രക്തരക്ഷസ്സ് 3 53

ഇല്ല്യ. ഞാൻ ശരിക്കും കണ്ടതാ,സത്യം. പക്ഷേ അഭി അത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. കുട്ടി ഇപ്പൊ കുറച്ചു റസ്റ്റ്‌ ചെയ്യൂ. നമുക്ക് പിന്നെ സംസാരിക്കാം. അവൻ തറവാട്ടിലേക്ക് നടന്നു.

കുമാരാ, ദേവകിയമ്മ കാര്യസ്ഥനെ നോക്കി, ഇപ്പൊ തന്നെ വിവരം അദ്ദേഹത്തെ അറിയിക്കാ, എനിക്കെന്തോ ആരുതാത്തത് സംഭവിക്കാൻ പോണ പോലെ തോന്നണു.

നെല്ല് കൊയ്യുന്ന സമയമായത് കൊണ്ട് കൃഷ്ണ മേനോൻ പാടത്തേക്ക് പോയിരുന്നു. കുമാരൻ അക്ഷരാർത്ഥത്തിൽ അങ്ങോട്ടേക്ക് ഓടുകയാണ് ചെയ്തത്.

കാര്യസ്ഥൻ ഓടിക്കിതച്ചു വരുന്നത് ദൂരെ നിന്ന് തന്നെ മേനോൻ കണ്ടു. എന്തോ അരുതാത്തത് സംഭവിച്ചു എന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു. എന്തെ കുമാരാ എന്താ ഇണ്ടായേ.

അയാൾ സംഭവവികാസങ്ങൾ വള്ളി പുള്ളി വിടാതെ മേനോനെ ധരിപ്പിച്ചു. കൃഷ്ണ മേനോന്റെ മനസ്സ് കലുക്ഷിതമായി.

ദേവീ പരീക്ഷിക്കരുതേ അയാൾ മുകളിലെക്ക് നോക്കി കൈ കൂപ്പി. പക്ഷേ അടിക്കടിയുള്ള ദുർ:നിമിത്തങ്ങളും അഭി ദേവകിയമ്മയോട് പറഞ്ഞ കാര്യങ്ങളും അയാളുടെ മനസ്സിലേക്ക് ഓടിവന്നു.

എന്തോ തീരുമാനിച്ചുറപ്പിച്ച വണ്ണം അയാൾ കാര്യസ്ഥനെ നോക്കി, കുമാരാ വരിക ഇന്ന് തന്നെ ഒരു യാത്ര ഉണ്ട്. വേഗം നടക്കാ.

തറവാട്ടിൽ എത്തിയ ഉടനെ അയാൾ അഭിയോട് യാത്രയ്ക്ക് ഒരുങ്ങാൻ ആവശ്യപ്പെട്ടു.

എങ്ങോട്ടാ വല്ല്യച്ചാ ഇപ്പൊ ഒരു യാത്ര. പറയാം ആദ്യം നീ തയ്യാറാവ് ഉണ്ണീ. ആ ദേവകി നീ പത്തായപ്പുരയിൽ പോയി ലക്ഷ്മിയെ ഇങ്ങോട്ട് കൂട്ടിക്കോളു. ഞങ്ങൾ അൽപ്പം ദൂരത്തേക്ക് ആണ്. മടക്കം എന്ന് എന്ന് പറയാൻ സാധിക്കില്ല. എനിക്ക് ചില സംശയങ്ങൾ ഇണ്ടായിരുന്നു. ഇപ്പൊ അത് കൂടുതൽ ബലപ്പെട്ടിരിക്കുന്നു.

അയാളുടെ വാക്കുകളിൽ ഭയം നിഴലിക്കുന്നത് അഭിയെ അത്ഭുതപ്പെടുത്തി. ആദ്യമായാണ് കൃഷ്ണ മേനോന്റെ വാക്കുകളിൽ ഭയത്തിന്റെ ലാഞ്ചന അഭി കാണുന്നത്.

ന്നാലും എങ്ങോട്ടാവും വല്ല്യച്ഛൻ പോണം ന്ന് പറയുന്നത്. ഇവരൊക്കെ ആരെയാണ് അല്ലെങ്കിൽ എന്തിനെയാണ് ഇത്ര ഭയക്കുന്നത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അഭിയുടെ മനസ്സിനെ അസ്വസ്ഥമാക്കി.

ഉണ്ണീ വണ്ടി ഇറക്കു. മേനോന്റെ കനത്ത സ്വരം അയാളെ ചിന്തയിൽ നിന്നുണർത്തി.

മൂവരും കയറിയ കാർ മംഗലത്ത് തറവാടിന്റെ പടിപ്പുര കടന്നതും പടിഞ്ഞാറൻ കാറ്റ് ആഞ്ഞു വീശി, മഴ തുള്ളിക്ക് ഒരു കുടമെന്ന പോലെ പെയ്തു തുടങ്ങി.

മംഗലത്ത് തറവാടിന്റെ കിഴക്കേ തൊടിയിലെ പാലക്കൊമ്പിലിരുന്ന മൂങ്ങയുടെ കണ്ണുകൾ ചുവന്ന് രക്തവർണ്ണമായി. പതിയെ അതിന്റെ രൂപം മാറി. വാലിട്ടെഴുതിയ കണ്ണുകളും നിലം പറ്റുന്ന മുടിയും വശ്യമായ സൗന്ദര്യവുമുള്ള ഒരു പെണ്ണായി അത് മാറി. അവളുടെ കണ്ണുകൾ അവർ സഞ്ചരിക്കുന്ന കാറിന് നേരെ നീണ്ടു.
#തുടരും