“ഈ പുഴയുടെ പേരെന്താണ്……”
ആരോടെന്നില്ലാതെയാണ് ചോദിച്ചത്.
“ഇതാണ് ചാമുണ്ഡിപ്പുഴ……”
അയാളാണ് മറുപടി പറഞ്ഞത്.
“ഈ പുഴ എവിടെനിന്നാണ് തുടങ്ങുന്നത് എവിടെയാണ് അവസാനിക്കുന്നത്…..”
വീണ്ടും ചോദിച്ചു.
“നല്ല ചോദ്യം…..
ഒരു മനുഷ്യന്റെ ജീവിതം എവിടെനിന്നാണ് തുടങ്ങുന്നതെന്നോ എവിടെയാണ് അവസാനിക്കുന്നതെന്നോ പറയുവാൻ പറ്റുമോ….
അതുപോലെയാണ് പുഴയുടെ കാര്യവും നീരുറവകളായി തുടങ്ങി…..
പിന്നെ കുറേ നീരുറവകൾ ചേർന്നു നീർച്ചാലുകളായിമാറി ….
നീർച്ചാലുകൾ തോടുകളായി രൂപം മാറി… അങ്ങനെ കുറെ തോടുകൾ ചേർന്നു പുഴയാകുന്നു……
പുഴ കുറെ ഒഴുകിയശേഷം കടലിൽ ലയിക്കുന്നു
പക്ഷേ അപ്പോഴും പുഴ അവസാനിക്കുന്നില്ല……”
ഇത്തവണ മറുപടി പറഞ്ഞത് സ്ത്രീയായിരുന്നു.
അങ്ങനെ പറഞ്ഞശേഷം അവർ പുഴയിലേക്ക് നോക്കി കുലുങ്ങി ചിരിച്ചു……
അവരുടെ ചിരിയും തോണി നീങ്ങുവാൻ പങ്കായം തുഴയുമ്പോഴുള്ള വെള്ളത്തിന്റെ ശബ്ദവും ഒരുപോലെ തന്നെയാണെന്ന് അത്ഭുതത്തോടെ ഞാനോർത്തു……!
മനം മയക്കുന്ന ചിരി……
മാദകത്ത്വം നിറഞ്ഞുതുളുമ്പുന്ന ചിരി….
ഇപ്പോഴാണ് കണ്ണാടിപോലെ തെളിഞ്ഞ പുഴയിലെ വെള്ളത്തിൽക്കാണുന്ന പ്രതിബിംബത്തിലേക്കുനോക്കി ഞാനവരെ ശരിക്കും ശ്രദ്ധിച്ചത് …
ഏകദേശം മുപ്പത്തിയഞ്ചു വയസ്സോളം പ്രായം കാണും വെളുത്ത നിറം…..
നീണ്ട മാസിക…..
മാൻപേടയെപ്പോലെ ശാന്തമാണെങ്കിലും തിളക്കമുള്ള കണ്ണുകൾ….
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ.