ജോലികഴിഞ്ഞു എല്ലാരും പോവാൻ തയ്യാറായി. അപ്പോഴാണ് സൂപ്പർവൈസർ വന്നു പറഞ്ഞത് അറബി ഓഫിസിലേക്കു വിളിച്ചു എന്ന്. സംശയത്തോടെ അവൻ ഓഫീസിലെത്തി. അറബി കാസിമിനോട് ഇരിക്കാൻ പറഞ്ഞു. അവനു മടിയായതിനാൽ ഇരുന്നില്ല. അറബി എഴുന്നേറ്റു അരികത്തു വന്നു. എന്നിട്ടു മേശപ്പുറത്തു ഇരുന്ന ഒരു കുഞ്ഞു പാക്കറ്റ് എടുത്തു തന്നിട്ട് തുറക്കാൻ പറഞ്ഞു. അത് തുറന്നു നോക്കിയ അവൻ കണ്ടത് ഒരു ജോഡി സ്വർണ കമ്മലുകളാണ്. അവനു അതിശയമായി. അപ്പോൾ അറബി പറഞ്ഞു
“ഇത് കാസിമിന്റെ കുഞ്ഞു മോൾക്കുള്ളതാണ്. അവൾക്കു കൊടുക്കണം.”
കാസിമിന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. അവൻ തലകുമ്പിട്ടു. അറബിക്ക് നന്ദി പറഞ്ഞു. അറബി ഉടൻ തന്നെ ഒരു പ്ലാസ്റ്റിക് കവർ അവനു എടുത്തു കൊടുത്തു. അതിനു നല്ല ഭാരം തോന്നി. എന്തെന്ന് അറിയാൻ അവൻ ഉള്ളിലേക്ക് നോക്കിയപ്പോൾ കണ്ടത് നല്ലപോലെ പാക്ക് ചെയ്ത ഒരു ബോക്സ് ആണ്. അതിന്റെ മുകളിലത്തെ പ്ലാസ്റ്റിക് അടപ്പിൽ കൂടി നല്ല ഭംഗിയുള്ള ഈത്തപ്പഴങ്ങൾ അവൻ കണ്ടു. ഒരുപാട് വിലയുള്ള ഈത്തപ്പഴങ്ങൾ ആണത്. അറബികൾക്കല്ലാതെ മറ്റുള്ളവർക്ക് കണികാണാൻ പോലും കിട്ടാത്തത്. അവന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അറബിയോട് അവനു ഒരുപാട് നന്ദി തോന്നി.
പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന അറബിയോട് സലാം പറഞ്ഞു അവൻ കമ്പനി വണ്ടിക്കരികിലേക്കു നടന്നു.
തനിക്കൊരു കുഞ്ഞു മകൾ ഉണ്ടെന്നും, ഒരുപാട് പ്രയാസങ്ങൾ ഉണ്ടെന്നും ഉള്ള കാര്യം മനസ്സിലാക്കി സൂപ്പർവൈസർ അറബിയോട് പറഞ്ഞതിന്റെ ഫലമാണിത് കാസിം ഈത്തപ്പഴം ചോദിച്ച കാര്യം അറബി സൂപ്പർവൈസറോട് പറഞ്ഞിരുന്നു. പിന്നീടാണ് അറബിയുടെ മകൾ വന്നതും കാസിം കാണിച്ച സ്നേഹവും എല്ലാം അറബി കണ്ടതും.നാട്ടിലെത്തുമ്പോൾ തുള്ളിച്ചാടികൊണ്ടു ഓടി വരുന്ന കുഞ്ഞുമോളെ ഓർത്തുകൊണ്ട് ക്യാമ്പിലേക്കുള്ള യാത്രയിൽ അവൻ സന്തോഷത്തോടിരുന്നു.