Chamundi Puzhayile Yakshi Part 2 by Chathoth Pradeep Vengara Kannur
Previous Parts
ഒറ്റകൊമ്പൻ പതിയെ പതിയെ എന്റെ അടുത്തേക്ക് ചുവടുവയ്ക്കുകയാണ്…!
ചാടിയെഴുന്നേൽക്കുവാൻ നോക്കിയപ്പോൾ അതിനു വയ്യ ….!
“ഈശ്വരാ…. ഈ കൊടുംകാട്ടിൽ അവസാനിക്കുവാനാണോ എന്റെ വിധി….!
ഇവനിപ്പോൾ തുമ്പിക്കൈകൊണ്ടു തന്നെ ചുരുട്ടിയെടുത്തു കാലിനിടയിലിട്ടശേഷം തണ്ണിമത്തൻ ചവട്ടിപൊട്ടിക്കുന്നതുപോലെ പൊട്ടിക്കും….!
അതിന്റെ ബാക്കിയുള്ള ഭാഗം രാത്രിയിൽ തന്നെ കടുവയും പുലിയും കുറുനരിയും തിന്നുതീർക്കും…..!
അവൾക്കും മക്കൾക്കും കാണുവാൻ ഒരു എല്ലിന്റെ കഷണം പോലും ബാക്കിയുണ്ടാവില്ല….
എന്തൊരു വിധിയാണിത്…..!”
ഒറ്റകൊമ്പൻ തൊട്ടടുത്തെത്തി കോരിയെടുക്കുവാനായി തുമ്പിക്കൈ നീട്ടിയപ്പോഴാണ് എവിടെയോനിന്നു ശരീരത്തിലേക്കൊരു ഊർജ്ജപ്രവാഹമുണ്ടായത്….!
പിന്നെയൊന്നും ആലോചിച്ചില്ല ചാടിയെഴുന്നേറ്റു ഒരൊറ്റ ഓട്ടമായിരുന്നു……!
കൊലവിളി ചിന്നംവിളിയുമായി പിന്നാലെ ഒറ്റകൊമ്പനും…..!
പലസ്ഥലങ്ങളിലും വള്ളികളിൽ തട്ടിതടഞ്ഞു വീണെങ്കിലും കൊമ്പൻ അടുത്തെത്തുമ്പോഴേക്കും ഉരുണ്ടുപിരണ്ടെ ഴുന്നേറ്റു വീണ്ടും ഓടും…..!
പക്ഷെ ഓട്ടത്തിനിടയിൽ പലപ്പോഴും ഞാനോ ഒറ്റകൊമ്പനോ സ്ലോമോഷനിലായിപ്പോകുന്നുണ്ടോ എന്നൊരു സംശയം…..!
കുറെ ദൂരം ഓടിയശേഷം തിരിഞ്ഞുനോക്കിയപ്പോൾ അത്ഭുതം…!
പിറകിൽ ഒറ്റകൊമ്പനുമില്ല…..!
ഒറ്റകൊമ്പന്റെ പൂടയുമില്ല…..!
പക്ഷേ അപ്പോഴേക്കും ഞാൻ ഉൾഭാഗത്തുള്ള നിബിഡമായ വനത്തിലെത്തിയെന്നു മനസിലായി.
ചുറ്റും കൂറ്റാക്കൂറ്റിരുട്ട്……!
ഭയവിഹ്വലരായതുപോലെ പക്ഷികളുടെയും മൃഗങ്ങളുടെയും കൂട്ടകരച്ചിൽ തൊട്ടടുത്തെവിടെ നിന്നൊക്കെയോ കേൾക്കുന്നുണ്ടായിരുന്നു.
മരണത്തിന്റെ വരവറിയിക്കുന്നതുപോലെ എവിടെനിന്നോക്കയോ കാലങ്കോഴികൾ നീട്ടിക്കൂവി……!
അതിനെ ശരിവയ്ക്കുന്നതുപോലെ ഞാൻ നിൽക്കുന്ന മരത്തിനു നേരെ മുകളിൽ്നിന്നും മൂങ്ങയും ഇരുത്തിയൊന്നു മൂളി…….!
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ.