ബിബിൻ : അല്ല ജോർഡി അതും ഈ കേസും തമ്മിലെന്താ ബന്ധം?
ഞാൻ അവന്റെ കയ്യിൽ നിന്നും കിട്ടിയ നെയിം സ്ലിപ്പുകളിൽ നിന്നും ഇന്നലെ ഇറങ്ങിയ ബാലരമയുടെ കൂടെ കിട്ടുന്ന നെയിം സ്ലിപ്പുകളിൽ മായാവിയുടെ പടമുള്ള നെയിം സ്‌ളിപ്പെടുത്ത് ബിബിനെ കാണിച്ചു.
ഞാൻ : ബിബിൻ, ഇന്നലെ മഴയെത്തുടർന്ന് നമുക്കൊക്കെ അവധിയല്ലായിരുന്നോ, ഇന്നലെയാണ് ഈ നെയിം സ്ലിപ്പുള്ള ബാലരമ ഇറങ്ങിയത്. അപ്പോൾ ഇന്ന് ഈ ഒരു നെയിം സ്ലിപ്പായിട്ട് അവനു കിട്ടണമെങ്കിൽ അത് ഇന്നുതന്നെ ആരോടെങ്കിലും കളിച്ചു ജയിച്ചതാവണം. പക്ഷേ അവന്റെ ഒരു കളി വെച്ചു ജയിക്കാൻ ഒരു ചാൻസുമില്ല. പിന്നെ എങ്ങനെ ഇതൊരെണ്ണമായിട്ട് അവന്റെ കയ്യിൽ ?
ബിബിൻ : ജോർഡി, അവൻ ചിലപ്പോ ആ ഒരെണ്ണമായിട്ട് വീട്ടിൽ നിന്നു കൊണ്ടുവന്നതായിക്കൂടെ.
ഞാൻ : നിനക്കറിഞ്ഞുടെ, അവനു മലയാളം വായിക്കാനറിയില്ല, അവനും അവന്റെ പപ്പയും അമ്മേം ഒക്കെ കുവൈറ്റിലല്ലായിരുന്നോ, അവിടുന്ന് കഴിഞ്ഞ വര്ഷമല്ലേ നമ്മുടെ സ്കൂളിൽ ചേർന്നത്. വായിക്കാനറിയാത്ത അവനു ഒരിക്കലും ബാലരമ വാങ്ങിക്കൊടുക്കില്ല.
കേസ് ഇനി എങ്ങനെ മുൻപോട്ടു കൊണ്ടുപോകണമെന്നറിയാതെ നിന്നപ്പോഴാണ് തെളിവുകൾ കിട്ടിയ സ്ഥലം ഒന്നുകൂടി സന്ദർശിക്കാം എന്നു ബിബിൻ പറഞ്ഞത്. അപ്രകാരം ഞങ്ങൾ ആ പഴയ കഞ്ഞിപ്പുര വീണ്ടും സന്ദർശിച്ചു.
കഞ്ഞിപ്പുരയ്ക്കകത്ത് കിടക്കുന്ന ഒരു പഴയ ഡെസ്ക് അപ്പോഴാണെന്റെ ശ്രദ്ധയിൽ പെട്ടത്.
ഞാൻ : എടാ ഈ ഡെസ്ക് ആരും ഉപയോഗിക്കാത്തതല്ലേ, പക്ഷേ നോക്കിക്കേ, ഇതിന്റെ ചിലഭാഗങ്ങളിൽ മാത്രം പൊടിയൊന്നുമില്ല, എന്നാൽ ബാക്കി എല്ലായിടത്തും ഉണ്ട്.
ബിബിൻ : ജോർഡി, നമ്മൾ അന്വേഷിക്കുന്നത് ഗ്ലിറ്റർ പേനയുടെ ക്യാപ് അല്ലെ ?
എന്തിനാണ് ഈ നെയിം സ്ലിപ്പും ഈ ഡെസ്കും ?
ഞാൻ : നെയിം സ്ലിപ്പ് വെച്ച് കളിക്കുന്ന കളികൾ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോൾ നീ പറയാൻ വിട്ടുപോയ ഒരു കളിയുണ്ട്. നമ്മുടെ സ്കൂളിൽ വിലക്കിയ കളി,
പേനഞ്ഞൊട്ടിക്കളി. നീ ഈ ഡെസ്ക് ശ്രദ്ധിച്ചോ ഇതിൽ പേനഞ്ഞൊട്ടി കളിക്കുമ്പോൾ നമ്മൾ കൈകുത്തുന്ന രീതിയിലുള്ള സ്ഥലങ്ങളിലാണ് പൊടിയില്ലാത്തത്. അതായത് ഇവിടെ ഇന്ന് പേനഞ്ഞൊട്ടി കളിച്ചിട്ടുണ്ട്. കളിച്ചത്തിൽ ഒരാൾ എബിയാണ്. അതിനു തെളിവാണ് ആ ചുളുങ്ങിയ നെയിം സ്ലിപ്പ്. കളിയിൽ ജയച്ചതും അവനാണ്. പക്ഷേ നമുക്കറിയേണ്ടത് ആരാണ് അവനെതിരെ കളിച്ചത് എന്നാണ്. തോറ്റ ആ കളിക്കാരനെയാണ് ഇനി നമ്മൾ കണ്ടെത്തേണ്ടത്.
ബിബിൻ : അതാരാണെന്ന് അറിയണമെങ്കിൽ എബിയെ ചോദ്യം ചെയ്യണം
അടുത്ത ഇന്റെർവെലിന് ഞങ്ങൾ എബിയെ കണ്ടു.
ഞാൻ : എബി, വെറുതേ എന്തിനാടാ ആ റിബിനാ നിന്റെ പേനയുടെ ക്യാപ് കളഞ്ഞെന്നു കള്ളം പറയുന്നേ ?
അതുകേട്ട എബി ദേഷ്യത്തോടെ പറഞ്ഞു
“അവനു എഴുതാൻ കൊടുത്തിട്ട് തിരിച്ചു തന്നപ്പഴാ കാണാതായത് “
പെട്ടെന്ന് ബിബിൻ അവനോടു ചോദിച്ചു ” ആരായിരുന്നു ഇന്ന് നിന്റെകൂടെ പേനഞ്ഞൊട്ടി കളിച്ചത് ? “
എബി : പേനഞ്ഞൊട്ടിയോ ഞാനെങ്ങും കളിചില്ലേ
ഞാൻ : വെറുതേ നുണപറയണ്ട, നീ കളിച്ചു, ജയിക്കുകയും ചെയ്തു, നിനക്ക് നെയിം സ്ലിപ്പ് കിട്ടുകയും ചെയ്തു. സത്യം പറഞ്ഞോ ഇല്ലെങ്കിൽ പേനഞ്ഞൊട്ടി കളിച്ച കാര്യം ഞാൻ ടീച്ചറോട് പറയും. അറിയാല്ലോ പിടിച്ചാൽ നിന്റെ ക്യാപില്ലാത്ത പെനേം കൂടി പോകും
ഏറെ നേരം പിടിച്ചു നിൽക്കാൻ അവനു കഴിഞ്ഞില്ല. ഒടുവിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങി അവൻ പറഞ്ഞു
” മൂന്ന് എ യിലെ അരുൺ വർഗീസ് “
ബിബിൻ അത് അവന്റെ സ്ലേറ്റിൽ കുറിച്ചിട്ടു
പിന്നീട് ഞങ്ങളവനെ അന്വേഷിച്ചു. അവസാനം സ്കൂൾ ഗ്രൗണ്ടിന്റെ ഒരു മൂലയിൽ ഏകനായ് കണ്ടെത്തി. അവന്റെ മുഖത്ത് വിഷാദം തളംകെട്ടി നിൽപ്പുണ്ടായിരുന്നു.
എബിയുടെ കയ്യിൽ നിന്നും എനിക്ക് കിട്ടിയ നെയിം സ്ലിപ്പെല്ലാം ഞാൻ അവന്റെ പോക്കറ്റിലിട്ടുകൊടിത്തിട്ട് അവന്റടുത്തിരുന്നു.
ഞാൻ : എന്താടാ ? എന്തിനാ നീ ആ ക്യാപ് എടുത്തത് ? ദേ അവൻ നിന്റെ കയ്യിൽനിന്നും കളിച്ചു ജയിച്ച നെയിം സ്ലിപ്പുകൾ.
അതു കണ്ടപ്പോൾ അവന്റെ മുഖത്തുനിന്നും വിഷാദം പറന്നകലുന്നത് ഞാൻ കണ്ടു. അരുൺ ഒന്നും പറയാതെ വിശ്വ വിഖ്യാതമായ ആ ക്യാപ് അവന്റെ പോക്കറ്റില്നിന്നും എടുത്ത് എനിക്ക് തന്നു. എന്നിട്ട് ഞാൻ കൊടുത്ത നെയിം സ്ലില്പും പോക്കറ്റിലിട്ട് സന്തോഷത്തോടെ ഓടിപ്പോയി.
ക്യാപ് ഗ്രൗണ്ടിൽ കിടന്നു കിട്ടിയതായി ഞങ്ങൾ ഹെഡ്മാസ്റ്ററിനെ അറിയിച്ചു, റിബിൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി മഞ്ചും കൊടുത്ത് വെറുതേ വിട്ടു. ക്യാപ് കിട്ടിയതോടെ എബി ഹാപ്പിയായി. നെയിം സ്ലിപ്പ് കിട്ടിയപ്പോൾ അരുണും.
അന്ന് സ്കൂൾ വിട്ടു വീട്ടിലേക്കു പോകും വഴി ഞാൻ ബിബിനോട് ചോദിച്ചു
” ഡാ എന്തുകൊണ്ടാണ് അരുൺ ക്യാപ് തിരിച്ചു തന്നതെന്നു നീ ചിന്തിച്ചോ ? “
ബിബിൻ : അത്, അവന്റെ നെയിം സ്ലിപ് തിരിച്ചു കിട്ടിയത്കൊണ്ട്
ഞാൻ : എടാ, കളിച്ചു ജയിച്ച സാധനം വെറുതേ തിരിച്ചു കൊടുത്തപ്പോൾ ഒരു നാണോമില്ലാതെ വാങ്ങാൻ അവനെങ്ങനെ തയ്യാറായി ?
ബിബിൻ : അതവന് നാണമില്ലാത്തോണ്ടായിരിക്കും
ഞാൻ : അല്ലട, അതിനൊക്കെ വ്യക്തമായ ഒരു കാരണം ഉണ്ട്
ബിബിൻ : എന്ത് കാരണം ?
ഞാൻ : എടാ അവന്റെ ആ പേനയുടെ ക്യാപ് നീ ശ്രദ്ധിച്ചോ അതിലെ ആ ഗോൾഡൻ റിങ് നീ ശ്രദ്ധിച്ചോ ??? ആ റിങ് ഉള്ളതുകൊണ്ട് പേന ഞൊട്ടി കളിക്കുമ്പോൾ എങ്ങനെ അടിച്ചാലും പേന താഴെ വീഴില്ല. അതിങ്ങനെ കറങ്ങി നില്കും. അങ്ങനെയാവാം എബി ജയിച്ചതും അരുൺ തോറ്റതും.
അതുകൊണ്ടാവാം അരുൺ എബിയുടെ പേനയുടെ ക്യാപ് മാത്രമായി മോഷ്ടിച്ചതും
കിടു
..ഹെവി