വീതികൂടിയ നെറ്റിത്തടം….
നല്ല നീളമുണ്ടെന്നു തോന്നുന്നു അതിനനുസരിച്ച വണ്ണവും…..
കാറ്റിനനുസരിച്ചു പാറിപ്പറക്കുന്ന ഇടതൂർന്ന നീണ്ട ചുരുളൻ മുടിയിഴകൾ പത്തിവിടർത്തിയാടുന്ന പാമ്പുകളെ അനുസ്മരിപ്പിക്കുണ്ട്…..
ചുമലിലൂടെ വലിച്ചിട്ടുകൊണ്ടു മുൻവശത്തു ചേർത്തുപിടിച്ച ഇളംനീലനിറത്തിലുള്ള സാരിക്കിടയിലും മാറിടത്തിന്റെ മാംസളത മുഴച്ചു കാണാമായിരുന്നു…..
നെറ്റിയിലെ ചുവന്ന നിറത്തിലുള്ള വലിയ വട്ടപ്പൊട്ടു മഞ്ഞിൽ കുതിർന്നു പടർന്നു തുടങ്ങിയിരുന്നു…..
സ്വർണ്ണ നാഗംപോലെ വെളുത്തകഴുത്തിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന നേർത്തൊരു സ്വർണം മാല….
കാതിൽ വലിയ ജിമിക്കികമ്മൽ…..
തിളങ്ങുന്ന ചുവന്ന കല്ലുപതിച്ച മൂക്കുത്തി…..
രണ്ടുകൈകളിലും നാലോഅഞ്ചോ വീതം ചുവന്ന കുപ്പിവളകളും ധരിച്ചിട്ടുണ്ടായിരുന്നു.
ആകെക്കൂടി ഏതൊരു പുരുഷനെയും ആകർഷിക്കുന്ന വല്ലാത്തൊരു മാദക ഭംഗി……!
എപ്പോഴോ എന്നെ സ്വാധീനിക്കുകയോ ആകർഷിക്കുകയോ കൊതിപ്പിക്കുകയോ മോഹിപ്പിക്കുകയോ ചെയ്തിരിക്കുന്ന ആരോടോ അവർക്ക് വല്ലാത്തൊരു സാമ്യമുണ്ടായിരുന്നു…..!
“ചാമുണ്ഡിപ്പുഴ……അങ്ങനെയൊരു പുഴയെപ്പറ്റി ഇതുവരെ കേട്ടിട്ടുപോലുമില്ല…..”
കുറച്ചുനേരത്തെ ആലോചനയ്ക്ക് ശേഷമാണ് ഞാൻ പറഞ്ഞത്.
“ചില മനുഷ്യരെപ്പോലെതന്നെ പുഴകൾക്കും ഓരോ സ്ഥലത്തും ഓരോ പേരാണ്…..
വണ്ണാത്തിപുഴ ,കൈതപ്പുഴ,കുറ്റൂർപ്പുഴ,കാനായിപ്പുഴ,പെരുമ്പപ്പുഴ എന്നൊക്കെ കേട്ടിട്ടില്ലേ…..
ഈ പുഴത്തന്നെയാണ് അതൊക്കെ…..”
പെരുമ്പപുഴതന്നെയാണ് ഇതെന്ന് വല്ലാത്ത സന്തോഷം തോന്നിയെങ്കിലും അവർ എന്തോ അർത്ഥം വച്ചാണ് മറുപടിപറഞ്ഞതെന്നു മനസിലായി.
കാരണം പുഴയെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെ അതിലവർ മനുഷ്യരെയും കൂട്ടിക്കെട്ടുന്നുണ്ട്.
“”അപ്പോൾ ഇതിലൂടെ നേരെപ്പോയൽ നേരം വെളുക്കുമ്പോഴേക്കും എനിക്ക് എത്തേണ്ടിടത്തെത്താം അല്ലെ……”
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ.