കണ്ണുകളില്‍ നനവുണ്ട്…
ആരും കാണാതെ പുറം കൈകൊണ്ട് തുടച്ചിട്ട് തളര്‍ന്നു പോയ കാലുകള്‍ പെറുക്കിവെച്ച് വീട്ടിലേക്ക് നടന്നു….
പാവം…അത്രയും വിഷമത്തിലായത് കൊണ്ടാവില്ലേ ചോദിച്ചിട്ടുണ്ടാവുക…?
ഒരു നൂറു രൂപ പോലും സ്വന്തമായിട്ടില്ലാത്ത തന്‍റെ ഗതികേട് ഓര്‍ത്ത് മനസ്സിലവള്‍ കരഞ്ഞു …
ഫിസിയോ തൊറാപ്പിയിലൂടെയാ അങ്ങനെ നടക്കാവുന്ന അവസ്ഥയിലെത്തിയത്…നല്ല മാറ്റമുണ്ട് അതു വഴി…
പക്ഷേ ഇപ്പോള്‍ പണമില്ലാത്തതിനാല്‍ തൊറാപ്പിക്ക് പോവാറില്ല പോലും…!
ഒരു ബൈക്കപകടത്തില്‍ വലതു കാല്‍ മുട്ടിന്‍റെ ചിരട്ട തകര്‍ന്നു പോയതാ…ഒരോപ്പറേഷനിലൂടെ ചിരട്ട മാറ്റിവെച്ചു…
അപ്പോഴേക്കും കയ്യിലുള്ളതും, അത്ര നാളത്തെ സമ്പാദ്യം മുഴുവനും തീര്‍ന്നു…കടം വാങ്ങിയാ തൊറാപ്പി ചെയ്തു തുടങ്ങിയത്…
ഒന്നും ചെയ്യാനാവാതെ അപ്പോള്‍ അവിടെ തകര്‍ന്നു പോയത്….. ഞാനായിരുന്നു …
ആ അപകടം സംഭവിച്ചില്ലായിരുന്നെങ്കില്‍ ആ കൂടെ ജീവിക്കേണ്ടവളാ ഈ വര്‍ഷ…
പരസ്പരം മൂന്നുവര്‍ഷമായ് സ്നേഹത്തിലായിരുന്നു നമ്മള്‍ ….
അലുമിനിയ പാത്രങ്ങളുടെ ഏജന്‍സി ഓഫീസിലെ കലക്ഷന്‍ ഏജന്‍റായിരുന്നു സുധിയേട്ടന്‍…എന്നും പോവുന്നതാ ആ ബൈക്കില്‍ …
പരിചയമില്ലാത്ത ആരോ ഓടിച്ച കാര്‍ വന്നിടിക്കുകയായിരുന്നു…കാര്‍ നിര്‍ത്താതെ പോയി….
രാവിലെ ആയിരുന്നു സംഭവം….റോഡില്‍ ആരുമുണ്ടായിരുന്നില്ല ഒന്നു സഹായിക്കാന്‍….
പാവം എന്തെല്ലാം യാതനകള്‍ അനുഭവിച്ചു….ജീവിതം മടുത്തെന്ന് പറയാറുണ്ടായിരുന്നു…..
അടുത്തിരിക്കുമ്പോള്‍….
കയ്യിലെ ആകെ സമ്പാദ്യമായ് കിടന്നിരുന്ന ഒരു പൊന്‍ വള ഊരി തലയണയ്ക്കടിയില്‍ വെച്ചിട്ട് പോരുമ്പോള്‍ പറഞ്ഞിരുന്നു …
അതൊന്നും വേണ്ടാ കൊണ്ടു പൊയ്ക്കോന്ന്….!
ഇനി അതൊന്നും തിരിച്ചു തരാന്‍ ഒരിക്കലും കഴിയില്ലാന്ന് തോന്നിയിട്ടുണ്ടാവും…
ആ മുഖത്ത് നിരാശ നിഴലിട്ടതു കാണുമ്പോള്‍ സങ്കടാ…..
എത്ര സ്മാര്‍ട്ടായിരുന്നു സുധിയേട്ടന്‍….
ആ മുഖത്തേക്ക് നോക്കിയിരിക്കാന്‍ തന്‍റെ മനസ്സിന്ന് വല്ലാത്ത കൊതിയായിരുന്നു…
പലപ്പോഴും ചോദിച്ചു എന്താ ഈ മനസ്സിലെന്ന്….
പണമില്ലെങ്കിലും ഒത്തിരി സൗന്ദ്യര്യമുണ്ടായിരുന്നു വര്‍ഷയ്ക്ക്….
ആരേയും കാണാതെ ഒതുങ്ങി നടക്കുന്നതായിരുന്നു തനിക്കിഷ്ടം…
കമ്പനിയിലേക്ക് പോവുമ്പോള്‍ എന്നും കാണാറുണ്ട്….
തന്‍റെ കൊതിയോടെയുള്ള നോട്ടം കണ്ടിട്ടാവും ഒരു ദിവസം അടുത്തു വന്നു നിര്‍ത്തിയിട്ട് പതുക്കെ പറഞ്ഞത്… …
വാ പിറകില്‍ കേറിക്കോ…ഞാന്‍ കൊണ്ടുവിടാം കമ്പനിയിലേക്കെന്ന്.
തല്‍ക്കാലം ഏട്ടന്‍ പൊയ്ക്കോളൂന്നും പറഞ്ഞ് ഒരു ചിരിയോടെ നടന്നു….
എങ്ങനേയോ അതൊരു ഇഷ്ടമായ് ഉള്ളില്‍ വളര്‍ന്നതാ…!
ഒന്നും പറയാതെ പരസ്പരം സ്നേഹിച്ചു …ഒരു ദിവസം അമ്മയോട് വന്നു ചോദിച്ചു വര്‍ഷയെ എനിക്കു തരുവോന്ന്..