ഞാന്‍ വീട്ടിലില്ലാത്ത നേരത്തായിരുന്നു ആ വരവ്….
വൈകിട്ട് അമ്മ പറഞ്ഞു എല്ലാം വിശദമായിട്ട്…..
ഒന്നും വേണ്ടാ….
അവള്‍ക്കു കിട്ടുന്ന കാശും അമ്മ വാങ്ങിച്ചോളൂന്നും പറഞ്ഞു പോലും…
ഞങ്ങള്‍ക്കു വേണ്ടത് ഞാന്‍ സ്വരുക്കൂട്ടി വെയ്ക്കുന്നുണ്ടെന്നും….
അമ്മയ്ക്ക് സമ്മതമാ നൂറുവട്ടം…
നല്ല പയ്യനാണെന്ന് പറഞ്ഞു…
അതൊക്കെ അനുഭവിക്കാനും വേണം ഒരു യോഗം…!
”തനിക്കത് ഇല്ലായിരുന്നുവെന്ന് മനസ്സിനെ പറഞ്ഞു സമാധാനിപ്പിക്കുകയാ ഇപ്പോള്‍ ….”
ആ ജോലിക്കിടയില്‍ മനസ്സിലെ വേദനകളെല്ലാം മറക്കാന്‍ ശ്രമിക്കുന്നു……
റോഡിലോ കടയിലോ ഒക്കെ കാണാറുണ്ട് കുറച്ചു നാളുകളായിട്ട്…
ഒരുതരം നിര്‍വ്വികാരതയാ ആ കണ്ണുകളില്‍….
ഇനിയൊന്നും ചെയ്യാനില്ലാത്ത പോലെ…
ഒന്നും ഓര്‍മ്മപ്പെടുത്തേണ്ടതില്ലാ ല്ലോ ആ മനസ്സിനെ….
വീട്ടു ചെലവുകള്‍ നടത്താനായിട്ട് സുധിയേട്ടന്‍റെ അമ്മ കൂലിവേലയ്ക്ക് പോവാന്‍ തുടങ്ങിയിട്ട് നാളുകളായി…
അതോടു കൂടിയാ ആകെ തകര്‍ന്നു പോയത്…
കുറച്ചു പണമുണ്ടെങ്കില്‍ ഫിസിയോ തൊറാപ്പി ചെയ്താല്‍ ശരിയാവുന്ന പ്രശ്നമേ ഇപ്പോള്‍ സുധിയേട്ടനുള്ളൂ…പിന്നെ എവിടേലും ഒരു ജോലി ശരിയായാല്‍ ജീവിക്കാം ….
ആരോടും ഒന്നിനും ചോദിക്കാന്‍ വയ്യെന്ന് പറഞ്ഞു ഒരു വട്ടം..
തന്‍റെ ശരീരത്തില്‍ ആകെ അവശേഷിക്കുന്നത് ഒരു മൂക്കുത്തിയാ….!
ചുവന്ന കല്ലുള്ള ആ മൂക്കുത്തി സുധിയേട്ടനും ഒരുപാട് ഇഷ്ടായിരുന്നു …
കുറേ തവണ ഈ മൂക്കില്‍ ഞാനൊന്ന് കുത്തി നോവിക്കട്ടേന്നു ചോദിച്ചു പിറകേ വന്നതാ…..!
പണിതു തരുമായിരുന്നു…
പക്ഷേ… കയ്യില്‍ സ്വരുക്കൂട്ടി വെച്ച നാലായിരം രൂപ കൊണ്ട് ഞാന്‍ തന്നെ വാങ്ങിച്ചതായിരുന്നു ആ മൂക്കുത്തി…
കൂടെ വരേണ്ടാന്ന് പറഞ്ഞതും ഞാനായിരുന്നു…അതിനേതു നിറമുള്ള കല്ല് വെയ്ക്കണം എന്നു മാത്രം ചോദിച്ചു…
ചുവന്നത് സുധിയേട്ടന്‍റെ ഇഷ്ടമായിരുന്നു….
അതണിയുമ്പോള്‍ എന്‍റെ വീട്ടില്‍ അമ്മയുടെ മുന്നിലുണ്ടായിരുന്നു സുധിയേട്ടന്‍ ….
അകത്തേക്ക് വന്നു…
ആ കണ്ണുകളില്‍ ഒരു തിളക്കം കണ്ടു…കൊള്ളാല്ലോ എന്നും പറഞ്ഞു അരികില്‍ വന്നു…
ആ കൈ മൂക്കുത്തിയില്‍ സ്പര്‍ശിച്ചു….
ഇതെന്നും ഇവിടെ കാണണം എന്നും പറഞ്ഞെന്നെ കെട്ടിപ്പിടിച്ചു …
ആ മൂക്കുത്തിയില്‍ ചുണ്ടമര്‍ത്തി…
പെട്ടെന്ന് പൊയ്ക്കളഞ്ഞു….
അതോടെയാ കൊതിയായത് ആ കൂടെ ജീവിക്കാന്‍…..
അങ്ങനെ കാര്യങ്ങള്‍ എല്ലാം ശരിയായി വരുമ്പോഴേക്കും വിധി ഇങ്ങനെയായി…..
മോളേ വാ ചോറു വിളമ്പിയിട്ടുണ്ട്..
അമ്മയുടെ വിളി കേട്ട് ഒാര്‍മ്മകളീന്നുണര്‍ന്നു….
പാവം അമ്മയ്ക്കായിരുന്നു ഒത്തിരി സങ്കടം ….
എന്‍റെ മോന് ആരുടേയോ കണ്ണു തട്ടിയാതാന്നാ പറയുക …
എന്‍റെ മുഖത്തേക്ക് നോക്കിയിരിക്കും ചില നേരങ്ങളില്‍….
അമ്മയുടെ കണ്ണടഞ്ഞാല്‍ എന്‍റെ മോള്‍ക്ക് ആരാന്ന് ഓര്‍ത്താ ഇപ്പോള്‍ നടക്കുന്നത്..
ആരൊക്കെയോ ആലോചനകളുമായ് വീട്ടിലേക്ക് വരാറുണ്ട് ഇപ്പോഴും …
അമ്മയെ തനിച്ചാക്കി പോവാന്‍ വയ്യാന്നും പറഞ്ഞ് പിടിച്ചു നില്‍ക്കുന്നു…
എന്നെയും അമ്മയേയും മനസ്സിലാക്കാനും സ്നേഹിക്കാനും കഴിയുന്നൊരാളേയാ കൊതിച്ചിരുന്നത്…
അങ്ങനെ ഒരാള്‍ അരികിലെത്തിയിട്ട് ആരോ തട്ടിപ്പറിച്ചോണ്ട് പോയതു പോലെയായി….
മതി ഈ ജന്‍മം ഇനി ഇങ്ങനെ തീരട്ടെ…..
സുധിയേട്ടനെ കണ്ടതു പോലെ ഇനി മറ്റൊരാളെ കാണാനോ , സുധിയേട്ടനെ സ്നേഹിച്ചതു പോലെ സ്നേഹിക്കാനോ കഴിയില്ല….
പിന്നെന്തിനാ ഒരു പാഴ്ശ്രമം…?
തല്‍ക്കാലം സ്നേഹിക്കാനും കൂട്ടിനും അമ്മയുണ്ട്…അമ്മ മതി..
പിറ്റേന്ന് കൂടെ ജോലി ചെയ്യുന്ന രമ്യയോട് അഞ്ഞൂറു രൂപ കടം വാങ്ങി ബാഗില്‍ വെച്ചു…