എവിടെയാണ് അവസാനം….
ഇങ്ങനെ ആലോചിച്ചുകൊണ്ടു പുഴയിലിറങ്ങി ഒരുകുമ്പിൾ വെള്ളം ആർത്തിയോടെ കോരിക്കുടിച്ചപ്പോൾ അതിനു മഞ്ഞുകട്ടയുടെ തണുപ്പായിരുന്നു……
അല്ലെങ്കിൽ മരണത്തിന്റെ തണുപ്പോ…..
മുഖം കഴുകിയശേഷം വീണ്ടും ഒരു കവിൾ വെള്ളം കോരി നിവരുമ്പോഴാണ് അത്ഭുതപ്പെടുത്തുകയും അശാന്തമായ മനസിനെ കുളിർപ്പിക്കുകയും ചെയ്യുന്ന ആ കാഴ്ചകണ്ടത്……!
പുഴയുടെ ഒത്തനടുവിലൂടെ ഒരു വെട്ടം ഒഴുകിവരുന്നു……!
അന്ധാളിപ്പോടെ വീണ്ടും സൂക്ഷിച്ചുനോക്കിയപ്പോഴാണ് അതൊരു തോണിയാണെന്നു മനസിലായത്……!
പാതിരാത്രിയിലെ അസമയത്ത് കൊടുംതണുപ്പിൽ ഈ കൊടുംകാട്ടിനു നടുവിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുന്നത് ആരായിരിക്കും……..!
വല്ല മണൽ ഊറ്റുന്നവരോ വനം കൊള്ളക്കാരോ ആയിരിക്കുമോ…..
ആലോചിച്ചുനിൽക്കെ തോണി വളരെ വേഗത്തിൽ ഞാൻ നിൽക്കുന്നതിനു നേരെയെത്തി……..!
ആരെങ്കിലുമാകട്ടെ ഈ കൊടുംകാട്ടിൽ നിന്നും എങ്ങനെയെങ്കിലും എത്രയും പെട്ടെന്നു രക്ഷപ്പെട്ടെ തീരൂ…..
അതുകൊണ്ടു പിന്നെ ഒട്ടും ആലോചിച്ചില്ല..
“”ഓയ്…..കൂ…….
ഓയ്…….കൂ…..’
കൂവലിന്റെ ശബ്ദം പുഴയും കടന്നുപോയി അടുത്ത മലയിൽ തട്ടി തിരിച്ചുവന്നതിന്റെ പ്രതിധ്വനി പിന്നെയും കുറേനേരം അന്തരീക്ഷത്തിലുണ്ടായിരുന്നു.
മൊബൈൽ ടോർച്ച് മിന്നിച്ചുകൊണ്ടു രണ്ടുമൂന്നു തവണ കൂവിയ ശേഷമാണ് ശബ്ദം തോണിക്കാരുടെ ശ്രദ്ധയിൽപെട്ടതും അവർ തോണിയുടെ വേഗം കുറച്ചതും……
“കൂയ്…….”
അവരും തിരിച്ചു പ്രതികരിച്ചശേഷം തോണി എന്റെമൊബൈൽ വെട്ടം ലക്ഷ്യമാക്കിന് തിരിച്ചു തുഴയുന്നതുകണ്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്…….!
ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ തുള്ളിച്ചാടണമെന്നു തോന്നിപ്പോയി.
പുഴയ്ക്ക് കുറുകെ ഒരു വാൾ വീശുന്നതുപോലെ വെള്ളത്തെ വകഞ്ഞുമാറ്റിക്കൊണ്ടു ചാട്ടുളിപോലെയാണ് തോണി അടുത്തേക്ക് വരുന്നത്.
വളരെ അടത്തെത്തിയപ്പോൾ് തോണിയിൽ രണ്ടുപേരുണ്ടെന്നും പിന്നിലിരുന്നു വള്ളം തുഴയുന്നത് ഈ മരംകോച്ചുന്ന തണുപ്പിൽപ്പോലും ഷർട്ട് ധരിക്കാത്ത പുരുഷനാണെന്നും മറ്റെയാൾ സാരിയുടുത്ത സ്ത്രീയാണെന്നും മനസിലായത്.
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ.