പരീക്ഷാ പേപ്പറുകളിൽ എനിക്കവൾ എന്തൊക്കെയോ എഴുതി അയക്കും ഞാൻ മറ്റൊരാളോട് പറയാൻ അന്നും മടിച്ചത് മറ്റൊന്നും കൊണ്ടല്ലായിരുന്നു ഇതെല്ലാം ചെയ്യുമ്പോഴും എന്റെ വിഷയത്തിലടക്കം അവൾ സ്കൂളിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടിയായിരുന്നു .
ഒരു കുട്ടിയുടെ മനസ്സിൽ തോന്നിയ ചെറിയൊരു അറിവില്ലായ്മ്മയായി കണ്ട് അവൾ കാണിക്കുന്നതെല്ലാം ആരോടും പറയാതെ ഞാൻ നടക്കുന്നത് അവളോടെനിക്കും പ്രണയമുള്ളത് കൊണ്ടാണെന്ന് അവളെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കുന്നുണ്ട് എന്നെനിക്ക് തോന്നി തുടങ്ങിയപ്പോൾ എത്രയും പെട്ടെന്ന് ആ കുട്ടിയോട് എല്ലാം തുറന്ന് പറയണമെന്നുറപ്പിച്ച് ഞാനൊരു അവസരത്തിനായി കാത്തിരുന്നു.
കാണുമ്പോഴെല്ലാം
വരാന്തയിൽ തടഞ്ഞു നിർത്തിയുള്ള അവളുടെ സംസാരം മറ്റു ടീച്ചേർസ് കാണുകയും ചെയ്തതോടെ അവരെല്ലാം ആ കുട്ടിയോട് എനിക്കെന്തോ ഉണ്ടെന്ന് പറഞ്ഞ് കളിയാക്കലും മറ്റും തുടങ്ങിയപ്പോൾ എല്ലാമങ്ങോട്ട് തുറന്ന് പറഞ്ഞാലോ എന്ന് തോന്നിയെങ്കിലും പറഞ്ഞില്ല കാരണം അവൾ അന്ന് പരീക്ഷാ പേപ്പറിൽ എഴുതിയ ആ കുറച്ച് വരികൾ അപ്പോഴും എന്നെ പിറകിൽ നിന്നും പിടിച്ചു വലിച്ചു കൊണ്ടിരുന്നു ” ഞാൻ സാറിനെ ഇഷ്ടപ്പെടുന്നത് മറ്റുള്ള ടീച്ചേർസ് അറിഞ്ഞാൽ അവരെന്റെ വീട്ടുകാരെ അറിയിക്കുകയും വീട്ടിലും, ക്‌ളാസ്സിലും എന്റെ മാനം പോവുകയും ചെയ്യും. അങ്ങനെ ഒരവസ്ഥ എനിക്ക് ഉണ്ടാക്കരുതെന്നും, ഞാൻ ഇഷ്ട്ടപ്പെട്ടതിൽ സാറിനെന്നോടു ദേഷ്യം തോന്നി അവരോടെല്ലാം ഇത് പറയുകയാണെങ്കിൽ പിന്നീട് ഈ നജ്മ ജീവിച്ചിരിക്കില്ല “.
എന്നെഴുതിയ
ആ വാക്കുകൾ മനസ്സിലുള്ളത് കാരണം കൂടെയുള്ളവരോട് ഒന്നും പറയാൻ നിൽക്കാതെ “നിങ്ങൾക്കൊക്കെ വെറുതെ ഓരോന്ന് തോന്നുന്നതാ.” എന്ന് മാത്രം പറഞ്ഞ് അവരുടെ ഇടയിൽ നിന്നും എഴുന്നേറ്റു പോകേണ്ടി വന്നിട്ടുണ്ട് .
നല്ലോണം പക്വതയുള്ള അവളുടെ ആ വാക്കുകൾക്ക് ഞാൻ പുറത്ത് പറഞ്ഞാൽ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന ദോഷങ്ങളെ സൂചിപ്പിക്കാനുള്ള കെൽപ്പുണ്ടായിരുന്നു.
അങ്ങനെ അവളുടെ പ്ലസ്‌ടു അവസാന മാസങ്ങളിലേക്ക് കടക്കുമ്പോഴാണ് എനിക്കൊരു വിവാഹാലോചന വരുന്നത് എന്റെ ഉപ്പയുടെ സ്നേഹിതന്റെ മകളാണ് എന്ന് പറഞ്ഞ് ഉപ്പ തന്നെ കൊണ്ടുവന്ന ഒരാലോചന. കൂടുതൽ വൈകാതെ വീട്ടുകാരുടെ കൂടെ പോയി കുട്ടിയെ കണ്ടു ഇഷ്ട്ടപ്പെട്ടു.
കല്ല്യാണം പെട്ടെന്ന് വേണമെന്നൊക്കെ പറഞ്ഞ് രണ്ടു വീട്ടുകാരും സംസാരിച്ച് നിൽക്കുമ്പോഴും നജ്മയുടെ സംസാരത്തിലെ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു .
എന്റെ നിക്കാഹ് കഴിഞ്ഞിട്ട് എല്ലാം പറയാം എന്നും ചിന്തിച്ച് അവളുടെ ചോദ്യങ്ങൾക്കും, മറ്റും മറുപടിയായി കൂടുതൽ സംസാരിക്കാതെ ഒരു ചെറു പുഞ്ചിരി മാത്രം നൽകി ഞാൻ ഒഴിഞ്ഞു മാറി കൊണ്ടിരിക്കുന്ന ആ സമയത്താണ് ഒരു ദിവസം രാത്രി ഉറങ്ങാൻ കിടന്ന സമയത്ത് വന്ന അവളുടെ എസ് എം എസിൽ പതിവില്ലാതെ എഴുതിയ വരികൾ ഞാൻ വായിക്കുന്നത്. അന്നുമുതലാണ് എന്റെ മനസ്സിലും, ജീവിതത്തിലും മാറ്റങ്ങളുടെ പെരുമഴ തോരാതെ ഇടിവെട്ടി പെയ്തിറങ്ങിയത് …
തുടരും..
°°°°°°°°°
( ഖൽബിന് മൗത്തിന്റെ വേദന നൽകാൻ. കെൽപ്പുള്ള നൊമ്പരങ്ങളിൽ മുന്നിലാണ് ആത്മാർത്ഥമായ ചില മുഹബ്ബത്തുകൾ.. )
സ്നേഹത്തോടെ
റഷീദ് എം ആർ ക്കെ – സലാല.
❤️
??