ആ വിളിയില്‍ കോപമല്ല, ആശങ്കയായിരുന്നു നിഴലിച്ചിരുന്നത്. ഇന്ദിര മറുപടി നല്‍കിയില്ല; അന്ന് മാത്രമല്ല, പിന്നെ ഒരിക്കലും. തന്റെ അടിമത്തത്തില്‍ നിന്നും നിത്യമോചനം പ്രാപിച്ച അവള് സ്വതന്ത്രരുടെ ലോകത്തേക്ക് പറന്നുപോയിക്കഴിഞ്ഞിരുന്നു. അതോടെ തന്റെ രാജത്വം എന്നെന്നേക്കുമായി അവസാനിച്ചു. പ്രജകള്‍ ഇല്ലാത്ത രാജാവിനെപ്പോലെ ഈ പഴയ ജീര്‍ണ്ണിച്ച വീട്ടിലെ തണുത്ത ഏകാന്തതയില്‍ താന്‍ തനിച്ചായി.
ഇന്നും ഭയത്തോടെ മാത്രം തന്നെ കാണുന്ന മക്കള്‍ ആരുംതന്നെ ഇവിടേക്ക് വരാറില്ല. ഇന്ദിരയോട് അവര്‍ക്കുള്ള സ്നേഹം കൊണ്ടാകാം, മാസാമാസം പോസ്റ്റ് ഓഫീസ് വഴി ചിലവിനുള്ള പണം അയച്ചു തരുന്നുണ്ട്. വച്ചു വിളമ്പി നല്കാന് ഇന്നിവിടെ ആരുമില്ല. മിക്ക വീടുകളിലും ഗ്യാസ് അടുപ്പുകള്‍ വന്നപ്പോള്‍, നമുക്കും ഒരെണ്ണം ആയിക്കൂടെ എന്ന് ചോദിച്ച ഇന്ദിരയെ താന്‍ ശകാരങ്ങള്‍ കൊണ്ട് പൊതിഞ്ഞു. വിറകടുപ്പ് മതി എന്ന തന്റെ ആജ്ഞ ഇന്ദിര അനുസരിച്ചു. വാര്‍ധക്യത്തിലും അവള് പറമ്പില്‍ നിന്നും തടിക്കഷണങ്ങള്‍ ശേഖരിച്ച് തീ കത്തിച്ച് തന്നെ ആഹാരം ഉണ്ടാക്കി. ഒരിക്കലും അടുക്കളയുടെ ഉള്‍ഭാഗം കണ്ടിട്ടില്ലാത്ത തനിക്ക്, പച്ചവെള്ളം പോലും കോരിക്കുടിച്ച് ശീലമില്ല. പക്ഷെ ഇപ്പോള്‍ അത് തനിയെ ചെയ്തില്ലെങ്കില്‍ തന്റെ കാര്യങ്ങള്‍ നോക്കനിവിടെ ഈ മച്ചില്‍ കാണുന്ന ചിലന്തികളും പല്ലികളും മാത്രമേ ഉള്ളൂ.
അരി അടുപ്പില്‍ ഇട്ട് തീ ഊതിക്കത്തിച്ച് കഞ്ഞി വയ്ക്കുമ്പോഴും, അരകല്ലില്‍ മുളകും തേങ്ങയും വച്ച് ചമ്മന്തി ഉണ്ടാക്കുമ്പോഴും, തനിക്ക് വിഭവസമൃദ്ധമായ ഊണും പ്രാതലും നല്കാന് ഇന്ദിര അനുഭവിച്ചിരുന്ന കഷ്ടപ്പാടുകള്‍ മുന്പില് തെളിയുകയാണ്. അവളോട് ഒരു നന്ദി വാക്ക് പറയുന്നത് പോയിട്ട്, അവളെ സ്വാതന്ത്ര്യത്തോടെ ഒന്ന് നിശ്വസിക്കാന്‍ താനെന്ന കാട്ടാളന് അനുവദിച്ചിരുന്നോ? സ്വജീവിതത്തില്‍ അവള് എന്ത് നേടി? തനിക്കും മക്കള്‍ക്കും വേണ്ടി സ്വന്തം വിലപ്പെട്ട ജീവിതം ഹോമിക്കുകയല്ലാതെ? എന്നിട്ടും മരിച്ചു ദൈവമുന്പാകെ സാഷ്ടാംഗം പ്രണമിച്ചു കിടന്നിരുന്ന അവളെ താന്‍ കാലുയര്‍ത്തി ചവിട്ടിയില്ലേ?
ഭാര്ഗ്ഗവന് പിള്ള കണ്ണുകള്‍ ഇറുക്കെയടച്ചു. ഓര്‍മ്മകള്‍ തന്നെ നായാടുകയാണ്; ക്രൂര മൃഗങ്ങളെപ്പോലെ.
ഒരു ഇടിനാദം അയാളെ ഉണര്‍ത്തി. കണ്ണ് തുറന്ന് ഭാര്ഗ്ഗവന് പിള്ള പുറത്തേക്ക് നോക്കി. പടിഞ്ഞാറന്‍ മാനത്ത് ഇടവപ്പാതിയുടെ വരവറിയിച്ച് മേഘങ്ങള്‍ ഉരുണ്ടു കൂടുന്നു. മഴക്കാലം വരുകയാണ്. അടുപ്പില്‍ തീ കൂട്ടണമെങ്കില്‍ വിറക് വേണം. പാഴ്മരങ്ങള്‍ വെട്ടി വിറകാക്കി വയ്ക്കരുതോ എന്ന് ഒരിക്കല്‍ ഇന്ദിര ചോദിച്ചപ്പോള്‍ പറമ്പില്‍ നിന്നും കിട്ടുന്ന മരക്കഷണങ്ങള്‍ വച്ച് ഉണ്ടാക്കിയാല്‍ മതി എന്നായിരുന്നു തന്റെ മറുപടി. വിറകിന്റെ വില, അതിന്റെ ആവശ്യം ഇപ്പോള്‍ താനറിയുന്നു. പാവം ഇന്ദിര…
വീണ്ടുമൊരു ഇടി മുഴങ്ങിയപ്പോള്‍ അയാള്‍ വേഗം എഴുന്നേറ്റു മഴ വീഴുന്നതിനു മുന്‍പേ വിറക് ശേഖരിക്കണം. അയാള്‍ കൂനിക്കൂടി വടിയും ഊന്നി പറമ്പിലേക്ക് ഇറങ്ങി. എവിടെ ചുള്ളിലുകള്‍? ആര്‍ക്കും പ്രയോജനമില്ലാതെ വളര്‍ന്നു നില്ക്കുന്ന പാഴ്മരങ്ങളിലേക്ക് അയാള്‍ നോക്കി. അവ തന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടോ?
കുറ്റിച്ചെടികള്‍ തീര്‍ത്ത ചെറുകാടിന്റെ ഉള്ളിലൂടെ ഉണങ്ങിയ മരച്ചില്ലകള്‍ തേടി അയാള്‍ നടന്നു….