Jathakadosham [Honey Shivarajan] 1341

”മധുച്ചേട്ടനുമായി മോശമായ രീതിയില്‍ ഒരു ബന്ധവും എനിക്കുണ്ടായിട്ടില്ല അച്ഛാ… അതിന് ഞാന്‍ ഇടം കൊടുത്തിട്ടുമില്ല… അവര്‍ക്ക് വേണ്ടെങ്കില്‍ പിന്നെ ഈ ബന്ധത്തിന് അച്ഛന്‍ എന്തിന് നിര്‍ബന്ധിക്കുന്നു… എനിയ്ക്ക് ഈ ബന്ധത്തിനോട് ഇനി താല്‍പ്പര്യമില്ല…”
ദൃഢമായ സ്വരത്തില്‍ പറഞ്ഞ് രേണു പിന്തിരിഞ്ഞ് നടന്നു…

പിടിച്ച് കെട്ടിനിര്‍ത്തിയ കണ്ണുനീര്‍ അവളുടെ കണ്ണുകളില്‍ നിന്നും അണപ്പൊട്ടിയൊഴുകി…

ആരും കാണാതെ അവള്‍ അത് മറച്ച് പിടിച്ചു മുറിയ്ക്കുളളിലേക്ക് നടന്നു നീങ്ങി…

നിശ്ശബ്ദനായിരിക്കുന്ന രാമചന്ദ്രനെ ഒന്ന് നോക്കിയ ശേഷം പരമേശ്വരന്‍ എഴുന്നേറ്റ് പെങ്ങള്‍ സാവിത്രിയെ നോക്കി…

അവര്‍ നിന്നിടം ശൂന്യമായിരുന്നു…

********

രേണുവിന്‍റെ കയ്യിലിരുന്ന് മധുവിന്‍റെ വിവാഹ ക്ഷണക്കത്ത് വിറച്ചു…

അവളുടെ കണ്ണുകള്‍ നിറഞ്ഞു…

മധു പരമേശ്വരന്‍
വെഡ്സ്
രാഗേന്ദു ജനാര്‍ദ്ദനന്‍

”വലിയ ബന്ധം കിട്ടിയപ്പോള്‍ നാളിന് ചേര്‍ച്ചക്കുറവുണ്ടെന്ന കളളക്കഥയുണ്ടാക്കി എന്‍റെ മോളെ അവന്‍ തഴഞ്ഞു… അനുഭവിക്കും അവന്‍… എന്‍റെ മോളുടെ ഓരോ തുളളി കണ്ണീരിനും…”
രാമചന്ദ്രന്‍ വേദനയോടെ ശപിച്ചു…

”അച്ഛന്‍ വിഷമിക്കരുത്… വിശ്വസിക്കുന്നവരുടെയും സ്നേഹിക്കുന്നവരുടെയും നേരും നെറിയും അറിയാന്‍ ദൈവം ഒരു അവസരം തന്നതായിട്ട് കരുതിയാല്‍ മതി…”

”എന്നാലും മോളെ നിനക്കിതെങ്ങനെ സഹിക്കാന്‍ കഴിയണു…”
സാവിത്രി നെഞ്ച് പൊട്ടി ചോദിച്ചു…

”വേദനയില്ലെന്ന് പറയുന്നില്ല അമ്മേ… ഹൃദയം പൊട്ടുന്ന വേദനയുണ്ട്… പക്ഷെ ജീവിതം മുഴുവന്‍ കരഞ്ഞ് തീര്‍ക്കാന്‍ ഞാന്‍ ദുര്‍ബലയായ ഒരു പെണ്ണല്ല… എനിയ്ക്ക് ജീവിക്കണം… മാന്യമായി തന്നെ…”

”പോസ്റ്റ്…”
ശബ്ദം കേട്ട് രാമചന്ദ്രനും സാവിത്രിയും ഒപ്പം രേണുവും പൂമുഖത്തേക്ക് ചെന്നു…

”രേണുവിനാ…”
പോസ്റ്റുമാന്‍ വേലായുധന്‍ നിറചിരിയോടെ തുടര്‍ന്നു…

”പി.എസ്സ്.സിയില്‍ നിന്നുമുളള അപ്പോയിന്‍റ്മെന്‍റ് ലെറ്ററാണ്… ഈശ്വരനെ ധ്യാനിച്ച് ഒപ്പിട്ട് വാങ്ങിക്കോ കുട്ട്യേ….”

1 Comment

  1. സുദർശനൻ

    കഥ നന്നായിട്ടുണ്ടു്. ഇത്തരം കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു ‘

Comments are closed.