നീർമിഴിപ്പൂക്കൾ [Malayalam Novel] 35

ബിനോയ് മനുവിനെ തന്റെ കാറിനടുത്തേക്ക് ഉന്തികൊണ്ടുപോയി.
മുൻ ഭാഗത്തെ ഡോർ തുറന്നപ്പോൾ അത്തറിന്റെ മണം ഒഴുകിയെത്തി.
ആദ്യമായിട്ടായിരുന്നു മനു അത്തരത്തിലുള്ള ഒരു ഗന്ധം ആസ്വദിക്കുന്നത്.
മനുവിനെ മുൻസീറ്റിലിരുത്തി വീൽചെയർ മടക്കി കാറിന്റെ ഡിക്കിൽ വച്ച് ബിനോയ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു.

“ടാ…സീറ്റ് ബെൽറ്റ് ഇട്രാ….. ”
മനു സീറ്റിന്റെ ചുവട്ടിലേക്ക് നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല.
ബിനോയ് സീറ്റിന്റെ പുറകിൽനിന്നും ബെൽറ്റ് വലിച്ചൂരി ലോക് ചെയ്യ്തു..

“വിട്ടാലോ.. ”
ബിനോയ് ഒരു പുഞ്ചിരിയോടെ ചോദിച്ചു.

“ഉം” മനു മൂളി

“അച്ചോ… ന്നാ ശെരി ട്ടാ… ഞാൻ മറ്റേ സാധനം കൊടുത്തയാക്കാം, എൻജിനിയർ വന്ന എനിക്കൊന്നു വിളിക്കാൻ പറ ആ ഗടിയോട്…”

“ഉവ്വ് കുഞ്ഞേ…. പറയാം, വൈകണ്ട മക്കള് പൊക്കോ….”

അച്ഛൻ അവരെ യാത്രയാക്കി..

കാറിന്റെ വിൻഡോ ഗ്ലാസ് പൊക്കി ബിനോയ്
എ സി ഓൺ ചെയ്തു..
എണ്പതുകളിലെ മലയാളം പാട്ടുകൾ ഒഴുകിഎത്തി…

കാറിനുള്ളിലെ ഡാഷ് ബോർഡിൽ നിറയെ പുസ്തകങ്ങൾ ഇരിക്കുന്നത് മനു ശ്രദ്ധിച്ചു..
അവ ഓരോന്നായി എടുത്തുമറിച്ചു നോക്കി.

“സർ വായിക്കോ…”

“ചിലപ്പോ… ടൈമില്ലട….ഓരോ തിരക്ക് ..”

ബഷീറിന്റെ ബാല്യകാലസഖി കൈയിൽ കിട്ടിയപ്പോൾ മനു ആ പ്രണയകാവ്യം ഒന്ന് വിരൽ കൊണ്ട് തലോടി. മതിയെ മറിച്ചു നോക്കി..

ബാല്യകാല സഖി,
വൈക്കം മുഹമ്മദ് ബഷീർ.

അതിനു താഴെയായി ‘പ്രിയ’ എന്ന് എഴുതിയിട്ടുണ്ടായിരുന്നു…

“പ്രിയ..” മനു അറിയാതെ പറഞ്ഞു..

“അതേ…
മ്മടെ ടാവാ… ഒറ്റ മോള്.. ഇപ്പൊ പഠിക്കാ ഗടി… പുസ്തകം ന്ന് വച്ചാൽ ഭ്രാന്താ പെണ്ണിന്..
ന്റെ പോക്കേറ്റിന്ന് ദിവസം പോകും അഞ്ഞൂറ് രൂപ…. അതൊക്കെ പുസ്തകങ്ങളായി തിരിച്ചാവരും. ഹഹഹ…

ബിനോയ് പൊട്ടിച്ചിരിച്ചു….

“മനു.. നിനക്ക് എന്തുട്ട ജോലി…”

“ജോലി… എഴുത്താണ്…. ചില വാരികക്കും മാസികക്കും വേണ്ടി നോവൽ എഴുതികൊടുക്കും…അതിൽ നിന്നും കിട്ടുന്ന ചെറിയ വരുമാനം..

“ആഹ്‌ഹ…. നല്ല കാര്യമാണ്… വിവാഹം?..”

അത് കേട്ടതും മനു ബാല്യകാലസഖി എടുത്ത് നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.

“ഇല്ല…”

“ങേ…ന്തടാ.. പെണ്ണ് കിട്ടില്ല്യേ….”

“രണ്ടു കാലും ചലനശേഷിയില്ലാത്ത എനിക്ക് ആര് പെണ്ണ് തരും…”

“നീ യെന്ത് കോപ്പിലെ വർത്താനാ പറയണേ…
ഒരു കാലില്ലാത്ത അൻസാർന് പെണ്ണ് കിട്ടിയില്ലേ… പിന്നാ നീ… ഒന്ന് പോയേട…”

“ആരാ അൻസാർ …”

“എന്റെ കൂട്ട്കാരനാ..
നീ പേടിക്കേണ്ടടാ.. ഓരോ നെൽമണിയിലും, അത് തിന്നേണ്ട ഗടിടെ പേര് ണ്ടാവും…”

മനു മനസിൽ ഒന്ന് പുഞ്ചിരിച്ചു…
സുസ്മേരവതിയായി നിൽക്കുന്ന പ്രിയയുടെ മുഖം അവന്റെ മനസിൽ തെളിഞ്ഞു.

കാലവർഷം ശക്തിപ്രാപിക്കാൻ തുടങ്ങി മഴത്തുള്ളികൾ ഗ്ലാസിൻമേൽവന്ന് പതിച്ചു.
ബിനോയ് കാറിന്റെ വൈപ്പർ ഇട്ട് വെള്ളം തുടച്ചുനീക്കി

കാറിന്റെ വേഗത കൂടിയത്കൊണ്ടാകാം പ്രതീക്ഷിച്ച നേരത്തിന് മുൻപേ അവർ തൃത്താല എത്തിയത്.

“മനു…. എനിക്ക് വഴി അറിയില്ല്യ ട്ടാ…”

“ഞാൻ പറഞ്ഞു തരാം സർ…”

വീട്ടിലേക്കുള്ള വഴി മനു കൃത്യമായി ബിനോയ്ക്ക് പറഞ്ഞുകൊടുത്തു.

മനുവിന്റെ വീടിന് മുൻപിലുള്ള തോടിന് ചാരി കാർ വന്നു നിന്നു..
ഒഴിഞ്ഞ പറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ആ കാർ കണ്ട് ഓടിവന്നു.

ബിനോയ് ഇറങ്ങി ഡിക്കിൽ നിന്ന് വീൽചെയർ എടുത്ത് തോടിന് അപ്പുറത്തുള്ള മനുവിന്റെ വീടിന് മുൻപിൽ വച്ചു,എന്നിട്ട് മനുവിനെ കാറിന്റെ മുൻസീറ്റിൽ നിന്നെടുത്ത് തോടിന് കുറുകെ നടന്ന് വീൽചെയറിൽ കൊണ്ടിരുത്തി.

ബിനോയിയുടെ പരിചരണവും സ്നേഹവും മനുവിന്റെ മിഴികളെ ഈറനണിയിച്ചു.

ബിനോയ് വീൽ ചെയർ ഉന്തി അകത്തേക്ക് കയറുമ്പോൾ കാറിന്റെ അലാറം നിറുത്താതെ അടിച്ചു.

“മനു ഒരു മിനിറ്റ്…”

ബിനോയ് ഓടിച്ചെന്ന് കാറിന്റെ ഡോർ തുറന്നടച്ചു.

തിരിച്ചുവന്ന ഉടനെ മനു ചോദിച്ചു

“എന്താ സർ..”

“ഏയ്…ഒന്നുല്ല ഡോർ ലോക് ആയില്ല അതാ..”

“ഞാൻ കരുതി കുട്ടികൾ വല്ലതും.. “

“ഏയ്…”

ബിനോയ് വീൽചെയർ ഉന്തി അകത്തേക്ക് കടന്നു.

ചെറിയ ഹാളിൽ കൃഷ്ണന്റെ വിഗ്രഹവും കുരിശും കണ്ട ബിനോയ് അത്ഭുതത്തോടെ ചോദിച്ചു

“എടാ മനു , മ്മടെ പടച്ചോന്റെ ഫോട്ടോ എവട്രാ…

മനു പുഞ്ചിരിച്ചുകൊണ്ട് അപ്പുറത്തേക്ക് ചൂണ്ടിക്കാണിച്ചു..
മക്കയിലെ കിബിലയുടെ ഫോട്ടോ ഫ്രെയിം ചെയ്ത് വച്ചിരിക്കുന്നു.

“ഇവിടെ വക്കാൻ സ്ഥലമില്ലതൊണ്ട സർ”

അപ്പോഴേക്കും മനുവിന്റെ അമ്മ ചായയുമായി വന്നു..

“എവിടാ നിന്റെ എഴുത്തുപുര…”

“സർ വരൂ..”
മനു ബിനോയ്‌യെ കൂട്ടി അവന്റെ റൂമിലേക്ക് നീങ്ങി…
വാതിൽ തുറന്ന ബിനോയ് ഉള്ളിലെ കാഴ്ചകൾ കണ്ട് അത്ഭുതപ്പെട്ട് നിന്നു..

മനുവിന്റെ മുറിയുടെ ഡോർ തുറന്ന ബിനോയ്
ഉള്ളിലെ കാഴ്ചകൾകണ്ട്
അത്ഭുതപ്പെട്ടുനിന്നു.
ഒറ്റമുറിക്കുള്ളിൽ നിറയെ പുസ്തകങ്ങൾ…

“എന്തുട്ടാണ്ടാ ദ്‌……”

“എന്റെ സമ്പാദ്യം…”മനു പുസ്തകങ്ങളെ നോക്കിക്കൊണ്ട് പറഞ്ഞു.

ബിനോയ് ആ മുറിയിലേക്ക് കാലെടുത്തുവച്ചപ്പോൾ
ഓർമ്മകൾ അയ്യാളെ പഴയ കോളേജ് പഠന കാലത്തേക്ക് കൊണ്ടുപോയി…
അൽപ്പനേരം ബിനോയ് മൗനത്തോടെ നിന്ന്
പുസ്തകങ്ങളിലൊക്കെ വിരലോടിച്ചു.

“ഒരുപാടുണ്ടല്ലോ മനു..”

“ഉവ്വ് സർ , ദേ… ഇത് കണ്ടോ… എന്നെ ഞാനാക്കിമാറ്റിയ,
എന്നിൽ പ്രണയിക്കാൻത്തക്ക ഒരു ഹൃദയമുണ്ടെന്ന്
കാണിച്ചു തന്നവൾ”
മനു അയാൾക്ക് നേരെ വെളിച്ചം കാണാത്ത താൻ എഴുതിയ
ഒരു നോവൽ എടുത്തുകൊടുത്തു….

ബിനോയ് ആ നോവൽ വാങ്ങിനോക്കി,
ഫയലിൽ സൂക്ഷിച്ചിരിക്കുന്ന കുറെ പേപ്പറുകൾ,
നീലമഷി കൊണ്ട് ആദ്യപേജിൽ തന്നെ മനു ഇങ്ങനെ കുറിച്ചിട്ടുണ്ടായിരുന്നു.

‘കൊഴിഞ്ഞുവീണിട്ടും മലരേ നിന്റെ ആർദ്രമാം സ്നേഹത്തെ തിരിച്ചറിയാൻ വൈകി’
മനു കൃഷ്ണൻ

“പ്രണയമാണല്ലോ മനു…”

3 Comments

  1. Ippo ezhutharille…
    Ee kadha um ishtapettu
    Vayikkan vaiki poyi
    ❤❤❤❤❤❤❤❤❤

  2. Vinu super ennu paranjal super.
    Thanks for a good novel.

Comments are closed.