രാഹുൽ :” ഓ അതോ നീ ഇന്നലെ ഇവിടെ എത്തിയപ്പോൾ ഭയങ്കര ബഹളം ആയിരുന്നു. കയ്യും കാലും ഇട്ടടിച്ചു പിച്ചും പെയ്യും പറഞ്ഞു. ഞാൻ ആകെ പേടിച്ചു പോയി.
ആ കുട്ടി ഷിഫ്റ്റ് കഴിഞ്ഞു ഇറങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു നിന്റെ ബഹളം. ട്രിപ്പ് ഇടാൻ ഡോക്ടറെ സഹായിക്കാൻ ആ കുട്ടി വന്നു. ഡോക്ടർ തല കുത്തി നിന്നിട്ടും നിന്റെ ബഹളം കാരണം പറ്റുന്നുണ്ടായിരുന്നില്ല. നിന്റെ കൈ പിടിച്ചു വയ്ക്കാൻ നോക്കിയപ്പോൾ നീ ആ കുട്ടിയുടെ കയ്യിൽ മുറുകെ പിടിച്ചു. അപ്പോഴാ അവർ ട്രിപ്പ് ഇട്ടത്. എന്നിട്ടും നീ അവളുടെ കൈ വിട്ടില്ല. എന്ത് പിടിയാടാ പിടിച്ചേ? “
ഗൗതം അത് കേട്ടു ഒന്ന് ചിരിച്ചു പോയി.
“ചെങ്കൊടി ആണെന്ന് കരുതി കാണുമെടാ”
ഗൗതമിന്റെ മറുപടി കേട്ടു രാഹുൽ പറഞ്ഞു
“മണ്ണാങ്കട്ട . ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോയി ഉറങ്ങാൻ പോയ കൊച്ചിനെയാ നീ കയ്യിൽ പിടിച്ചു ഇവിടെ ഇരുത്തിയിരുന്നത്. പാവം കുറച്ചു മുന്നെയാ ആ സൈഡിൽ ഒന്ന് തല ചായ്ച്ചത്. അതിനു വേണ്ടി ചായ മേടിക്കാൻ പോയതാ ഞാൻ. അപ്പോഴേക്കും നീ ഉണർന്നു “
ഗൗതമിന്റെ മനസ്സിൽ അപ്പോഴും ആ ക്ഷീണിച്ച കരിമഷി കണ്ണുകൾ ആയിരുന്നു.
” കിടന്നു സ്വപ്നം കാണുന്നോ. വാ പതിയെ എണീറ്റു ഈ ചായ കുടിക്കു. “
ഗൗതം :” എന്ത് കണ്ണുകളാടാ അത്? ഇപ്പോഴും മനസ്സിൽ നിന്നും പോകുന്നില്ല. എന്തോ ഒരു പ്രത്യേകത “
രാഹുൽ :” ആരുടെ കണ്ണ്?? ദൈവമേ ഇവൻ വീണ്ടും പിച്ചും പെയ്യും പറയുന്നോ? “
ഗൗതം :”പോടാ. ഞാൻ ആ നഴ്സിന്റെ കാര്യമാണ് പറഞ്ഞത്. ആരാന്നു പോലും അറിയാത്ത ഒരാൾക്ക് വേണ്ടി ഉറക്കം കളഞ്ഞ ആ കണ്ണുകൾ ഇന്ന് എന്റെ മനസ്സും കൊണ്ടാണല്ലോ പോയത്. ഇതാണോടാ പ്രണയം. “
രാഹുൽ :” കുന്തം. കാണാൻ കൊള്ളാവുന്നൊരെ കാണുമ്പോൾ എല്ലാ മനസുകൾക്കും ഇങ്ങനെ തോന്നും. മിണ്ടാതെ ചായ കുടികെടാ. “
ഗൗതം :” ഇന്നോളം എന്റെ മനസ്സ് കവർന്നത് ചെങ്കൊടി ആയിരുന്നില്ലെടാ. പക്ഷെ ഇപ്പോൾ എനിക്കറിയില്ല. ആ കണ്ണുകൾ….. എനിക്ക് അവളെ കാണണം. ടാ പ്ലീസ്… “
കയ്യിലിട്ടിരുന്ന ട്രിപ്പ് ഊരി കളഞ്ഞു ചാടി എണീറ്റ ഗൗതമിനെ തടഞ്ഞുകൊണ്ട് രാഹുൽ പറഞ്ഞു
“നിനക്ക് എന്താടാ ഭ്രാന്തായോ? നീ അവിടെ അടങ്ങി കിടന്നേ. അവൾ വീട്ടിൽ പോയി. നിനക്ക് എന്താ വേണ്ടേ? കാണണം അത്ര അല്ലെ ഒള്ളു. അവൾ നാളെ വരുമായിരിക്കും. “