മിഴി 37

” കുങ്കുമപ്പൊട്ടിനെയും കുപ്പിവളകളെയും സ്നേഹിച്ച പെണ്ണായിരുന്നു ദേവേട്ടാ അവൾ ”
ദേവനാരായണന്റെ നെഞ്ചിൽ തല വച്ച് കിടന്ന് മിഴി പറഞ്ഞു

“അപ്പൂന് എന്താ പറ്റിയെന്ന് എനിക്ക് അറിയില്ല പിജി ചെയ്ത ആദ്യ ഒരു വർഷത്തോളം ഞാനും അവളും ഒരേ റൂമിൽ ആയിരുന്നു.
എനിക്ക് ഹോസ്പിറ്റലിന്റെ ഹോസ്റ്റൽ ശരിയാകുന്ന വരെ.
നമ്മൾ നല്ല സുഹൃത്തുക്കളായിരുന്നു കാശിനു വേണ്ടി ഒരിക്കലുമവൾ ഇങ്ങനെ ചെയ്യില്ല അല്ലാതെ തന്നെ ഇട്ടു മൂടാൻ കാശുണ്ട് അവൾക്ക് ”

“പ്രണയം ഉണ്ടായിരുന്നോ ”
ദേവൻ ചോദിച്ചു

” ഉണ്ടായിരുന്നു ജിത്തു എന്നവൾ വിളിക്കാറുണ്ടായിരുന്ന ഒരാൾ ഞാൻ കണ്ടിട്ടില്ല”

“അവർ തമ്മിൽ പ്രണയം മാത്രമല്ലായിരുന്നു അല്ലേ മിഴീ”
ദേവൻ ചോദിച്ചു

” ആയിരുന്നില്ല ഒരിക്കൽ ഞാനവളോട് കുങ്കുമപ്പൊട്ടിനെ പറ്റി ചോദിച്ചപ്പോൾ അവൾ പറഞ്ഞു ജിത്തുവിന് കുങ്കുമപ്പൊട്ടാണിഷ്ടം നമ്മൾ ഒന്നാകുന്ന സമയത്ത് നെറ്റിയിലെ മാഞ്ഞ കുങ്കുമം കാണുന്നത് അവന് ലഹരിയാണെന്ന്
എന്തുകൊണ്ടോ ഞാൻ പിന്നീടതിനെക്കുറിച്ച് ചോദിച്ചില്ല പക്ഷേ പിന്നീട് പലപ്പോഴും വൈകി റൂമിലേക്ക് വരുന്ന അവളുടെ നെറ്റിയിലെ മാഞ്ഞ കുങ്കുമത്തിന് അർഥങ്ങളുള്ളത് പോലെ ”
അവൾ പറഞ്ഞു നിർത്തി

” അപ്പോ ഇത് ഒരു അബദ്ധത്തിൽ പറ്റിയതാകുമെടോ അവർക്ക് ഇപ്പോ വിവാഹം കഴിക്കാൻ പറ്റാത്ത സാഹചര്യം ആകും ”

“എനിക്ക് മടുത്തു ദേവേട്ടാ ഇതിപ്പോ എന്നും അബോർഷൻ മാത്രാ ഇന്ന് അപ്പൂനെ കൂടി കണ്ടപ്പോ ”
ദേവന്റെ നെഞ്ചിൻ കണ്ണീരിന്റ നനവ് പടരുന്നുണ്ടായിരുന്നു

“താൻ അവളോട് സംസാരിക്ക് പറഞ്ഞ് മനസിലാക്ക് ”
ദേവൻ അവളെ ചേർത്ത് പിടിച്ചു

….

“എക്സ്ക്യൂസ് മീ”
മിഴി ശബ്ദം കേട്ട് തലയുയർത്തി നോക്കി.

” അപ്പൂ വാ ഇരിക്ക് ”
മിഴി പറഞ്ഞതു കേട്ട് അപൂർവ അവൾക്ക് നേരെ ഇരുന്നു

അവൾ നെറ്റിയിൽ കുങ്കുമപ്പൊട്ട് തൊട്ടിരുന്നു

“താൻ മിടുക്കിയാണ് മിഴീ ഇന്നലെ സർജറി കഴിഞ്ഞ ഞാൻ ഇന്ന് കൂൾ ആയി നടക്കുന്നു”

“ജിത്തു എവിടെ ”

“ജിത്തു ഓ നീയത് മറന്നില്ലേ അവനെ ഒന്നും ഞാനോർക്കാറില്ല ”

” അപ്പോൾ ഈ പ്രെഗ്നൻസി?”
മിഴി സംശയത്തോടെ ചോദിച്ചു

“എന്റെ മിഴീ ജിത്തൊക്കെ എന്റെ ജീവിതത്തിൽ കടന്നു പോയ ഒരുപാടാൾക്കാരിൽ ഒരാൾ മാത്രം ആണ് ”

“എന്താ ”
മിഴി അമ്പരപ്പോടെ ചോദിച്ചു

“എനിക്ക് കാശ് വേണം അതിനുള്ള ഏറ്റവും നല്ല മാർഗം ഇതൊക്കെയാണ് ”

” ഇത്ര അധപതിക്കാൻ മാത്രം നിനക്ക് എന്ത് ബുദ്ധിമുട്ടാണ് കാശിനു വന്നിട്ടുള്ളത് പറയ് നിനക്ക് എന്നെ നന്നായി അറിയാം എന്തുമാത്രം ബുദ്ധിമുട്ടിയാണ് ഞാൻ പഠിച്ചത് എന്നും എന്നിട്ട് പോലും കാശുണ്ടാക്കാൻ ഞാനിങ്ങനെ ഒരു വഴി തിരഞ്ഞെടുത്തിട്ടില്ല”

“അതിന് മിഴി അല്ലല്ലോ അപൂർവ ”
അവൾ ചിരിച്ചു കൊണ്ട് തുടർന്നു

” നീ പറഞ്ഞത് ശരിയാണ് എനിക്ക് കാശിന് ബുദ്ധിമുട്ട് വന്നിട്ടില്ല വീട്ടിൽ ആവശ്യത്തിലധികം കാശുണ്ട്.
ഞാൻ കുഞ്ഞിലേ തൊട്ട് സ്വാതന്ത്ര്യം ഒന്നും കിട്ടാതെ വളർന്ന കുട്ടിയാണ് എവിടെ പോയാലും അച്ഛന്റെയും അമ്മയുടെയും കണ്ണുണ്ടാകും അവസാനം ഫാഷൻ ഡിസൈനിംഗ് പഠിക്കാന്ന് പറഞ്ഞ് ഇവിടെ എത്തിയപ്പോഴും ആവശ്യത്തിനു മാത്രം കാശ്. എനിക്കതു പോരാരുന്നു എനിക്കടിച്ചു പൊളിക്കണമായിരുന്നു ”

“നീയെന്തു വലിയ തെറ്റാ ചെയ്യുന്നെ എന്നറിയോ അപ്പൂ ഞാനും ദേവേട്ടനും വിവാഹ നിശ്ചയത്തിനു ശേഷം വിവാഹം വരെയുള്ള ഒരു വർഷം എന്നെ ആവശ്യമില്ലാതെ ഒന്നു സ്പർശിച്ചിട്ടു പോലുമില്ല നമ്മുടെ ശരീരം പവിത്രമാണ് അതിങ്ങനെ”
മിഴി വാക്കുകൾ പകുതിയിൽ നിർത്തി

” പവിത്രം… കേൾക്കാൻ രസമുണ്ട് നമ്മുടെ ഏറ്റവും വലിയ ആയുധം ഈ ശരീരമാണ് ”

“നീ ഇപ്പോ ചെയ്ത തെറ്റെന്താന്ന് നിനക്കറിയോ ഒരു ജീവനാണ് ഇല്ലാതാക്കിയത് ”

അപൂർവ മിഴിയെ നോക്കി പുച്ഛത്തോടെ ചിരിച്ചു.

” സംഭവിച്ചു പോയി മിഴീ എല്ലാ പ്രിക്കോഷനും നോക്കിയതാ. എന്തായാലും എനിക്കവനെ കെട്ടാനൊക്കത്തില്ല. അതിനും വേണ്ടി ഒന്നൂല്ലാന്നെ.. ഞാനിനി നാട്ടിൽ ചെല്ലുമ്പോൾ വീട്ടുകാർ ഒരുത്തനെ കണ്ടു പിടിക്കും ഞാനവനെ കെട്ടുകയും ചെല്ലും പിന്നിപ്പോ വന്ന ശരീരത്തിന്റെ പാടുകൾ അത് ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തോളാം “