“എവിടെനിന്നാണ് വന്നത്…..”
പെട്ടെന്നുള്ള അവരുടെ ചോദ്യം അതുകേട്ടപ്പോൾ എനിക്ക് ആദ്യം ആശ്വാസം തോന്നിയെങ്കിലും മറുപടി പറയാകാതെ കുഴങ്ങി.
“ഇവിടെയെത്തിപെട്ടാൽ വന്നസ്ഥലത്തിനെക്കുറിച്ചു ആർക്കും വലിയ ധാരണയുണ്ടാകില്ല പക്ഷെ പോകുവാനുള്ള സ്ഥലത്തെക്കുറിച്ചു നല്ല ധാരണയുമുണ്ടാകും…..
ശരിയല്ലേ……
വന്ന സ്ഥലത്തെത്തിക്കുവാൻ പറ്റില്ല വേണമെങ്കിൽ പോകുവാനുള്ള സ്ഥലത്തെത്തിക്കാം അതുമതിയെങ്കിൽ കയറിക്കോളൂ…..”
ഒരു തത്വജ്ഞാനിയെപ്പോലെ പറഞ്ഞുകൊണ്ടവർ വല്ലാത്തൊരു ചിരിചിരിച്ചപ്പോൾ തോണിയുടെ മറുവശത്ത് ചന്ദ്രനുദിച്ചതുപോലെയാണ് എനിക്കു തോന്നിയത്.
“എവിടെയായാലും കുഴപ്പമില്ല ഈ കാട്ടിൽനിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി…..”
അങ്ങനെ പറഞ്ഞുകൊണ്ട് ഞാൻ വെള്ളത്തിലിറങ്ങി തോണിയുടെ അടുത്തേക്ക് നടന്നപ്പോൾ തുഴക്കാരൻ തൻറെ ബലിഷ്ഠമായ വലതു കൈ നീട്ടിത്തന്നുകൊണ്ടു തോണിയിലേക്ക് കയറുവാൻ സഹായിച്ചു.
അയാളുടെ കൈകൾക്ക് മഞ്ഞിന്റെ തണുപ്പായിരുന്നു…!
“നിങ്ങളുടെ കൈക്ക് എന്തൊരു തണുപ്പാണ്…..”
ചിരിയോടെ അയാളോട് പറയുവാനും മറന്നില്ല.
“രക്തയോട്ടം നിലച്ചിട്ടു കുറെയായില്ലേ അതുകൊണ്ടാകും…..”
ചിരിയോടെയായിരുന്നു അയാളുടെ മറുപടിയും.
“അതെന്താ അങ്ങനെ പറഞ്ഞത്…. ”
അയാളുടെ മറുപടിയിൽ എന്തോ ഒരു അസ്വാഭാവികത തോന്നിയെങ്കിലും അതു പുറത്തുകാണിക്കാതെ നടുവിലെ പലകയിൽ തോണിയിലിരിക്കുന്ന സ്ത്രീയുടെ അഭിമുഖമായിരുന്നുകൊണ്ടാണ് ചോദിച്ചത്.
“കാറ്റും മഴയും മഞ്ഞും വെയിലും അനുഭവിച്ചുകൊണ്ടു എത്രകാലമായി ഞാൻ ഈ പുഴയിൽ കഴിയുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ അങ്ങനെ ചോദിക്കില്ല……”
അയാൾ വിശദീകരിച്ചപ്പോൾ ആശ്വാസം തോന്നി
കടത്തുകാരനായോ മീൻപിടുത്തകാരനായോ മണൽവാരൽ തൊഴിലാളിയായോ പുഴയുമായി ബന്ധപ്പെട്ടു ഉപജീവനം നടത്തുന്നയാളായിരിക്കുമെന്നു മനസിൽ ഊഹിക്കുകയും ചെയ്‌തു.
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ.