Guru by Rajesh Attiri
“അച്ഛൻ വരുമ്പോൾ എനിക്ക് ബലൂൺ വാങ്ങിക്കൊണ്ടു വരണേ …”
വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവനോടായി കുഞ്ഞിക്കുട്ടൻ പറഞ്ഞു .
“ബൈബൈ മോനെ , വാങ്ങിവരാം കേട്ടോ .”അവൻ കൈവീശി ബൈക്ക് സ്റ്റാർട്ട് ചെയ്തു .
“എൻ്റെ അച്ഛൻ എനിക്ക് ബലൂൺ കൊണ്ടുവരുമല്ലോ !”തുള്ളിച്ചാടി കുഞ്ഞിക്കുട്ടൻ വീട്ടിനകത്തേക്ക് പോയി .
അവൻ ബാലകൃഷ്ണൻ . സ്കൂൾ മാസ്റ്റർ ആണ് .
പതിവുപോലെ ഹാജർ എടുക്കാൻ രെജിസ്റ്ററുമായി അവൻ ക്ലാസിലെത്തി .കുട്ടികൾ ബെഞ്ചിനും ഡെസ്‌കിനും മുകളിലൂടെ വെറുതെ ഈളിയിട്ടുകൊണ്ടു അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുകയാണ് .ചിലർ ഇരുന്നു പുണ്യാഹം തളിക്കുന്നത് പോലെ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട് . അത് കണക്കു പഠിത്തം ആണ് പോലും ! ചിലർ ഡെസ്കിൽ കൊട്ടി രസിക്കുന്നുണ്ട് .
“എന്താ ഇവിടെ ?” അവൻ അലറിവിളിച്ചു .
“എന്താണെന്നു കാണുന്നില്ലെ ? നിങ്ങളെന്താ കണ്ണുപൊട്ടനാണോ ?”
കുട്ടികൾ പരിഹസിച്ചു ചിരിക്കാൻ തുടങ്ങി . ക്ഷമ കിട്ടുവാനും ശ്രദ്ധ തിരിക്കുവാനുമായി അവൻ സീലിംഗ് ഫാനിലേക്കു നോക്കി .
കുട്ടികൾക്ക് നേരെ കണ്ണുരുട്ടരുത് !
കുട്ടികളെ ശാസിക്കരുത് !
കുട്ടികളെ മാനസികമായും ശാരീരികമായും വേദനിപ്പിക്കരുത് !
കുട്ടികളെ ഒരു കാര്യത്തിലും നിർബന്ധിക്കരുത് !-മനഃശാസ്ത്രം അവനെ ഉപദേശിച്ചു .
കുട്ടികൾ പുസ്തകം വായിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം !
കുട്ടികൾക്ക് മാർക്ക് കുറയുന്നതിൽ നീയാണ് ഉത്തരവാദി !
ടെക്സ്റ്റും നോട്ട്ബുക്കും താങ്ങാനുള്ള കെല്പ് കുട്ടികൾക്കില്ല !അവ കൊണ്ടുവരാൻ നിർബന്ധിക്കരുത് !
എന്ത് എഴുതിയാലും വേണ്ടില്ല ഞങ്ങളുടെ മക്കൾക്ക് വലിയ റാങ്ക് ലഭിക്കണം അല്ലെങ്കിൽ പ്രിൻസിപ്പാലിനോടോ ചെയർമാനോടോ പരാതി പറയും !