ബിനോയുടെ ബുള്ളറ്റിന്റെ ശബ്ദം കേട്ട രാമേട്ടൻ കൂടെയുള്ളവരോട് പറഞ്ഞു..
“ഹാ… ദേ വരുന്നു… ഗടി…”
പുറത്ത് മഴ ചെറുതായി ചാറിയിരുന്നു, തലയിൽ വീണ
മഴത്തുള്ളികൾ വലം കൈകൊണ്ട് കുടഞ്ഞ്
രാമേട്ടന് നേരെയുള്ള മരത്തിന്റെ കസാരയിൽ ബിനോയ് ഇരുന്നു.
“അപ്പൊ രാമേട്ട, എന്നാ പുസ്തകം പ്രകാശനം ചെയ്യണെ”
“സേവ്യറ് അടിച്ചു വച്ചിട്ടുണ്ട് ന്നാ പറഞ്ഞേ…
പറ്റുച്ച ഈ ഞായർ, മ്മടെ ‘സജീവ് മുതുവറ’ ടെ ചെറുകഥാ
സമാഹാരവും ണ്ട് അന്ന് തന്നെ..”
“ഹൈ… അതാര… ”
ബിനോയ് ആടിക്ക് കൈകുത്തി കൊണ്ട് ചോദിച്ചു…
” മ്മടെ പപ്പേട്ടന്റെ മോൻ…”
വെള്ളകാജാ ബീഡി ആഞ്ഞു വലിച്ച്
പുകപുറത്തേക്ക് ഊതിവിട്ട്
ബിനോയുടെ പിന്നിൽ എം ടി യുടെ ‘രണ്ടാംഊഴം’
നെഞ്ചോട് ചേർത്ത് ചാരുകസേരയിൽ മലർന്നു
കിടക്കുന്ന കൂട്ടത്തിലെ പ്രായം ചെന്നയാൾ പറഞ്ഞു.
“ഡോ കാർന്നൊരെ… വല്ലാണ്ട് ആ സാനം വലിച്ചു കേറ്റണ്ട.. നിർത്തിക്കൂടെ @#$@&
മുഖത്തേക്ക് അടിച്ച പുക കൈകൊണ്ട് വീശി
മാറ്റിട്ട് ബിനോയ് ചോദിച്ചു.
“നിന്റെ അപ്പൻ പറഞ്ഞിട്ട് മാറ്റിയിട്ടില്ല ഈ ഡേവിസ്… പിന്നാ നീ…”
അയ്യാൾ വീണ്ടും കാജാ ബീഡി ചുണ്ടോട് ചേർത്തുവച്ചു..
“തെന്തുട്ട് സാനാ സ്റ്റാ…” ബിനോയ് രമേട്ടനോട് ചോദിച്ചു.
“ഹഹഹ നീ യത് വിടെ… “
“ഞാൻ വന്നത് വേറൊരു കാര്യത്തിനാ..
മ്മടെ ഒരു ടാവ് ണ്ട്, നല്ല എഴുത്തുകാരനാ,
സേവ്യറേട്ടൻ അടിച്ചുവച്ചിട്ടുണ്ട് നോവൽ . പ്രകാശനം ചെയ്യാൻ…
രാമേട്ടന്റെ കൂടെ ചെയ്‍തൂടെ.”
“അതിപ്പോ… “
“ഹൈ,… ആ ടാവിന്റെ ആദ്യ നോവലാണ് രമേട്ടാ… നല്ല കഴിവുള്ള ഗട്യോളോക്കെ വരട്ടെ സാഹിത്യ ലോകത്ത്…”
“നീ പറഞ്ഞാൽ പിന്നെ അപ്പീലുണ്ടോ….? നീയല്ലേ മ്മടെ ഖജനാവ്… ഹഹഹ..”
രാമേട്ടൻ ആർത്തു ചിരിച്ചു..”
“ഉവ്വ് ഉവ്വേ,…
“എടാ… ബിനോയെ… ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ്… സമയം ഞാൻ പറയാ ട്ടാ..”
“എന്നാ ശെരി ഞാൻ ഇറങ്ങാട്ടെ, നാളെമ്മടെ കൊച്ചിനെ പെണ്ണ് കാണാൻ വരുന്നുണ്ട്.. “
“ആരെ… പ്രിയമോളെ…”
“ഉം..”
“ഹഹഹ…. ഞാൻ കരുതി വല്ല പ്രണയവിവാഹം ആയിരിക്കും നടക്കാ ന്ന്..”
“ഇതിപ്പോ അവരുടെ നിർബന്ധത്തിനാ .
കൊച്ചിനെ അവർക്ക് നാളെ തന്നെ കാൺണം ന്ന്…
പയ്യൻ യു എസിൽ പോവ്വാ ബുധനാഴ്ച്ച. അവള്
സമ്മയ്ക്കോ ന്ന് എനിക്ക് ഒരു പ്രതീക്ഷല്ല്യ ട്ടാ…”
“അതൊക്കെ ശെരിയാകും…
നീയയൊന്ന് ടെൻഷനടിക്കാതെ ഇര്ന്നേട…”
“ഉം… ഞാൻ ന്നാ സ്കൂട്ടയാലോ, ഇപ്പോതന്നെ വൈകി,
രാത്രിക്ക് നല്ല മഴക്കുള്ള കോളുണ്ട്.” പുറത്തേക്ക് നോക്കിക്കൊണ്ട് ബിനോയ് ചോദിച്ചു
“എന്ന നീ വിട്ടോ..
ബിനോയ് യാത്ര പറഞ്ഞ് ഇറങ്ങി..
ബൈക് എടുത്ത് സെൽഫ് അടിച്ചെങ്കിലും മഴ നനഞ്ഞ കാരണം സ്പർക്കിങ് കിട്ടിയിരുന്നില്ല.
കിക്കറടിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തു പതിയെ ഓടിച്ചു പോയി.
മഴയുടെ ശക്തി ക്രമാതീതമായി കൂടി
ഓരോ മഴത്തുള്ളിയും വലിയ കല്ല് വന്നുപതിക്കുന്നപോലെ തോന്നി അയാൾക്ക്.
വണ്ടി ഒതുക്കി റൈൻകോട്ട് എടുത്തുധരിച്ചു.
മഴത്തുള്ളികൾ റോഡിൽ വന്ന് ആനന്ദനൃത്തമാടുന്നത്
ദൂരെ നിന്ന് തന്നെ ബിനോയ് ആസ്വദിച്ചിരുന്നു.
വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുമ്പോൾ അവയെല്ലാം
ചിന്നിച്ചിതറുന്നത് ഹെഡ് ലൈറ്ന്റെ വെളിച്ചത്തിൽ
നോക്കിനിൽക്കാനെ അയ്യാൾക്ക് കഴിഞ്ഞോള്ളു.
ഹോണടിച്ചുകൊണ്ടായിരുന്നു ബിനോയ്
വീട്ടിലേക്ക് വണ്ടി കയറ്റിയത്, ഉമ്മറത്ത് തന്നെ തന്റെ ഭാര്യ കാത്തുനിൽക്കുന്നത് അയ്യാൾ ശ്രദ്ധിച്ചു,
ബൈക് സൈഡ് സ്റ്റാൻഡിൽ വച്ചിട്ട് ബിനോയ് അകത്തേക്ക് കയറി,
ഹെൽമറ്റ് ഊരി ഭാര്യയുടെ കൈയിൽ കൊടുത്തു.
“പ്രിയയെവിടെ..” നനഞ്ഞ ഷർട്ട് ഉരുന്നതിനിടയിൽ അയ്യാൾ ചോദിച്ചു.
“ആ റൂമിലാ കിടക്ക്ണ്..”
“ഉം…ഞാനൊന്ന് പോയി നോക്കട്ടെ..”
ബിനോയ് കോണിപ്പാടികൾ കയറി അവളുടെ മുറിയിലേക്ക് ചെന്നു.
ഡോർ പതിയെ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു.
ബിനോയ് ആ ഡോർ പതിയെ തുറന്നു.
ജനവതിലിന്റെ രണ്ട് പൊളിയും തുറന്ന് വച്ചിട്ട് അതിനോട് ചാരി
ചാരുകസേരയിൽ ഹെഡ്‌സെറ്റും വച്ച് പാട്ടിനോടൊപ്പം
മഴയുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു പ്രിയ,
“പ്രിയേ…..” ബിനോയ് അവളെ വിളിച്ചു.
ചെവിയിൽ ഹെഡ്സെറ്റ് വച്ചതിനാൽ അവൾക്ക് വിളി കേൾക്കാൻ കഴിഞ്ഞില്ല.
ബിനോയ് ഒന്നുകൂടെ ഉച്ചത്തിൽ വിളിച്ചു.
പെട്ടന്ന് അവൾ തിരിഞ്ഞു നോക്കി
“എന്നതാ പപ്പാ… “
“ഏയ്…ഒന്നുല്ല… ചുമ്മാ വിളിച്ചാടി…”
“ഓ….സന്തോഷം….കാർന്നൊരുപോകുമ്പോൾ ആ ഡോർ അടച്ചോണം….”
ഒരു കല്പനപോലെ അവൾ അയ്യാളോട് പറഞ്ഞു.
“…. ഉത്തരവ് മഹാ റാണി….”
ചെറുപുഞ്ചിരി പാസ്സാക്കി ബിനോയ് ആ റൂമിൽ നിന്ന് പുറത്തേക്ക് കടന്നു.
അപ്പോഴാണ് അയ്യാൾ ഓർത്തത് ‘ഞായറാഴ്ചത്തെ കാര്യം മനുവിനോട് പറഞ്ഞില്ലല്ലോ’ എന്ന്.
ഉടനെ ഫോൺ എടുത്തു മനുവിന് വിളിച്ചു.
“ഹെലോ…മനു… ഞാനാണ് ബിനോയ്..”
“എന്താ സർ പതിവില്ലാതെ..ഈ നേരത്ത്…” മനുവിന് ആകാംക്ഷയായി
“അങ്ങനെ നിന്റെ നോവൽ ഞായറാഴ്ച്ച മലയാളികൾക്ക് സമ്മാനിക്കും”
“സർ . .”
“അതേടോ… ഞായറാഴ്ച ഉച്ചതിരിഞ്ഞ് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് നീർമിഴിപ്പൂക്കൾ എന്ന തന്റെ നോവൽ പ്രകാശനാ ചെയ്യും…. ഹാലോ…ഹാലോ ടാ… മനു….”
“സർ…. ആ കേൾക്കുന്നുണ്ട് . “.
മനുവിന്റെ ശബ്ദം ഇടറുന്നത് ബിനോയ്ക്ക് കേൾക്കാമായിരുന്നു
“ഇന്ന് വെള്ളി… നാളെ ശനി മറ്റന്നാൾ ഞായർ.. നാളെ ഞാൻ സമയം വിളിച്ചു പറയാ..”
“സന്തോഷം സർ… ഇതിനൊക്കെ ഞാൻ എങ്ങനെ നന്ദി പറയണം എന്നറിയില്ല…”
“നന്ദിപറച്ചിലൊന്നും വേണ്ട…നിന്റെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്ത അത് മതിടാ…ന്നാ ഞാൻ പിന്നെ വിളിക്കാട്ടാ..”
ബിനോയ് ഫോൺ കട്ട് ചെയ്തു…
Ippo ezhutharille…
Ee kadha um ishtapettu
Vayikkan vaiki poyi
❤❤❤❤❤❤❤❤❤
Vinu super ennu paranjal super.
Thanks for a good novel.
Super