പകർന്നാട്ടം – 1 (Crime Thriller) 31

Pakarnnattam Part 1 by Akhilesh Parameswar

ആദിത്യ കിരണങ്ങൾ കത്തി ജ്വലിക്കുമ്പോഴും കിഴക്കൻ കാവ് വിഷ്ണു മൂർത്തി – ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് നിലച്ചില്ല.

വടക്കേ മലബാറിലെ ഒരു കൊച്ച് ഗ്രാമമായ കണ്ണാടിപ്പാറ നിവാസികൾക്ക് കിഴക്കൻ കാവ് ക്ഷേത്രത്തിലെ കളിയാട്ടം ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്.

പേര് പോലെ തന്നെ കിഴക്കേ ദിക്കിൽ സ്ഥിതി ചെയ്യുന്ന വലിയൊരു കാവുണ്ട് ഗ്രാമത്തിൽ,അതിന് ഓരം ചേർന്ന് വിഷ്ണു മൂർത്തിയും ചാമുണ്ഡേശ്വരിയും സ്ഥാനം പിടിച്ചു.

വെയിൽ എത്ര കനത്താലും കിഴക്കൻ കാവിൽ ഇരുട്ട് തങ്ങി നിൽക്കും. എപ്പോഴും ഇളം തെന്നൽ വീശുന്ന കാവിനകം ഏത് വേനലിലും കുളിർമ്മ പകരും.

വെള്ളി കിണ്ടിയിൽ പകർന്നെടുത്ത ഇളനീർ ചുണ്ടോട് ചേർക്കുമ്പോൾ രാമൻ പണിക്കരുടെ മുഖത്ത് വല്ലാത്ത തീഷ്ണതയായിരുന്നു.

പരദേവതയുടെ തിരുമുടിയണിഞ്ഞു ദേവാംശത്തെ തന്നിലേക്ക് ആവാഹിച്ച രാമൻ പണിക്കരുടെ കൈയ്യിൽ നിന്നും കിണ്ടി വഴുതി വീണു.

കണ്ണുകൾ പിന്നിലേക്ക് മറിയുന്നു.. കണ്മുന്നിൽ ആയിരം ആദിത്യന്മാർ ഒന്നിച്ചുദിച്ച പോലെ.തെയ്യം കൂടി..ആരോ പിറുപിറുത്തു.

ഇനി രാമൻ പണിക്കരില്ല. കാലഭേദങ്ങൾക്ക് മായ്ക്കാൻ കഴിയാത്ത ശക്തി വിശേഷണം മാത്രം.

തൊട് കുറിയും മുഖത്തെഴുത്തുമായി ചെമ്പട്ടുടുത്ത് തിരുമുടിയും കുരുത്തോലയുമണിഞ്ഞ ശക്തി മാത്രം.

പാതി മനുഷ്യനും പാതി മൃഗവുമായ സംഹാര മൂർത്തി രാമൻ പണിക്കരിൽ ആവേശിച്ചു കഴിഞ്ഞു.

രാമൻ പണിക്കരെന്ന തെയ്യം കലാകാരൻ കണ്ണാടിപ്പാറക്കാരുടെ സ്വകാര്യ അഹങ്കാരമാണ്.

വയസ്സ് അൻപത് പിന്നിട്ടെങ്കിലും ഇന്നും ഇരുപതിന്റെ ചുറുചുറുക്കുണ്ട് പണിക്കർക്ക്.

ഇക്കാലമത്രയും കെട്ടിയാടിയ തെയ്യങ്ങൾക്ക് കണക്കില്ല. കതിവന്നൂർ വീരനും കണ്ടനാർ കേളനും തൊട്ട് വയനാട്ട് കുലവൻ വരെയും.

ഇരുപത്തി അഞ്ചാം വയസ്സിൽ ഒറ്റക്കോലം കെട്ടി,ദേശാധികാരിയിൽ നിന്നും പട്ടും വളയും മേടിച്ച് പണിക്കർ സ്ഥാനം നേടി.

നല്ല പ്രായത്തിൽ വിവാഹം കഴിക്കാതെ സർവ്വ സുഖവും തെയ്യക്കോലങ്ങൾക്ക് ഉഴിഞ്ഞു വച്ച പണിക്കർക്ക് ആകെയുള്ളത് ശ്രീക്കുട്ടി എന്ന വളർത്ത് മകൾ മാത്രം.

പതി താളത്തിൽ തുടങ്ങി രൗദ്ര താളത്തിലേക്ക് ഗതി മാറിയ അസുര വാദ്യത്തിന്റെ മേളക്കൊഴുപ്പിൽ പരദേവത ഉറഞ്ഞാടുമ്പോൾ സംഭവിച്ചു പോയ ദുരന്തം പണിക്കർ അറിഞ്ഞില്ല.

തെയ്യത്തിന് വിളക്ക് പിടിച്ചു നിന്ന വാസു മൂത്താന്റെ ചെവിയിൽ ആരോ ആ ദുരന്ത വാർത്ത മൊഴിഞ്ഞു.

രാമൻ പണിക്കരുടെ മോള് മരിച്ചു.
മൂത്താരുടെ ഉള്ള് കിടുങ്ങി.കൈ വിറച്ചു,കുത്ത് വിളക്കിലെ തിരി കാറ്റിലുലഞ്ഞണഞ്ഞു.

4 Comments

  1. *വിനോദ്കുമാർ G*

    തുടക്കം കൊള്ളാം ❤?

  2. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️

  3. ജിoമ്മൻ

    നന്നായിട്ടുണ്ട്…… കഥ വായിക്കുമ്പോൾ തന്നെ അടുത്ത പാർട്ട്‌ വായിക്കാൻ തോന്നും ഇങ്ങനെ ആയിരിക്കണം കഥ എഴുതേണ്ടത്….. keep it up

  4. Dark knight മൈക്കിളാശാൻ

    നല്ല തുടക്കം

Comments are closed.