിങ്ങനെ ചെയ്യുന്നുവെന്ന്..????
അതിനു മുന്‍പ് നീ എന്നെക്കുറിച്ചറിയണം…നീലുവെനിക്കാരായിരുന്നുവെന്നറിയണം…!!
നീലു എനിക്കും എന്റെ ഓര്‍മനഷ്ടപ്പെട്ട അമ്മക്കും ആരായിരുന്നു എന്നറിയണം…!!
വേണു…
പതിനൊന്നാം വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ടവന്‍..!!
ആ നഷ്ടത്തിന്റെ വേദനയില്‍ നിന്നും കരകയറുന്നതിനു മുന്നേ ഞാന്‍ നെഞ്ചോട് ചേര്‍ത്തു കൊണ്ടു നടന്ന കുഞ്ഞനിയത്തിയെ ഒരു മഴക്കാലത്ത് പുഴയുടെ ആഴങ്ങളില്‍ നഷ്ടപ്പെട്ടവന്‍..!!
.ഒടുവില്‍ അവളുടെ മീനുകള്‍ കൊത്തിയ ശരീരം പുഴയില്‍ നിന്നും എടുക്കുമ്പൊ പലപ്പോഴും പറിച്ചു കൊടുക്കാന്‍ അവള്‍ വാശിപിടിച്ചു കരഞ്ഞിരുന്ന ആമ്പല്‍ പൂക്കള്‍ അവളുടെ ശരീരത്തോട് പറ്റിച്ചേര്‍ന്നിരുന്നു..!!
ഒരുപക്ഷേ അവളത് ഏറെ ഇഷ്ടപ്പെട്ടിരുന്നതിനാലാകാം..!!!
അന്നു പുഴക്കരയില്‍ ബോധം നഷ്ടപ്പെട്ട് തളര്‍ന്നു വീണ അമ്മ പിന്നെ ഓര്‍മയുടെ ലോകത്തേക്ക് ഇന്നും പൂര്‍ണമായി തിരികെ വന്നിട്ടില്ല…!!!
ഇന്നും വീട്ടു പടിക്കല്‍ ആ അമ്മ പുഴയുടെ ആഴങ്ങളില്‍ നഷ്ടപ്പെട്ട ആ എട്ടു വയസ്സുകാരിയെ കാത്തിരിക്കാറുണ്ട്..
കാണാതാകുമ്പോള്‍…പുഴയുടെ ഓര്‍മകള്‍ കൊത്തി വലിക്കുമ്പോള്‍ അലറിക്കരയാറുണ്ട്…!!
വിധിയുടെ ക്രൂരതകള്‍ക്കു മുന്നില്‍ പകച്ചുനിന്ന ആ പതിനൊന്നു വയസ്സുകാരന്‍….
ഇന്നവന്‍ വളര്‍ന്നു വലുതായി…ഇന്നവനൊരാളെ കൊല്ലാന്‍ പോകുന്നു…
അതും വ്യക്തമായ ആസൂത്രണത്തോടെ..അതിക്രൂരമായി….!!
നീലു..
അവളൊരു കുഞ്ഞുപൂവായിരുന്നു….
ചുറ്റുമുള്ളവര്‍ക്ക് സ്നേഹത്തിന്റെ പുഞ്ചിരിയാല്‍ സുഗന്ധം മാത്രം പരത്താന്‍ മാത്രം കഴിഞ്ഞിരുന്ന ഒരു കുഞ്ഞു പൂവ്…
ഒരിക്കല്‍ നിന്റെ ക്രൂരതയില്‍ നിന്നും രക്ഷതേടി ഒരു മഴയുള്ള രാത്രിയില്‍ എന്റെ വീട്ടിലേക്ക് ഓടിക്കയറി വന്നതാണ് നീലുവും അവളുടെ അമ്മയും….
നിന്നെ തല്ലാന്‍ പിടിച്ചപ്പൊ കുഞ്ഞിക്കണ്ണുകള്‍ നിറച്ച് “എന്റച്ഛനെയൊന്നും ചെയ്യല്ലെയെന്ന് പറഞ്ഞു കരഞ്ഞ ആ മുഖം…ഓര്‍ക്കുന്നുണ്ടോ തമ്പാനേ നീ….????
അതൊരു തുടക്കമായിരുന്നു….
പുഴയുടെ ആഴങ്ങളില്‍ നഷ്ടമായ അനിയത്തിക്കുട്ടിയെ തിരികെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക്..
അതിലേറെ ഗുണമുണ്ടായത് അമ്മയുടെ കാര്യത്തിലാണ്….അവള്‍ ഇടക്കു വീട്ടിലേക്ക് വരുമ്പോള്‍ അമ്മക്കുണ്ടാകുന്ന മാറ്റം.
അടുത്തിരുത്തി ചോറു വാരി കൊടുത്തും..പുന്നരിച്ചും….എന്തൊക്കെയോ വിശേഷങ്ങള്‍ പറഞ്ഞും..എന്റെ പഴയ അമ്മ തിരിച്ചു വരികയാണെന്ന് ഞാന്‍ കരുതി…സന്തോഷിച്ചു…
അവളിലൂടെ വീട്ടില്‍ സന്തോഷം നിറയുകയായിരുന്നു..!!