ജീവിത ചക്രം 1 25

ആ സ്ത്രീ അവനെ പൊക്കിയെടുത്തു പതുക്കെ കുളത്തിൽ മുക്കി സോപ്പു തേക്കാൻ തുടങ്ങി . ചെളിയുടെ കട്ടകൾ ആ ശരീരത്തിൽ നിന്ന് ഒഴുകാൻ തുടങ്ങി .

കുളിപ്പിക്കാനായി അവൻ്റെ നാറിയ മുണ്ട് ആ സ്ത്രീ ഊരി .

അവൻ കുനിഞ്ഞിരുന്നു .

“നാണിക്കേണ്ട ! മോന്റെ അമ്മയാണെന്ന് കരുതിയാൽ മതി !”

“അമ്മ .. അമ്മ ..” അവൻ്റെ കണ്ണുകൾ നിറഞ്ഞത് സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്ന് അവനു പോലും അപ്പോൾ അറിയില്ലായിരുന്നു !

.കുളി കഴിഞ്ഞു . അവനെ ഒരു തോർത്തുമുണ്ടുടുപ്പിച്ചു അവർ മുറിയിൽ കൊണ്ട് വന്നു . അലമാര തുറന്ന് ഒരു ട്രൗസറും ഷർട്ടും നൽകി . അവനു അത് വളരേ പാകം !

“മോന്റെ കുപ്പായമായിരിക്കും . മോൻ വന്നാൽ എന്നെ ചീത്ത പറയില്യേ ?”

“ഇല്യ ! അവൻ പോയി !” അവർ ഒന്ന് വിതുമ്പിയോ ?

“എങ്ങടാ പോയെ ?”

“ഈശ്വരന്റെ അടുത്തേക്ക് !”

“ഒറ്റയ്ക്ക് പോയിയോ ?”

“ഒറ്റക്കേ പോകാൻ പറ്റൂ മോനെ . മോന് അതൊന്നും ഇപ്പൊ മനസ്സിലാവില്യ . വാ ! കഴിക്കാൻ തരാം ! മോളേ , കഴിക്കാൻ വന്നോ !”

അടുക്കള . ആ പെൺകുട്ടിയും അവനും ദോശ കഴിക്കുകയാണ് .

“മോളേ , ദൈവം അനിയൻകുട്ടന് പകരം നമുക്ക് തന്നതാ ഇവനെ ! മോനെ , ഇനി മുതൽ ഇവള് നിന്റെ ചേച്ചിയാ !”

അവൻ തലയാട്ടി .

“എങ്ങന്യാ അനിയൻ കുട്ടൻ ദൈവത്തിന്റെ അടുത്തേക്ക് പോയേ ?”

ആ ചോദ്യം കേട്ട് അമ്മയും മകളും പരസ്പരം നോക്കി .

(തുടരും )