പേടികൊണ്ടു മരത്തിൽ നിന്നും അറിയാതെ ഊർന്നിറങ്ങിപ്പോയി…..!
ഈ കൊടും വനത്തിൽ ഒരു സ്ത്രീയോ….!
അതും ഈ പാതിരാത്രിയിൽ……!
മനസിൽ ഭയം വീണ്ടും ചിലന്തിവല നെയ്തുതുടങ്ങി.
വീണ്ടും കാതോർത്തപ്പോൾ ചിരിയല്ല പാദസരത്തിന്റെ കിലുക്കമാണോ എന്നൊരു സംശയം……!
ഭയന്നരണ്ടുകൊണ്ടു ഒരു അഭയത്തിനെന്നപോലെ മരത്തിനെ ചുറ്റിപ്പിടിച്ചു കുറേനേരം കാതോർത്തപ്പോഴാണ് അതൊരു അരുവിയുടെയോ പുഴയുടെയോ ശബ്ദമാണെന്നു തിരിച്ചറിയാൻ കഴിഞ്ഞത്.
തൊണ്ട വരണ്ടുപൊട്ടുന്നുണ്ട് ഇനിയേതായാലും ശബ്ദത്തിന്റെ പിന്നാലെപ്പോയി വെള്ളം കണ്ടെത്തിക്കുടിച്ചതിനു ശേഷമാകാം മരം കയറ്റവും വിശ്രമവും .
അങ്ങനെ തീരുമാനിച്ചുകൊണ്ടു ശബ്ദംകേൾക്കുന്ന സ്ഥലം ലക്ഷ്യമാക്കി മൊബൈൽ ടോർച്ചിന്റെ വെട്ടത്തിൽ മുന്നോട്ടുനീങ്ങി .
അധികം നടക്കേണ്ടിവന്നില്ല മുകളിൽ ആകാശത്തിന്റെ തിളക്കം കണ്ടപ്പോൾ തന്നെ
വനത്തിനു നടുവിലൂടെ ഒഴുകുന്ന അരുവിയുടെ സാന്നിദ്ധ്യം മനസിലായി…..
ദൂരെനിന്നും നോക്കിയപ്പോൾ ചെറിയൊരു അരുവിയാണെന്നാണ് തോന്നിയതെങ്കിലും അടുത്തെത്തിയപ്പോഴാണ് അതൊരു വീതിയുള്ള പുഴയാണെന്നു മനസിലായത്…..!
വനത്തിനു നടുവിലൂടെ ശാന്തതയോടെ കുണുങ്ങികുണുങ്ങി യൊഴുകുന്ന ഒരു സുന്ദരി പുഴ…..!
കണ്ണാടിപോലെ തെളിഞ്ഞ വെള്ളം…..!
അതിൽനോക്കി മുഖം മിനുക്കി കൊണ്ടിരിക്കുന്ന ആകാശത്തിലെ ഭൂമിയുടെ ജാരൻ……!
ഏതായിരിക്കും ഈ പുഴ…..
ഇതിന്റെ പേരെന്താണ്…..
എവിടെ നിന്നായിരിക്കും ഇതിന്റെ തുടക്കം….
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ.