കരിയിലകൾ 25

Kariyilakal by Ajith Kumar Preman

‘നമുക്ക് പിരിയാം ദേവ്’
ഈ രണ്ട് വാചകങ്ങൾ മാത്രമുള്ള വെള്ള പേപ്പർ തന്നെ ചുട്ടെരിക്കുന്ന തീപോലെ അയാളുടെ മനസ്സിനെ പൊതിഞ്ഞ് കിടക്കുകയാണ്.

ഞാനെന്തൊരു ജന്മമാണ്, മകനേയും കൊണ്ടവൾ പോകാനൊരുങ്ങിയപ്പോൾ അരുതെന്നൊരു നോട്ടംപോലും അവൾക്കുനേരെ എറിഞ്ഞില്ലല്ലോ, അല്ല അവളുടെ കണ്ണുകളിലേക്ക് നോക്കാനുള്ള ശക്തിയെനിക്കുണ്ടായിരുന്നോ?

ഇനി ഞാനെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ അതൊരു നുണ മാത്രമാണെന്ന് എന്നേക്കാൾ നന്നായി അവൾക്കറിയാം. പക്ഷെ അവളെ ഞാനെത്ര സ്നേഹിച്ചിരുന്നു എന്ന്,അല്ല സ്നേഹിക്കുന്നു എന്ന് എങ്ങിനെ അവളെ??
ശരിയാണ് ബോധിപ്പിക്കാൻ എവിടെയൊക്കയോ ഞാൻ മറന്നിരുന്നു. പിന്നീടാ മറവിയൊരു ശീലമായി മാറി എന്നത് സത്യമായിരുന്നില്ലേ ?
താനൊരിക്കലും ഇത്രത്തോളം സ്വാർത്ഥനാകാൻ പാടില്ലായിരുന്നു.. തന്നെ മാത്രം സ്വപ്നം കണ്ട് തന്റെ ജീവിതത്തിലേക്ക് കടന്നുവന്നവളായിരുന്നു അവൾ .
രണ്ടു ദിവസത്തിനപ്പുറം ദീപ എന്നെന്നേക്കുമായി എന്റെ ആരുമല്ലാതാകുന്നു..

ഒന്നരമാസം മുൻപ്, ഒരു എഴുത്ത് ഗ്രൂപ്പിൽ വന്ന കവിതയ്ക്കിട്ട അഭിപ്രായമായിരുന്നു തുടക്കം.
പേര് സൂര്യ ദിലീപ്. വീട്ടമ്മ, കല്യാണം കഴിഞ്ഞു രണ്ടു വർഷമായി, കുട്ടികളായിട്ടില്ല. ഭർത്താവ് വിദേശത്ത് ജോലിചെയ്യുന്നു.

ആ സംസാരത്തിന് എന്തോ ഒരു വശ്യതയുണ്ടായിരുന്നു.
കഴിഞ്ഞ ജന്മം നമ്മൾ ട്വിൻസ് ആയിരുന്നിരിക്കുമെന്ന് സൂര്യ പറയുമായിരുന്നു പക്ഷെ അത് താൻ സമ്മതിച്ചിരുന്നില്ല. അവളോടുള്ള വികാരത്തിനൊരു പേരിടാൻ തനിക്കായിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

പിണക്കങ്ങളും ഇണക്കങ്ങളും കുസൃതിയും തമാശയും.. മറ്റൊരു രീതിയിൽ പറഞ്ഞാൽ ചാറ്റൽ മഴ പോലെ തുടങ്ങി പേമാരിക്കിപ്പുറം ഉരുൾപൊട്ടിയത് പോലെ മനസ്സിലേക്കൊഴുകിയ പ്രണയം. അശുദ്ധിയുടെ കണികപോലുമില്ലാത്ത പ്രണയം. അകലുവാകാനാത്തവിധം ഒരടുപ്പം.

‘ദീപയെ ദേവ് പ്രണയിച്ച് വിവാഹം കഴിച്ചതല്ലേ? ആ ചേച്ചി എത്ര ലക്കിയാണെ’ന്ന സൂര്യയുടെ വാക്കുകൾ അയാളുടെ ഉറക്കം കെടുത്തിയിയുരുന്നു. തന്റെ മാറിലമർന്ന് കിടക്കുന്ന പാതിയുടെ നെറുകിൽ തലോടികൊണ്ട് കുറ്റബോധവും ഉറക്കവും തമ്മിലുള്ള തർക്കങ്ങൾ കാതോർത്തങ്ങനെ കിടന്നു.

1 Comment

Comments are closed.