ഈ ഈന്തപ്പഴങ്ങൾ വിളഞ്ഞു കഴിയുമ്പോൾ അതിൽ നിന്നും കുറച്ചു ചോദിക്കണം എന്ന് അവനു ആഗ്രഹമുണ്ട്. പക്ഷെ ചോദിക്കാൻ പേടിയാണ്. വിളഞ്ഞ ഈത്തപ്പഴങ്ങൾ കഴിഞ്ഞ വർഷം പായ്ക്ക് ചെയ്തു ഉടമസ്ഥന്റെ വലിയ ട്രക്കിൽ കയറ്റി അയക്കുമ്പോൾ ഒരെണ്ണം പോലും രുചിച്ചു നോക്കാൻ സൂപ്പർവൈസർ അനുവദിച്ചില്ല.
ഉടമസ്ഥൻ അറബി വരുമ്പോൾ അവസരം നോക്കി അനുവാദം ചോദിക്കണം..
ഒരു ദിവസം പതിവില്ലാതെ അറബി കാസിമിനെ ഓഫീസിലേക്ക് വിളിപ്പിച്ചു. അറബിയുടെ കുഞ്ഞു മകൾ അടുത്ത ദിവസം വരും അപ്പോഴത്തേക്കും കുറച്ചു റോസാച്ചെടികൾ കൊണ്ട് വെക്കണം. റോസ് അവൾക്കു വലിയ ഇഷ്ടമാണ് എന്നും പറഞ്ഞു. കാസിം ചെയ്യാമെന്ന് പറഞ്ഞു. അറബിയോട് സംസാരിക്കാൻ കിട്ടിയ അവസരം വിനിയോഗിക്കാൻ അവൻ തീരുമാനിച്ചു. അറിയാവുന്ന ഇംഗ്ലീഷും അറബിയും ചേർത്ത് ഒരുവിധത്തിൽ നാട്ടിൽ പോകുന്ന കാര്യവും കുറച്ചു ഈത്തപ്പഴം തരാമോ എന്നും ചോദിച്ചു. അറബി അവനെ വെറുതെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ചോദിച്ചത് ഇഷ്ടപ്പെട്ടില്ല എന്നും ചോദിക്കണ്ടായിരുന്നു എന്നും അവനു തോന്നി. വേഗം വെളിയിൽ ഇറങ്ങി നടന്നു.
പിറ്റേന്ന് തന്നെ റോസാച്ചെടികൾ കമ്പനിയിൽ നിന്നും കൊണ്ട് വന്നു പലയിടങ്ങളിലായി ഭംഗിയായി വച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അറബിയും ഭാര്യയും കുട്ടികളുമെത്തി. അതിൽ ഒരു കൊച്ചു മിടുക്കി വണ്ടിയുടെ വാതിൽ തുറന്നു ചാടിയിറങ്ങി. റോസാച്ചെടികൾ കണ്ടു അവൾ തുള്ളിച്ചാടി. കാസിം അതുകണ്ടു സന്തോഷവാനായി. പെട്ടന്ന് അവൾ ഓടിച്ചെന്ന് ഒരു പൂവ് പറിക്കാനായി റോസാച്ചെടിയിൽ പിടിച്ചു. മുള്ളുകൾ കൊണ്ട് അവളുടെ കൈ മുറിഞ്ഞു ചോര പൊടിഞ്ഞു. അവൾ കരയാൻ തുടങ്ങി. കാസിം ഓടിയെത്തി അവളെ കോരിയെടുത്തു ടാപ്പ് തുറന്നു കൈകൾ കഴുകി. സെക്യൂരിറ്റി റൂമിൽ നിന്നും ഫസ്റ്റ് എയിഡ് ബോക്സെടുത്തു കുഞ്ഞു മുറിവുകളിൽ മരുന്ന് തേച്ചു കൊടുത്തു. അവളുടെ കരച്ചിൽ മാറി. ഇതെല്ലം കണ്ടു അറബിയും ഭാര്യയും ഒന്നും മിണ്ടാതെ നിന്നു. എങ്കിലും അവരുടേ കണ്ണുകൾ സന്തോഷത്താൽ തിളങ്ങുന്നുണ്ടായിരുന്നു. കാസിം കുറച്ചു റോസാപുഷ്പങ്ങൾ പറിച്ചു നല്ലരീതിയിൽ കെട്ടി ആ കുഞ്ഞു മിടുക്കിക്ക് കൊടുത്തു. അവൾക്കു ഒരുപാട് സന്തോഷമായി.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. നാട്ടിലേക്ക് പോകാൻ കാസിം തയ്യാറായി. അടുത്ത ആഴ്ച പോകണം. ഇന്ന് ഈത്തപ്പഴങ്ങൾ പറിക്കേണ്ട ദിവസമാണ്. കമ്പനിയിൽ നിന്നും കുറച്ചു ആൾക്കാർ കൂടി എത്തിയിട്ടുണ്ട്. എല്ലാരും ചേർന്ന് ഈത്തപ്പഴങ്ങൾ പറിച്ചു പായ്ക്ക് ചെയ്തു. എല്ലാം ട്രക്കിൽ കയറ്റിയയച്ചു. കാസിം മനസ്സിൽ വിങ്ങലോടെ അത് നോക്കി നിന്നു. കടയിൽ നിന്നും, ഉള്ള കാശിനു കുറച്ചു വാങ്ങാമെന്ന് സമാധാനിച്ചു.