അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ എന്ന് വിധിയെഴുതിയിരുന്ന അവര്‍ ഒരിക്കല്‍ സ്വന്തം ചിറകുകള്‍ വിടര്‍ത്തി പറന്നുപോകും എന്ന് വിഡ്ഢിയായ താന്‍ അന്ന് മനസിലാക്കിയില്ല. അവരെന്നും തന്റെ കാല്‍ച്ചുവട്ടില്‍ ഉണ്ടായിരിക്കും എന്നായിരുന്നില്ലേ തന്റെ ധാരണ? അതോ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ അറിയാന്‍ തനിക്ക് പക്വത ഇല്ലാതെ പോയതിന്റെ കുഴപ്പമോ?
മക്കള്‍ ഒന്നൊന്നായി ഈ തടവറയില്‍ നിന്നും മോചനം പ്രാപിച്ച് ഓരോരോയിടങ്ങളില്‍ ജീവിതം ആരംഭിച്ചപ്പോള്‍ ഇന്ദിരയും താനും തനിച്ചായി.
വാര്‍ധക്യത്തിലും തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ കടുകിട തെറ്റാതെ ചുറുചുറുക്കോടെ അവള്‍ പാലിച്ചു. അവളുടെ ജീവിതത്തിന് പ്രത്യേകിച്ച് വേറെ ലക്ഷ്യങ്ങളോ അര്‍ത്ഥങ്ങളോ ഉണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെയും മക്കളുടെയും സേവികയായി അവള്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കി. മനസ്സ് തുറന്നൊന്ന് ചിരിക്കാന്‍ പോലും അനുമതി ഇല്ലാതെ, താന്‍ പുറത്ത് പോകുമ്പോള്‍ മാത്രം സ്വാതന്ത്ര്യത്തോടെ ശ്വസനം ചെയ്തിരുന്ന തന്റെ ഇന്ദിര. അവള്‍, അവള്‍ അതെപ്പറ്റി ചിന്തിച്ചിരിക്കില്ലേ? മനസാക്ഷി ഇല്ലാത്ത തന്നോട് അതെപ്പറ്റി പറയാന്‍ അവള്‍ ആഗ്രഹിച്ചിട്ടുണ്ടാകില്ലേ?
ഭാര്‍ഗ്ഗവന്‍പിള്ളയുടെ കണ്ണുകളില്‍ നിന്നും ചുളുങ്ങിയ കവിളുകളിലൂടെ കണ്ണുനീര്‍ ഒഴുകിയിറങ്ങി. തന്റെ ആജ്ഞാനുവര്‍ത്തിയായി ജന്മജന്മാന്തരങ്ങളോളം അവളുണ്ടാകും എന്ന് വിഡ്ഢിയായ താന്‍ അന്ന് ധരിച്ചു വച്ചിരുന്നോ?
അന്ന്, പതിവുപോലെ സന്ധ്യക്ക് ശിവരാമന്‍ പിള്ളയുടെയൊപ്പം ഷാപ്പില്‍ പോയിട്ട് താന്‍ മടങ്ങിയെത്തി. വീട്ടിലെത്തിയാലുടന്‍ ഇന്ദിര കാലു കഴുകാനുള്ള വെള്ളവുമായി ഉമ്മറത്ത് ഉണ്ടാകണം എന്നുള്ളത് തന്റെ അലംഘിതമായ കല്‍പ്പനയാണ്. കിണ്ടിയിലെ വെള്ളത്തില്‍ പാദങ്ങള്‍ കഴുകിയ ശേഷമേ താന്‍ ഉള്ളില്‍ കയറൂ. അന്ന്, പക്ഷെ ഇന്ദിര ഉമ്മറത്തേക്ക് വന്നില്ല. തുറന്ന് കിടന്നിരുന്ന കതകിന്റെ ഉള്ളിലൂടെ താന്‍ കോപം കത്തുന്ന കണ്ണുകളോടെ ഉള്ളിലേക്ക് നോക്കി.
“ഇന്ദിരെ…”
തന്റെ ഗര്‍ജ്ജനം വീടിന്റെ അകത്തളങ്ങളില്‍ മാറ്റൊലിക്കൊണ്ടെങ്കിലും ഇന്ദിര വന്നില്ല. തന്റെ വിളിയെ അവഗണിക്കാന്‍ മാത്രം അവള്‍ ആയോ? അന്ധമായ കോപവും മദ്യലഹരിയും ഒരേപോലെ മനസും ശരീരവും കീഴടക്കിയപ്പോള്‍ താന്‍ ഒരു കൊടുങ്കാറ്റായി ഉള്ളിലേക്ക് ചെന്നു. അവിടെ പൂജാബിംബങ്ങളുടെ മുന്‍പില്‍, കൈകള്‍ തൊഴുതുപിടിച്ച നിലയില്‍, മുന്‍പിലേക്ക് കുമ്പിട്ടിരിക്കുന്ന ഇന്ദിരയെ കണ്ടപ്പോള്‍ കോപം കൊണ്ട് താന്‍ സ്വയം മറന്നു. ഏതു ഭഗവാനും താന്‍ കഴിഞ്ഞേ ഉള്ളൂ; അഹങ്കാരത്തിന്റെ പാരമ്യത്തില്‍ അവളെ താന്‍ ആഞ്ഞു ചവിട്ടി. ഇന്ദിര അതേപടി വശത്തേക്ക് മറിഞ്ഞു വീണു. അവളുടെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നതും, ആ ശരീരം ഇരുന്നപടി തന്നെ ആയിരിക്കുന്നതും തന്നെ പൊടുന്നനെ പരിഭ്രാന്തിയിലാഴ്ത്തി.
“ഇന്ദിരെ…”