ജന്നത്തിലെ മുഹബ്ബത്ത് 1
Jannathikle Muhabath Part 1 രചന : റഷീദ് എം ആർ ക്കെ
ഭാഗം : 1

സ്നേഹിക്കുന്ന പെണ്ണ് പെട്ടെന്നൊരു ദിവസം മറ്റൊരു വിവാഹത്തിന് സമ്മതിച്ചതറിഞ്ഞത് മുതൽ തുടങ്ങിയതാണ് റൂമിലുള്ള എന്റെ ഉറ്റമിത്രം യാസിർ ലോകത്തുള്ള മുഴുവൻ കാമുകിമാരെയും തെറി വിളിക്കൽ .
നാട്ടിൽ ജോലിയൊന്നുമില്ലാതെ കറങ്ങി നടന്നിരുന്ന സമയത്ത് അടുത്തുള്ള ഏതോ കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയുമായി ഇവൻ പ്രണയത്തിലാവുകയും ആ പെണ്ണിനെ കെട്ടാൻ ഗൾഫിലേക്ക് കിട്ടിയ വിസക്ക് കേറി വന്നവനുമാണ് യാസിർ.
കേട്ടിട്ട് ആത്മാർത്ഥമായിരുന്നു അവന്റെ പ്രണയം പക്ഷെ സ്നേഹിച്ച പെണ്ണ് അത് മനസ്സിലാക്കിയില്ലെന്ന് തോന്നുന്നു പെട്ടെന്നൊരു ദിവസം ഇവനെ വിളിച്ച് ഇനി മേലിൽ വിളിക്കരുതെന്നും, മെസേജ് അയക്കരുതെന്നും മറ്റും പറഞ്ഞ് അവൾ വേറെ ഒരുത്തനുമായുള്ള കല്ല്യാണത്തിന് സമ്മതിച്ചു.
പ്രണയത്തിൽ പണ്ടേ വിശ്വാസമില്ലാത്ത എനിക്ക് ദിവസങ്ങൾ കഴിഞ്ഞിട്ടും അവന്റെ സങ്കടം പറച്ചിൽ കേട്ട് ആശ്വസിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ അവന്റെ പരിഭവങ്ങൾ നിറഞ്ഞ പ്രാക്കുകൾ കേട്ടിരിക്കുമ്പോഴാണ്
” നമ്മൾ ആണുങ്ങൾ കാണിക്കുന്ന ആത്മാർത്ഥത ഒരിക്കലും ഈ പെണ്ണുങ്ങൾക്ക് ഉണ്ടാവില്ലഡാ എന്ന് അന്നെന്നോട് കൂടെ നടന്നിരുന്ന ഒരുത്തൻ പറഞ്ഞിരുന്നു അന്ന് ഞാനത് വിശ്വസിച്ചില്ല ഇപ്പോൾ അനുഭവിച്ചു ” എന്നെല്ലാം പറഞ്ഞ് സങ്കടവും, ദേഷ്യവും കടിച്ചമർത്തുന്ന യാസിറിനെ നോക്കി ഞങ്ങളുടെ കമ്പനി മാനേജറും സുഹൃത്തും കൂടിയായ റൂമിലെ നവാസ്ക്ക പറഞ്ഞു …
“യാസിർ നീ സ്നേഹിച്ച പെണ്ണിനായിരുന്നു കുഴപ്പം അല്ലാതെ പെണ്ണുങ്ങൾ മുഴുവനും സ്നേഹിക്കുന്ന കാര്യത്തിൽ അങ്ങനെയല്ല യാസീ.” എന്ന് പറഞ്ഞ് ഇക്ക നിർത്തിയപ്പോൾ യാസിർ ദേഷ്യത്തോടെ
” ഇക്കാക്ക് അങ്ങനെ പറയാം എന്റെ ഇപ്പോഴത്തെ അവസ്ഥ ഇക്കാക്ക് മനസ്സിലാവാഞ്ഞിട്ടാ. അവളെ ഞാൻ എന്ത് മാത്രം സ്നേഹിച്ചിരുന്നു എന്നറിയാമോ.
പ്രാരാബ്ധങ്ങൾ ഒന്നുമില്ലാത്ത എനിക്ക് അവളെ കല്യാണം കഴിക്കാനുള്ള മോഹം ഒന്നു കൊണ്ട് മാത്രമാ ഞാനീ ഗൾഫിലേക്ക് വീട്ടുകാരെയും, കൂട്ടുകാരേയും എല്ലാം ഇട്ടെറിഞ്ഞു കേറി പോന്നത് എന്നിട്ട് അവളുടെ കല്ല്യാണം വീട്ടുകാർ ആലോചിക്കുന്നത് പോലും എന്നെയവൾ അറിയിച്ചില്ല, പറഞ്ഞില്ല …”
നവാസ്ക്ക വീണ്ടും പറഞ്ഞു ” യാസീ നിന്റെ വിഷമം എനിക്ക് മനസ്സിലാവും അവൾ നിന്നോട് ചെയ്തത് ചെയ്യാൻ പാടില്ലാത്ത ക്രൂരത തന്നെയാണ് കല്ല്യാണം നോക്കുന്നുണ്ട് എന്നെങ്കിലും അവള്ക്ക് നിന്നോട് പറയാമായിരുന്നു പക്ഷെ ഈ ലോകത്ത് ആരൊക്കെ പറഞ്ഞാലും എല്ലാ പെണ്ണുങ്ങളും സ്നേഹിക്കുന്ന കാര്യത്തിൽ ആത്മാർത്ഥത ഇല്ലാത്തവരാണ് എന്ന് പറഞ്ഞാൽ അത് ഞാൻ സമ്മതിച്ചു തരില്ല..! “
❤️
??