താരാട്ടുമൊരു തീരം പോലെ… അവളിപ്പോൾ ഒരുപാട് പേരുടെ ആശ്രയമാണ്…
വെറും മണിക്കൂറുകളുടെ കരാറിൽ ഒപ്പ് വച്ച് വരുന്ന പലരും….ഒരു രാത്രിയോ പകലോ ….ചിലപ്പോൾ ദിവസങ്ങളോ ആഴ്ചകളോ… മാസങ്ങളോ….അവളെ പിരിയാൻ കഴിയാതെ എല്ലാം മറന്നവളിൽ ലയിച്ചു…ഒടുവിൽ അവരുടെ ജീവന്റെ താളമായി അവൾ മാറുകയാണ് പതിവ് …
ഒരിക്കലും തെരുവ് വേശ്യകളെ പോലെ ആരോടുമവൾ കണക്കു പറഞ്ഞ് പണം വാങ്ങാത്തത് കൊണ്ടാവാം…പലരും
പിരിയുന്ന വേളയിൽ എണ്ണിയാൽ തീരാത്ത നോട്ടുകെട്ടുകൾ കൊണ്ട് അവളെ മൂടുന്നത് ..
അവളോടൊപ്പമുള്ള രാത്രികൾ വല്ലാത്തൊരു അനുഭവം തന്നെയാണ്
അവളിന്ന് ആരുടെയെങ്കിലും സ്വകാര്യതയായിരുന്നെങ്കിൽ അയാളായിരിക്കാം ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത ഭർത്താവ്.
ഓരോ പുരുഷന്റെയും വിരൽ തുമ്പിൽ വിടരുന്ന ഒരു പൂവായിരുന്നു
അവൾ…നറുസുഗന്ധത്തിന്റെ ഉറവിടം ആ കുഞ്ഞുപൂവിലെ തേൻ തുള്ളിയായി അവൾക്കുള്ളിൽ നിറയാൻ മോഹിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല…
ഒരുപാട് പേർക്ക് അവൾ എന്നുമൊരു തണൽ മരമാണ് … തളരുമ്പോൾ ചാരി നിർത്തുന്ന തണൽ മരം…
അതിലെ ഇല എങ്ങനെ… പൂവെങ്ങനെ.. ഫലം ആരൊക്കെ ഭക്ഷിച്ചു…
അതിന്റെ വേരുകൾ എവിടേയ്ക്ക് പോകുന്നു…. എന്നൊന്നും ആരും ഒരിക്കലും പരിശോധിക്കാൻ ആഗ്രഹിച്ചില്ല.
ഒരു നൂലഴഞ്ഞ പട്ടം പോലെ അവൾ മാറിവരുന്ന ഓരോരുത്തരുടേയും…. വ്യത്യസ്ത മായ … ഇഷ്ടങ്ങൾക്കൊത്ത് പാറി പറന്നു …
ചിലർ അവളുടെ ശരീരത്തിൽ ഒന്ന് സ്പർശിക്കുക പോലും ചെയ്യാതെ അനിർവചനീയമായ അനുഭൂതി നുകർന്ന് മനോഹരമായ രാത്രികൾ സമ്മാനിച്ചതിന് നന്ദിപറഞ്ഞു മടങ്ങി
ഉറക്കം മറന്ന രാത്രികളിൽ ചിലർക്ക് അവളൊരു രാക്കുയിലായി….അവളുടെ മനോഹരമായ സ്വര മാധുര്യത്തിൽ കാതോർത്തു ലയിച്ചവർ… പുലരുവോളം അവൾക്കു വേണ്ടി കവിതകൾ രചിച്ചു …
ചിലർക്ക് വേണ്ടി അവൾ വർണ്ണപീലി നിവർത്തി…നൃത്തച്ചുവടുകൾ വയ്ക്കുന്നൊരു മയിൽ പേടയായി… അവളുടെ നാട്ട്യലാവണ്യം ആസ്വദിച്ചും ഒടുവിൽ അവളോടൊപ്പം നൃത്തം ചെയ്തും അവർ സന്തോഷത്തിന്റെ കൊടുമുടികൾ കീഴടക്കി…