ജന്നത്തിലെ മുഹബ്ബത്ത് 1 36

കട്ടിലിൽ കൈ കുത്തിയിരുന്ന് സംസാരിക്കുന്ന നവാസ്ക്കയോട്
” അതെന്താ ഇക്ക അങ്ങനെ പറഞ്ഞത്.. ? ” എന്ന് ഞാൻ ചോദിച്ചപ്പോൾ
മുഖത്ത് വിടർന്ന സന്തോഷം മറച്ചു വെക്കാതെ നവാസ്ക്ക എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു. “എന്റെ ജീവിതാനുഭവമായത് കൊണ്ടാണ് ഞാനിങ്ങനെ തീർത്ത് പറയാൻ കാരണം കേട്ടാൽ നിങ്ങൾക്കൊന്നും പെട്ടെന്ന് വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല പക്ഷെ വിശ്വസിച്ചേ പറ്റൂ ഇന്നും ഞാൻ പോലും വിശ്വസിക്കാൻ പ്രയാസപ്പെടുന്ന കാര്യങ്ങളാണ് കുറച്ചു കാലം മുൻപ് എന്റെ ജീവിതത്തിൽ സംഭവിച്ചത് .. !!
ഗൾഫിലേക്ക് കയറി വരുന്നതിന് മുൻപ് ഞാനൊരു ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. നല്ല ശമ്പളവും മറ്റും ഉള്ള ആ ജോലി ഉപേക്ഷിച്ച് ഈ ചുട്ടു പഴുക്കുന്ന മരുഭൂമിയിലേക്ക് കയറി വരാനുള്ള ഒരൊറ്റ കാരണം ഒരിക്കലും പ്രണയിക്കില്ല എന്ന് തീരുമാനിച്ച് പഠിച്ച് വലുതായി അവസാനം ജോലി കിട്ടിയപ്പോൾ അറിയാതെ എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു പ്രണയമായിരുന്നു അല്ല ഒരിഷ്ടമായിരുന്നു…

ഇപ്പോൾ യാസിർ വന്നത് പോലെ പ്രണയിച്ച പെണ്ണിനെ കെട്ടാൻ ഗൾഫിലേക്ക് കേറി വന്നതൊന്നുമല്ലായിരുന്നു ഞാൻ കിട്ടാതെ വന്നപ്പോൾ അവളെ മറക്കാൻ വേണ്ടി കയറി വന്നതാ.

‘ഏത് മാറാത്ത ദു:ഖങ്ങളും, വിഷമങ്ങളും മാറ്റാനും, മറക്കാനും സഹായിക്കുന്ന മണ്ണ് മരുഭൂമിയാണല്ലോ’ എന്ന തോന്നല് കൊണ്ടാണ് കയറി വന്നത് പക്ഷെ കാലത്തിന്റെ കണക്ക് കൂട്ടൽ മറ്റൊന്നായിരുന്നു..

കട്ടിലിൽ അതുവരെ മുകളിലേക്ക് നോക്കി കിടന്നിരുന്ന യാസിർ ഇക്കയുടെ കഥ കേട്ടു തുടങ്ങിയതും എഴുന്നേറ്റ് വന്ന് എന്റെ അരികത്തിരുന്നു. എന്നിട്ട് നവാസ്ക്കയോട് പറഞ്ഞു ” പറ ഇക്ക എങ്ങനെയാ തുടക്കം..?”

നവാസ്ക്ക തന്റെ ജീവിതം കാണിച്ചു കൊടുത്ത ആ ഇശ്ഖ്ന്റെ പറുദീസ ഓരോന്നായി ഓർത്തെടുത്ത് പറയാൻ തുടങ്ങി.

” പഠിക്കുന്ന സമയത്ത് എല്ലാ കുട്ടികൾക്കും ഇഷ്ട്ടമാകുന്ന ഒരു മാഷാവണമെന്ന് സ്വപ്നം കണ്ടിരുന്ന ഞാൻ ജോലി കിട്ടിയപ്പോൾ ആ സ്കൂളിലെ മറ്റുള്ള അധ്യാപകരിൽ നിന്നും വ്യത്യസ്തനായി കുട്ടികളോട് ക്ലാസ്സിലും, പുറത്തും കൂടുതൽ സൗഹൃദത്തോടെ അടുത്ത് നിൽക്കുമായിരുന്നു.

അവരുടെ പഠനത്തിൽ ശ്രദ്ധിക്കുന്നതിനോടൊപ്പം കുട്ടികളുടെ ജീവിതത്തെയും, ജീവിത പ്രയാസങ്ങളെയും കുറിച്ച് ചോദിക്കുകയും മറ്റും ചെയ്ത് നല്ല ഉപദേശങ്ങൾ നൽകും . അതിനാൽ പല കുട്ടികളും ആരോടും പറയാതെ മനസ്സിൽ കൊണ്ട് നടന്നിരുന്ന ദുഃഖങ്ങൾ എന്നോട് പങ്കുവെക്കുകയും ഇക്കാരണം കൊണ്ട് കുട്ടികൾക്കെല്ലാം എന്നെ നല്ല ഇഷ്ടവുമായിരുന്നു . അങ്ങനെ ഒന്നുരണ്ട് വർഷങ്ങൾ കഴിഞ്ഞ സമയത്താണ് ഞാനൊരു പ്ലസ് വണ്ണിൽ ക്ലാസ് ടെസ്റ്റ്‌ നടത്തുന്നത്.

അന്ന് കുട്ടികളുടെ ആൻസർ ഷീറ്റുകളുമായി വീട്ടിൽ പോയി രാത്രി മാർക്കിടാൻ തുടങ്ങുമ്പോഴാണ് ആ ക്ലാസ്സിൽ നന്നായി പഠിക്കുന്ന നജ്മ എന്ന കുട്ടി ആൻസർ ഷീറ്റിനോടൊപ്പം വെച്ച മറ്റൊരു പേപ്പർ കിട്ടുന്നത്. വായിച്ച് നോക്കിയപ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ എഴുതിയ ഒരു പേപ്പർ. എന്നെ ആ കുട്ടിക്ക് ഇഷ്ട്ടമാണെനും, വിവാഹം കഴിക്കണമെന്നും.. ആരോടും ഇത് പറയരുതെന്നും പറഞ്ഞാൽ പിന്നെയവൾ ജീവിച്ചിരിക്കില്ല എന്നൊക്കെ എഴുതിയ ഒരു പേപ്പർ . ആകെ വിഷമിച്ചു പോയ സമയമായിരുന്നു അപ്പോൾ. ഞാൻ പഠിപ്പിക്കുന്ന ഒരു കുട്ടിയിൽ നിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്ന് ചിന്തിച്ച് അന്നത്തെ ഉറക്കം എനിക്ക് നഷ്ടമായിട്ടുണ്ട്.

2 Comments

Comments are closed.