ഗുരുക്കൾ കൈയ്യിലിരുന്ന കൂടം കൊണ്ട് കൊടിമരത്തിന്റെ പീഠത്തിൽ ആഞ്ഞു തല്ലി.
അത് തന്റെ നെഞ്ചിലാണ് പതിക്കുന്നതെന്ന് പണിക്കർക്ക് തോന്നി.പൂർവ്വികർ കാത്ത സ്വത്ത് സംരക്ഷിക്കാൻ തനിക്കാവാതെ പോയതിൽ അയാളുടെ തല കുനിഞ്ഞു.
ഇളക്കി മാറ്റിയ കൊടി മരങ്ങളും,സ്വർണ്ണ നിർമ്മിത വാർപ്പുകൾ,മുദ്രകൾ,ദേവന്റെ തിരുവാഭരണം എന്നിവയും ക്ഷേത്രക്കുളത്തിൽ മുക്കാൻ പണിക്കർ ഉത്തരവിട്ടു.
കുളത്തിന്റെ ആഴങ്ങളിലേക്ക് ആ പൂർവ്വിക സ്വത്ത് ആണ്ട് പോകുന്നത് നിസ്സഹായനായി നോക്കി നിന്നു വിജയാദ്രിയുടെ കാവൽ നായകൻ.
ഊറി വന്ന കണ്ണുനീർ തുള്ളികൾ കാഴ്ച്ച മറച്ചപ്പോൾ പണിക്കർ തിരിഞ്ഞു നടന്നു.
ഇളം താപത്തിൽ നിന്നും കഠിന താപത്തിലേക്ക് സൂര്യ ദേവന്റെ ഭാവം മാറുമ്പോൾ വിജയാദ്രി കോട്ടയുടെ പടിഞ്ഞാറൻ ചായ്‌വിലൂടെ ടിപ്പുവിന്റെ പട ഇരച്ചു കയറി.
അക്രമിക്കൂ.മുൻപിലെ കുതിരപ്പുറത്തിരുന്ന ടിപ്പു ആജ്ജ നൽകി.
സൈന്യം ക്ഷേത്രത്തിന് നേരെ പാഞ്ഞടുത്തതും അതി ശക്തമായ ഒരു മുരൾച്ച അവിടെയാകെ ഉയർന്ന് തുടങ്ങി.
ക്ഷേത്ര മതിൽ തകർക്കാൻ പാഞ്ഞടുത്ത ടിപ്പുവിന്റെ പടയാളികൾ ചിതറിയോടാൻ തുടങ്ങി.
എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും വ്യക്തമായില്ല. ഹേയ്,എന്താണിത്.ആക്രമിക്കൂ.ടിപ്പു അലറി.
കുതിരകൾ വിറളി പൂണ്ട് ഓടാൻ തുടങ്ങി.ഭയം തിങ്ങിയ കണ്ണുകളുമായി പാഞ്ഞടുത്ത സൈന്യാധിപൻ കാട്ടിക്കൊടുത്ത കാഴ്ച്ച കണ്ട് ടിപ്പു നടുങ്ങി.
രണ്ട് കടന്നലുകൾ തന്റെ സൈന്യത്തെ കുത്തി ഓടിക്കുന്നു.
കാഴ്ച്ചയിൽ ചെറുതെങ്കിലും അവയുടെ മുൻപിൽ തന്റെ കരുത്തരായ സൈനികർക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല എന്നത് ടിപ്പുവിനെ അത്ഭുതപ്പെടുത്തി.
നിമിഷങ്ങൾക്കുള്ളിൽ സൈനികർ തളർന്ന് വീഴാൻ തുടങ്ങി, ശേഷിച്ചവർ ചിതറിയോടി.
ഇനിയും മുൻപോട്ട് നീങ്ങുന്നത് അപകടമാണെന്ന് വ്യക്തമായ സുൽത്താൻ തന്ത്രപൂർവ്വം പിന്മാറാൻ തീരുമാനിച്ചു.
കേവലം രണ്ട് കടന്നലുകൾക്ക് മുൻപിൽ അടി പതറി എന്നത് ടിപ്പുവിന് കനത്ത ആഘാതമായി.
പല്ല് ഞെരിച്ചു കൊണ്ട് അയാൾ ക്ഷേത്ര മതിലിൽ തന്റെ വാള് കൊണ്ട് ഒരു അടയാള വാക്യം കുറിച്ചു.”മടങ്ങി വന്നാൽ പള്ളി”.
കേവലം രണ്ട് കടന്നലുകൾക്ക് മുൻപിൽ പന്തീരായിരം പട തോറ്റോടിയ വാർത്ത വിജയാദ്രി ദേശമാകെ പരന്നു.
ജനങ്ങൾ ആഹ്ലാദത്തിമർപ്പിൽ ആറാടി.കിഴക്കേതിൽ തറവാട്ടിലും സ്ഥിതി മറിച്ചായിരുന്നില്ല.
സംശയം ലേശം ല്ല്യ ഇത് സാക്ഷാൽ വിജയാദ്രി പെരുമാൾ തന്നെ.പെരുമാളിന്റെ നേരെയ കള്ളപ്പന്നിയുടെ കളി.ഗുരുക്കൾ സന്തോഷം മറച്ച് വച്ചില്ല.