സ്ത്രീയെ കണ്ടതും മനസിൽ ഭയാശങ്കകൾ ഉയർന്നുതുടങ്ങി…..
അവർ വല്ല യക്ഷിയോ പ്രേതമോ ദുരാത്മാക്കളോ മറ്റോ ആണോ…….!
ഏയ്….ഈ ആധുനിക ലോകത്ത് അതിനൊന്നും സാധ്യതയില്ല…..!
അതുമാത്രമല്ല രണ്ടു യക്ഷികളും രണ്ടു പ്രേതങ്ങളുമൊന്നും ഒന്നിച്ചു നടക്കുന്നതായി എവിടെയും കേട്ടിട്ടുമില്ല…
ഞാൻ സ്വയം സമാധാനിച്ചുകൊണ്ടു മനസിനെ ധൈര്യപ്പെടുത്തി……
അപ്പോഴേക്കും തോണി കരയ്ക്കടുത്തിരുന്നു.
“ആരാ…..”
തോണി തുഴഞ്ഞുകൊണ്ടിരുന്നയാൾ പാറയിൽ ചിരട്ടയുരയ്ക്കുന്ന ശബ്ദത്തിൽ ചോദിക്കുന്നതുകേട്ടപ്പോൾ ഞാൻ എന്റെ മുഖത്തേക്ക് മൊബൈലിന്റെ വെട്ടം തിരിച്ചുപിടിച്ചു.
“എന്നെയൊന്ന് അക്കരെ കൊണ്ടുവിടാമോ…..”
കരയുന്നതുപോലെയാണ് ചോദിച്ചത്.
“അക്കരെയ്ക്കോ……”
അങ്ങനെ ചോദിച്ചുകൊണ്ട് എന്തോ തമാശ കേട്ടതുപോലെ അയാൾ ഉറക്കെച്ചിരിക്കുകയാണ് ചെയ്തത്.
വനത്തിലും പുഴയിലും മലയിടുക്കുകളിലും തട്ടിപ്രതിധ്വനിച്ച ചിരിയുടെ അലകൾ അവസാനിക്കുവാൻ പിന്നെയും നിമിഷങ്ങളെടുത്തു.
“അക്കരെ ഇതിനേക്കാൾ വലിയ കൊടുംകാടാണ് ഭായ്…..”
ചിരിച്ചുകൊണ്ടു തന്നെയാണ് അയാൾ തുടർന്നു പറഞ്ഞത്.
“നിങ്ങൾക്ക് എങ്ങോട്ടാണ് പോകേണ്ടത്…..”
സാരിതുമ്പു തലയിലേക്ക് വലിച്ചിട്ടുകൊണ്ടു തോണിയുടെ മറ്റേയറ്റത്തിരിക്കുകയായിരുന്ന സ്ത്രീയാണ് മധുരമായ ശബ്ദത്തിൽ ചോദിച്ചത്.
ആ ശബ്ദത്തിനു വല്ലാത്തൊരു ആകർഷകതയും മാസ്മരികതയുമുണ്ടായിരുന്നു.
“എനിക്ക് വന്ന സ്ഥലത്തു തിരിച്ചെത്തിയാൽ മതി…”
ഒരുവിധം ഞാൻ മറുപടികൊടുത്തു.
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ.