ഇതാണോ പ്രണയം
Ethano Pranayam Author : Anamika Anu
കണ്ണുകൾ തുറക്കാൻ ഗൗതം നന്നേ പാട്പെടുന്നുണ്ടായിരുന്നു. എങ്കിലും പതിയെ തുറന്നു. ചുറ്റും കണ്ട കാഴ്ചകളിൽ നിന്നും മനസിലായി ഹോസ്പിറ്റലിൽ ആണെന്ന്. കൈ ഉയർത്താൻ ശ്രമിച്ചപ്പോഴാണ് എന്റെ കയ്യിൽ തല ചേർത്തു ഉറങ്ങുന്ന ഒരു പെൺകുട്ടിയെ കണ്ടത്.
തനിക്കു ചുറ്റും എന്താ നടക്കുന്നെന്ന് ഗൗതമിനു ഒന്നും മനസിലായില്ല. ശരീരം ആകെ ഒരു വേദന പോലെ. കൈ പതിയെ പുറകിലേക്ക് എടുക്കാൻ ശ്രമിക്കവേ ആ കുട്ടി ഞെട്ടി എഴുന്നേറ്റു.
അപ്പോഴാണ് ഗൗതം ആ മുഖം കണ്ടത്. കണ്ണുകൾ വീങ്ങിയിരിക്കുന്നു. ഉറക്കമൊഴിച്ച നല്ല ലക്ഷണം. എങ്കിലും ആ കണ്ണുകൾ ഗൗതമിന്റെ നെഞ്ചിൽ തറച്ച പോലെ അവനു തോന്നി.
എങ്കിലും ഒരു പരിചയം ഇല്ലാത്ത എനിക്ക് വേണ്ടി ഉറക്കം ഒഴിയാൻ ഇവൾ ആരാ? ഞാൻ എങ്ങനാ ഇവിടെ എത്തിയത്?
ഗൗതം ഒന്നും മനസിലാകാതെ ആ കുട്ടിയുടെ കണ്ണിലേക്കു തന്നെ നോക്കി. വാലിട്ടെഴുതിയ കണ്ണുകളിൽ നിന്നും കരി ഒലിച്ചിറങ്ങിയിരിക്കുന്നു. തുടുത്ത കവിളുകൾ. ചുവന്ന ചുണ്ടുകൾക്ക് മുകളിൽ വിയർപ്പു കണങ്ങൾ ആശുപത്രിയിലെ ലൈറ്റിൽ തിളങ്ങുന്നുണ്ടായിരുന്നു. കുട്ടീടെ കയ്യിലേക്ക് നോക്കിയപ്പോൾ ചുവന്ന കട്ടിയുള്ള ചരടിന് മുകളിൽ അത്ര തന്നെ വലുപ്പത്തിൽ ചുവന്ന വിരൽ പാടുകൾ.
തലേന്ന് നടന്നത് ഓർക്കാൻ ശ്രമിക്കവേ അവന്റെ തലയ്ക്കു ഒരു തരിപ്പ് പോലെ. വേദനിച്ചു അവൻ തലയിൽ കൈ വച്ചു വിളിക്കാൻ തുടങ്ങി.
പെട്ടന്ന് തണുത്ത വിരലുകൾ അവന്റെ നെറ്റിയിൽ പതിഞ്ഞത് അവൻ അറിഞ്ഞു. വേദന എങ്ങോട്ടാ പോയതെന്ന് പോലും അവൻ പിന്നെ അറിഞ്ഞില്ല.
അപ്പോഴാ കഞ്ഞിയിൽ പാറ്റ ഇട്ടുകൊണ്ട് എന്റെ പുന്നാര ചങ്ക് രാഹുൽ ഒരു ഫ്ലാസ്കും ആയി വന്നത്. അവൾ കൈ എടുത്തു.
“ആ നീ എണീറ്റോ? ഇപ്പോൾ എങ്ങാനുണ്ടെടാ? സുഖം ഉണ്ടോ? ചായ തരട്ടെ? കഞ്ഞി കുടിക്കുന്നോ? “
എന്റെ കഞ്ഞിയിൽ പാറ്റ ഇട്ടിട്ടു കഞ്ഞി വേണോന്നു ചോദിക്കുന്നു ദുഷ്ടൻ. പണ്ടേ ഇവന്റെ ടൈമിംഗ് ശെരിയല്ല. ഗൗതം മനസ്സിലോർത്തു.
രാഹുൽ :”കുട്ടി പൊയ്ക്കോളൂ. താങ്ക്സ്. ചായ കുടിക്കുന്നോ? “
ഇല്ല എന്നാ അർത്ഥത്തിൽ അവൾ തല ചെറുതായി അനക്കി.
ഒന്നും മിണ്ടാതെ അവൾ നടന്നു. അവൾ പോകുന്നതും നോക്കി ഗൗതം കിടന്നു.
രാഹുൽ :” ഇന്നലെ എന്തൊക്കെയാ കാട്ടിയെന്ന് വല്ലതും ബോധം ഉണ്ടോടാ നിനക്ക്. പനി തുടങ്ങിയപ്പോഴേ നിന്നോട് ഹോസ്പിറ്റലിൽ പോകാന്നു ഞാൻ പറഞ്ഞതല്ലേ. എന്നിട്ട് അതൊന്നും കേൾക്കാതെ അവിടെ കിടന്നേക്കുന്നു. രാത്രിയിൽ പനി കൂടി നിന്നെ ഇവിടെ കൊണ്ട് വന്നപ്പോൾ നിനക്ക് ഒട്ടും ബോധം ഇല്ലാരുന്നു. ഇപ്പോഴാണ് എനിക്ക് സമാധാനം ആയതു. “
ട്രെയിൻ പോലെയുള്ള അവന്റെ പ്രസംഗംകേൾക്കുമ്പോഴും ഗൗതം കാതോർതത്ത അഞ്ജന മിഴികളുടെ ഉടമയെ കുറിച്ച് കേൾക്കാനായിരുന്നു. കാട് കേറി എന്തൊക്കെയോ രാഹുൽ പറഞ്ഞു. അല്ലേലും ഇവൻ ആവശ്യം ഉള്ളത് പറയില്ലാന്നു ഓർത്തുകൊണ്ട് ഗൗതം ക്ഷമ നശിച്ചു ചോദിച്ചു
“ഏതാടാ ആ കുട്ടി? “