ഉത്തരം പ്രതീക്ഷിക്കാത്ത ചോദ്യത്തിന് ശേഷം നെറ്റിയിൽ ഉമ്മ തന്നു തിരിച്ചു പോകുന്ന അവളോട് ആയി ഞാൻ മനസ്സിൽ ഒരു ഉത്തരം ഉണ്ടാക്കി പറഞ്ഞു നോക്കാറുണ്ട്….
” കുറെ കുറേ കിടന്നു ഒരു ഉപയോഗം ഇല്ലെന്ന് തോന്നുമ്പോ ഞാൻ എന്റെ ശരീരത്തിൽ നിന്നും ഇറങ്ങും…. ഇറങ്ങി കഴിഞ്ഞും ദേഷ്യം തീരാതെ ശരീരത്തെ എടുത്തു ജനൽ വഴി പുറത്തേക്കു ഏറിയും…നിലത്തു വന്നു വീണു നാലോ അഞ്ചോ ചിലപ്പോ എട്ടോ കഷ്ണം ആയോ ചിതറിയ ശരീരത്തെ നോക്കി പല്ലിളിച്ചു കാണിക്കും…. വൈകുന്നേരങ്ങളിൽ നീ വരുന്ന നേരങ്ങളിൽ വീണ്ടും ഇഷ്ടം തോന്നുമ്പോൾ നിലത്തിറങ്ങി വന്നു ചിതറിയ കഷ്ണങ്ങൾ പെറുക്കി കൂട്ടി വച്ചു വീണ്ടും അതിൽ നിരങ്ങി നിരങ്ങി കയറി ഇരിക്കും….. നിനക്കു ഉമ്മ വക്കാൻ പാകത്തിന്…..”
എന്റെ ഉത്തരങ്ങൾ കേട്ടിട്ടോ കേൾക്കാതെയോ അവൾ അവളുടെ പ്രവർത്തികൾ തുടർന്നു….. എന്നും വിശേഷങ്ങൾ ചോദിച്ചു…നെറ്റിയിൽ ഉമ്മകൾ വച്ചു….ഞാനും പകൽ സമയങ്ങളിൽ നിലത്തു വീണു ചിതറി പല തവണ കൂട്ടി ഒട്ടിച്ചു വച്ച പാടുകൾ ഉള്ള എന്റെ ശരീരത്തിൽ കയറിയും ഇറങ്ങിയും കൊണ്ടിരുന്നു….