ശിക്ഷ
Shikhsa Part 1 by Hashir Khan
പാതിയെരിഞ്ഞ സിഗററ്റ് തമ്പാന്റെ നെറ്റിത്തടത്തില്‍ അമര്‍ത്തി..
ഒന്നുറക്കെ കരയാന്‍ പോലുമാകാതെ അവന്‍ കണ്ണുകള്‍ പുറത്തേക്കു ചാടിച്ച് പിടയുന്നത് ഞാന്‍ കണ്ടു…ഒരിറ്റു ദാഹജലത്തിനായി അവനിപ്പോള്‍ കൊതിക്കുന്നുണ്ടാകാം…
ഒരുതരത്തിലുള്ള ദയയും അവനര്‍ഹിക്കുന്നില്ല…
വായില്‍ തിരുകിയ തുണി എടുത്തു മാറ്റിയാല്‍ ഒരുപക്ഷേ അവനൊന്നുറക്കെ കരയാം…പക്ഷേ ഈ വേണു അതു ചെയ്യില്ല…
തമ്പാന്‍ തന്നെയാണ് നീലുവിനെ ഇല്ലാതാക്കിയത് എന്നെനിക്കറിയാം.
ആ ഒരുത്തരം മാത്രമാണ് എനിക്കു നിന്റെ നാവില്‍ നിന്നും കിട്ടേണ്ടിയിരുന്നത്
അതെനിക്ക് കിട്ടിക്കഴിഞ്ഞു…
ഇനി നിന്റെ ശബ്ദം പുറത്തേക്ക് വരില്ല….നിന്റെ കണ്ണുകളില്‍ മരണഭയം നിറയുന്നത് എനിക്കു കാണണം.
ഞാന്‍ ചൂഴ്ന്നെടുക്കുന്നതിനു മുന്‍പ് ആ ഭയം നിന്റെ കണ്ണുകളില്‍ ഇങ്ങനെ നിറഞ്ഞു നില്‍ക്കണം…
മരണത്തിനും നിന്നെ ഞാനെളുപ്പം വിട്ടു കൊടുക്കില്ല..
ഒന്നും ചെയ്യാനാകാതെ ഒന്നുറക്കെ കരയാന്‍ പോലുമാകാതെ ചെറുത്തുനില്‍ക്കാന്‍ കഴിയാതെ നിസഹായരായി പോകുന്നവരുടെ ഗതികേട് നീ അറിയണം…
ഒരു കാരാഗൃഹവാസത്തിനും നിന്നെ ഞാന്‍ വിട്ടു കൊടുക്കില്ല..
ശിക്ഷിക്കാനുള്ള വകുപ്പുകളേക്കാള്‍ രക്ഷിക്കാനുള്ള പഴുതുകള്‍ നിറയെയുള്ള നമ്മുടെ നിയമത്തില്‍ എനിക്കെന്നേ വിശ്വാസം നഷ്ടമായി….
ഒരുപക്ഷേ ആ പഴുതുകളൊന്നില്‍ കൂടി നീ പുറത്തെത്തിയാല്‍ ഇനിയും കുരുന്നെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ ഒരുപാടു പെണ്ണുടലുകള്‍ നിന്റെ ചെയ്തികള്‍ക്ക് ഇരയായേക്കാം….!!
വായപൊത്തിപ്പിടിച്ച് നീ നീലുവിനെ നിഷ്കരുണം പിച്ചിച്ചീന്തിയപ്പോ അവളും ഇതേ വേദന തന്നെ അനുഭവിച്ചിട്ടുണ്ടാകില്ലേ..??
എന്നെ ഒന്നും ചെയ്യല്ലേ അച്ഛാ എന്നു പറയാന്‍..അമ്മേ എന്നു വിളിച്ച് ഒന്നുറക്കെ കരയാന്‍ ആ പത്തു വയസ്സുകാരി ശ്രമിച്ചിട്ടുണ്ടാകില്ലേ..???
സ്വന്തം ചോരയാണെന്ന ബോധമില്ലാതെ ക്രൂരമായി അവളെ നീ ഇല്ലാതാക്കിയില്ലേ..???
നിന്റെ അടങ്ങാത്ത കാമം അവളിലേക്ക് തീമഴയായി പെയ്തിറങ്ങിയപ്പൊ ആ കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞ് ചോരയൊലിച്ചിട്ടുണ്ടാകില്ലേ..???
ഒടുവില്‍ നിന്റെ ഭ്രാന്തിന്റെ പൂര്‍ത്തീകരണത്തിനു ശേഷം അവളെ പുഴയുടെ ആഴങ്ങളിലേക്കു വലിച്ചെറിയുമ്പൊ നിനക്കൊട്ടും കുറ്റബോധം തോന്നിയില്ലേ…???
ഒരച്ഛന്റെ തലോടലും പരിചരണവും കിട്ടേണ്ട പ്രായത്തില്‍ അവളുടെ കണ്ണുകളില്‍ തെളിഞ്ഞിരുന്നത് നിന്നെക്കുറിച്ചുള്ള ഭയമായിരുന്നു…
ആ കുഞ്ഞിനോട് വാത്സല്യം കാണിക്കേണ്ട നിന്റെ കണ്ണുകളില്‍ തെളിഞ്ഞിരുന്നത് മാംസക്കൊതിയനായ ഒരു നീചന്റെ ഭാവമായിരുന്നു…