പുനഃർജ്ജനി – 3 35

അതേ സമയം വിജയാദ്രിയിൽ നിന്നും തോറ്റു മടങ്ങിയ ടിപ്പുവും സൈന്യവും തിരുവിതാംകൂർ ലക്ഷ്യമാക്കി പ്രയാണമാരംഭിച്ചു.

ടിപ്പുവിന്റെ പരാജയം എല്ലാവരിലും സന്തോഷത്തിന്റെ വിത്ത് വിതറിയപ്പോഴും പണിക്കരുടെ ഉള്ളിൽ ചിന്തകൾക്ക് തീ പിടിച്ചിരുന്നു.

ന്താ തമ്പുരാൻ,എന്തോ കാര്യമായ വിഷയം ഉള്ളിലുണ്ടെന്ന് തോന്നുന്നു.ആ നീചൻ തോറ്റോടിയില്ലേ,ഇനിയുമെന്തേ സന്ദേഹം.

ഗുരുക്കളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായി പണിക്കർ കൈയ്യിലിരുന്ന താളിയോല നീട്ടി.

കൈ നീട്ടി വാങ്ങിയ ഒലയിലെ വരികൾ വായിച്ചതും ഗുരുക്കളുടെ കൈ വിറച്ചു.

“മറ്റൊരങ്കത്തിന് തുടക്കം കുറിക്കുന്നു.എന്റെ അച്ഛന്റെ ചോരയ്ക്ക് ഞാൻ പകരം ചോദിക്കും.

കിഴക്കേതിൽ തറവാടിന്റെ ആണിക്കല്ല് ഇളക്കിയിട്ടേ ഞാൻ അടങ്ങൂ.നിന്റെ കാലൻ ദേവരായൻ നായർ.”

ഗുരുക്കളുടെ കണ്ണുകൾ ചുരുങ്ങി. എന്ന് നിന്റെ കാലൻ ദേവരായൻ നായർ.ആ വരികൾ ഗുരുക്കളെ അസ്വസ്ഥനാക്കി.

പണിക്കർ പതിയെ കസേരയിലേക്ക് ചാരിക്കിടന്ന് കണ്ണുകളടച്ചു.

ചിന്താ മണ്ഡലം വീണ്ടും കാലങ്ങൾ പിന്നോട്ട് സഞ്ചരിച്ച് ഗൗണാർ നദിയുടെ കരയിലെത്തി.

ശാന്ത സുന്ദരിയായിരുന്ന ഗൗണാർ ചുടു നിണം കൊണ്ട് ചുവന്നൊഴുകുന്നു.

അന്തരീക്ഷം വെടിമരുന്നിന്റെ ഗന്ധവും പുകയും കൊണ്ട് നിറഞ്ഞിരിക്കുന്നു.

ഉദയ സൂര്യൻ പോലും രക്തവർണ്ണമണിഞ്ഞു.പുഴയോരത്തെ മണൽത്തിട്ടകളിൽ ശവങ്ങൾ കുന്ന് കൂടി.

പ്രതിയോഗിയുടെ കഴുത്തിൽ കുരുങ്ങിയ ഉറുമിയുടെ പിടിയിൽ കൈയ്യുറപ്പിച്ച താൻ അതാഞ്ഞു വലിക്കുന്നു.

പൂവിറുക്കും ലാഘവത്തോടെ താൻ അരിഞ്ഞു വീഴ്ത്തിയ ശിരസ്സ് ഗൗണാറിന്റെ ആഴങ്ങളിലേക്ക് ഉരുണ്ട് പോകുന്നു.

അല്പമകലെ തകർന്നു കിടക്കുന്ന കുതിര വണ്ടിക്ക് പിന്നിൽ നിന്നും ഹൃദയം നുറുങ്ങുന്ന ഒരു നിലവിളി.അച്ഛാ…..

വണ്ടിയുടെ മറവിൽ നിന്നും ഒരഞ്ചു വയസ്സുകാരൻ തന്നെ തുറിച്ചു നോക്കുന്നു.

അവന്റെ കണ്ണിൽ കണ്ണുനീരല്ല തന്നെ ദഹിപ്പിക്കാൻ തക്കതായ കനൽ എരിയുന്നു.

ഒരിക്കൽ കൂടി ആ മുഖത്തേക്ക് നോക്കാൻ സാധിക്കാതെ തല കുനിക്കുമ്പോൾ കണ്ടു ഗൗണാറിന്റെ വിരി മാറിലേക്ക് പാഞ്ഞിറങ്ങുന്നു ആ അഞ്ചു വയസ്സുകാരൻ.

അതേ,ഇതവനാണ്.അച്ഛന്റെ ചോരയ്ക്ക് പകരം ചോദിക്കാൻ വന്നവൻ.ചന്ദ്രോത്ത് ശേഖരൻ നായരുടെ മകൻ.
തുടരും.