കറുമ്പൻ | Kurumban
പതിവുപോലെയാ അൺ നൌൺ നമ്പറിൽ നിന്നും ഇൻബോക്സ് മെസ്സേജ് വീണ്ടും വന്നു എനിക്കേറ്റവും പ്രിയപ്പെട്ട ആ വരികൾ വീണ്ടും ഞാൻ വായിച്ചു
“കാരിരുമ്പു കടഞ്ഞ മേനിക്കറുപ്പിന് കർമ്മുകിൽ വർണ്ണന്റെ മെയ്യഴക് അലയുമീ ജന്മമിന്നവനു വേണ്ടി അവനെന്റെ തോഴൻ അവനെന്റെ പ്രാണൻ”
എന്റെ സെക്രട്ടറിയായ ചന്ദ്രേട്ടന്റെ മുഖത്തൊരു കള്ളച്ചിരി വിടരുന്നുണ്ടായിരുന്നു അപ്പോൾ ഇത്രയും നാളെന്നെ ശല്യം ചെയ്തു കൊണ്ടിരുന്നവളെ അറിയാൻ എന്നേക്കാൾ തിടുക്കം ചന്ദ്രേട്ടനായിരുന്നു, മെസ്സേജ് വിട്ടവളെ പുഷ്പം പോലെ പിടിക്കാനുള്ള ശേഷി ഇന്നുണ്ടായിട്ടും എന്തേ അത് ചെയ്യാത്തെ എന്നുള്ള ചന്ദ്രേട്ടന്റെ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രമാണ് ഞാൻ മറുപടി നൽകിയത് , കോളേജിലെ ഓഡിറ്റോറിയത്തിലിരിക്കുമ്പോൾ എന്റെ ചിന്തകൾ ആറു വർഷം പിറകിലേക്കോടി
കോളേജിൽ നിന്നും പടിയിറങ്ങുന്ന അവസാന ദിനം. കാണാതെ പോയ എക്കണോമിക്സ് ബുക്ക് തിരിയുന്ന നന്ദനയുടെ അരികിലേക്ക് ഞാൻ നടന്നടുക്കുമ്പോഴും മനസ്സിൽ ഉറച്ച തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.
ഒരുപക്ഷെയിത് ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച്ചയായിരിക്കും, മൂന്നു വർഷം മനസ്സിലിട്ട് താലോലിച്ച എന്റെ പ്രണയം അന്നാണ് തുറന്നു പറയാൻ ധൈര്യം കിട്ടിയതും.
എങ്കിലും മനസ്സിലൊരു ഭയമായിരുന്നു അവളുടെ പ്രതികരണത്തേയോർത്ത്, എന്നിൽ നിന്നുമൊരു പ്രണയാഭ്യർത്ഥന ഒരിക്കലും പ്രതീച്ചിട്ടുണ്ടാകില്ല അവൾ .
കാരണം ഫസ്റ്റ് ഇയർ മുതലെ ഞങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കളായി മാറിയിരുന്നു, പലപ്പോഴും എന്റെ നോട്ടത്തിലും ഭാവത്തിലും അവളിൽ സംശയങ്ങളുളവാക്കിയിരുന്നോ എന്നും എനിക്ക് തോന്നിയിട്ടുണ്ട്.
കൂട്ടുകാരികൾക്കിടയിൽ നിന്നും ഞാനവളെ പുറത്തേക്ക് വിളിച്ചു, കാര്യം തിരക്കിയ അവളുടെ മുൻപിൽ നിന്നു ഞാൻ കിടുകിടാ വിറക്കുകയാണുണ്ടായത്.
ഉപ്പുറ്റി മുതൽ ഉച്ചി വരെ എന്തോ ഒരുതരം തിരപ്പനുഭവപ്പെട്ടിരുന്നു. അന്നവൾ മുൻപിൽ വന്നു നിന്നപ്പോൾ അച്ഛനോടു പോലും എനിക്കിന്നേ വരെ തോന്നാത്തൊരു തരം ഭയം ഉള്ളിൽ തളം കെട്ടി നിന്നു.
ധൈര്യം സംഭരിക്കാനായി പണ്ടെന്നോ അച്ഛൻ പഠിപ്പിച്ചു തന്ന വാചങ്ങൾ മനസ്സിലൊരു മന്ത്രം പോലുരുവിട്ടു കൊണ്ടിരുന്നു
” തെറ്റുചെയ്യാത്തവന്റെ കൈമുതൽ ആത്മധൈര്യം എന്നൊന്നു മാത്രമാണ് അങ്ങനെയെങ്കിൽ ആ ശരിയെ ദൈവം പോലും ചോദ്യം ചെയ്യില്ല”
ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നെനിക്ക് അറിയില്ലായിരുന്നു എങ്കിലും ഒറ്റ ശ്വാസത്തിലവളോടെന്റെയിഷ്ട്ടം പറഞ്ഞു തീർത്തപ്പോൾ മനസ്സിൽ നിന്നെന്തോ വലിയൊരു ഭാരം ഇറക്കി വെച്ച പോലെ തോന്നി
Excellent ….