പുനഃർജ്ജനി – 3 35

Punarjani Part 3 by Akhilesh Parameswar

Previous Part

ശിവശങ്കര പണിക്കരും മാധവൻ ഗുരുക്കളും കൂടെ പത്തോളം വിശ്വസ്തരായ കോൽക്കാരും ദേശത്തിന്റെ കാവൽ ദൈവമായ വിജയാദ്രി തേവരുടെ മുൻപിലെത്തി.

വിജയാദ്രി ക്ഷേത്രം;വർഷങ്ങളുടെ പഴക്കത്തിൽ തലയുയർത്തി നിൽക്കുന്ന മഹാത്ഭുതം.

സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ശ്രീരാമ – ലക്ഷ്മണ ക്ഷേത്രമാണ്.

ക്ഷേത്രമുറ്റത്തെ കൂറ്റൻ സ്വർണ്ണ കൊടിമരങ്ങളിൽ പണിക്കർ വിരലോടിച്ചു.

ഒരു നിമിഷം പണിക്കരുടെ മനസ്സ് വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചു.

വെന്നിമല കോട്ടയുടെ ചുവരുകൾ ഭേദിച്ച കുതിര കുളമ്പുകളുടെ മാസ്മരിക നാദം.അതിനിടയിൽ വാളും പരിചയും കൂട്ടി മുട്ടുന്നു.

യുദ്ധം,അതി തീവ്രമായ യുദ്ധം.ഒരു വശത്ത് ചേരമാൻ പെരുമാൾ ഭാസ്കര രവിവർമ്മൻ രണ്ടാമന്റെ പട, മറു വശത്ത് ഉള്ളാടർ.

ശക്തമായ യുദ്ധ ഭൂമിയിൽ ഉറുമി ചുഴറ്റി ശത്രുവിന്റെ ചോരയിൽ കുളിച്ചു നിൽക്കുന്ന ദേവരാജ പണിക്കർ.തന്റെ അച്ഛൻ.

യുദ്ധം ജയിച്ച് കോട്ട പിടിച്ചെടുത്ത ചേരമാൻ പെരുമാൾ അച്ഛന്റെ കരം ഗ്രഹിക്കുന്നു.

പണിക്കർ ഇത് നിന്റെ സ്വത്ത്.നാടിനും നാട്ടാർക്കുമുള്ള കാവൽ ഇനി നിനക്കും നിന്റെ കുടുംബത്തിനും നിക്ഷിപ്തം.

തമ്പുരാൻ..ഗുരുക്കൾ തോളിൽ കൈ വച്ചപ്പോഴാണ് പണിക്കർ ചിന്തയിൽ നിന്നുണർന്നത്.

കവിളിലേക്ക് ഒഴുകിയിറങ്ങിയ നീർമുത്ത് വടിച്ചെറിഞ്ഞു കൊണ്ട് പണിക്കർ ഗുരുക്കളെ നോക്കി.

ഗുരുക്കളെ പെരുമാളിന്റെ സ്വത്ത് മോഹിച്ചവന് ഇവിടെ നിന്നും ഒരു വെള്ളിത്തുട്ട് പോലും കിട്ടരുത്.

സ്വർണ്ണം,വെള്ളി,പവിഴം എന്ന് വേണ്ട വിലയേറിയ എല്ലാ വസ്തു വകകളും എത്രയും വേഗം ശേഖരിക്കുക.കൊടി മരം പിഴുതെടുക്കുക.

പണിക്കരുടെ ആജ്ജ കേട്ടതും ഗുരുക്കളുടെയും കൂട്ടാളികളുടെയും നെഞ്ച് കിടുങ്ങി.

പെരുമാളിന്റെ കൊടിമരം പിഴുതെടുക്കുക എന്നാൽ പെരുമാളെ ഇളക്കി മാറ്റുന്നതിന് തുല്ല്യം.

ഒന്ന് കൂടി ആലോചിച്ചിട്ട്,ഗുരുക്കൾ പൂർത്തിയാക്കും മുൻപ് പണിക്കർ കൈ ഉയർത്തി.

ഇനിയൊരു പുനരാലോചനയില്ല ഗുരുക്കളെ.പറഞ്ഞത് ചെയ്യുക. പണിക്കർ ഗൗരവം വരുത്താൻ പരമാവധി ശ്രമിച്ചു.

ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നുറപ്പായ ഗുരുക്കൾ അനുയായികളെ കണ്ണ് കാണിച്ചു.

പിന്നെയെല്ലാം നിമിഷ വേഗത്തിലായിരുന്നു.കൊടിമരങ്ങൾ വടവും തടിയും കൂട്ടി കെട്ടി.